മട്ടണ്‍ കഴിക്കുന്ന ഗണപതി ഭഗവാനെ ചിത്രീകരിച്ച ഓസ്ട്രേലിയന്‍ പരസ്യചിത്രം നിരോധിക്കണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യം അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ തള്ളി

Last Updated : Sep 20, 2017, 12:59 PM IST
മട്ടണ്‍ കഴിക്കുന്ന ഗണപതി ഭഗവാനെ ചിത്രീകരിച്ച ഓസ്ട്രേലിയന്‍ പരസ്യചിത്രം നിരോധിക്കണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യം അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ തള്ളി

ഗണപതി ഭഗവാന്‍ മട്ടണ്‍ വിരുന്നില്‍ പങ്കെടുക്കുന്നതായി ചിത്രീകരിച്ച ടിവി പരസ്യം നിരോധിക്കണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യം ഓസ്ട്രേലിയയിലെ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോ തള്ളി.

ഓസ്ട്രേലിയയിലെ ഇറച്ചിവ്യാപാരികള്‍ക്കായി തയ്യാറാക്കിയ ടിവി പരസ്യമാണ് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

പരസ്യ ചിത്രത്തില്‍ യേശുക്രിസ്തു, പ്രവാചകന്‍, സിയൂസ് ദേവന്‍, ബുദ്ധന്‍, വീനസ്, ഗണപതി, മോസസ്, ഫറോവ തുടങ്ങി വിവിധ മതസ്ഥര്‍ തീന്മേശയില്‍ ഒരുമിക്കുകയാണ്. ചര്‍ച്ച്‌ ഓഫ് സൈന്റോളജി സ്ഥാപകന്‍ ഹൊബാര്‍ഡും സ്റ്റാര്‍വാര്‍ കഥാപാത്രങ്ങളും ചിത്രത്തില്‍ അണിചേരുന്നുണ്ട്.

Australian Lamb Ad- Gods Around The Table Socialising 2017 എന്ന പേരില്‍ മീറ്റ് ആന്‍ഡ് ലൈവ് സ്റ്റോക് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറാക്കിയ പരസ്യത്തില്‍ ഒരു കഥാപാത്രവും ഒറ്റയ്ക്കോ, കൂട്ടായോ മോശമായി ചിത്രീകരിക്കുന്നില്ലെന്ന് എസ്ബി ബോര്‍ഡ് വ്യക്തമാക്കി.

മതവൈവിധ്യമാണ് പരസ്യത്തില്‍ ആഘോഷിക്കുന്നതെന്നും, അത് പരസ്യ ചിത്രത്തിന്‍റെ പേരില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും ഇതില്‍ മുന്‍വിധിയോ, വിവേചനമോ, ഇല്ലെന്നും വിശദീകരണം നല്‍കി.

ഗോമാംസം കഴിക്കുന്നതില്‍ നിന്ന് പല ഹിന്ദുക്കളും വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ആട്ടിറച്ചി കഴിക്കുന്നതില്‍ അത്തരമൊരു തൊട്ടുകൂടായ്മ നിലവിലില്ല എന്ന അടിസ്ഥാനത്തിലാണ് പരസ്യം നിര്‍മ്മിച്ചിരിക്കുന്നതെന്നും അവര്‍ സൂചിപ്പിക്കുന്നു.

പരസ്യത്തിലൊരിടത്തും, ഗണപതി ആട്ടിറച്ചി കഴിക്കുന്നതായോ, മദ്യം കുടിക്കുന്നതായോ ചിത്രീകരിച്ചിട്ടില്ലെന്നും മീറ്റ് ആന്‍ഡ് ലൈവ് സ്റ്റോക് ഡിപ്പാര്‍ട്ട്മെന്റ് വിശദീകരിച്ചു.

ഇരുന്നൂറോളം പരാതികളാണ് ഓസ്ട്രേലിയന്‍ അഡ്വവര്‍ടൈസിങ് സ്റ്റാന്റേഡ്സ് ബ്യൂറോയ്ക്ക് ഇതിനകം ലഭിച്ചത്. ലക്ഷക്കണക്കിന് ഹൈന്ദവ വിശ്വാസികളാണ് ഇതിനെതിരെ രംഗത്ത് എത്തിയത്. ടോസ്റ്റു ചെയ്ത ആട്ടിറച്ചിയെ ഗണപതി വിശേഷിപ്പിക്കുന്നത് നമുക്കെല്ലാം പറ്റിയ ഇറച്ചി (The meat we can all eat) എന്നാണ്. 

പ്രവാചകനെ പരസ്യത്തില്‍ ചിത്രീകരിച്ചിട്ടില്ല. പക്ഷേ അദ്ദേഹം ആതിഥേയായ സ്ത്രീയെ മൊബൈലില്‍ വിളിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കുട്ടിയെ നോക്കാനുള്ളതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്നാണ് വിരുന്നിനിടെ ഫോണില്‍ വിളിച്ച്‌ അദ്ദേഹം അറിയിക്കുന്നത്. 

ഇന്ത്യയില്‍ ഒട്ടേറെ രാഷ്ട്രീയ-മത വിവാദങ്ങള്‍ക്ക് ഇത് കാരണമായേക്കാമെങ്കിലും ആക്ഷേപഹാസ്യ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട പരസ്യത്തില്‍ എതിര്‍ക്കപ്പെടേണ്ടതൊന്നുമില്ല എന്ന നിലപാടാണ് ഓസ്ട്രേലിയന്‍ മൃഗസംരക്ഷണ വകുപ്പിനുള്ളത്. 

സോഷ്യല്‍ മീഡിയകളിലും ഈ പരസ്യം വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. മതവികാരം വ്രണപ്പെടുന്ന ഒന്നും തന്നെയില്ല എന്നു പറയുന്ന നിരീശ്വരവാദികളും, പരസ്യം നിരോധിക്കണമെന്ന് കടുത്തഭാഷയില്‍ ആവശ്യപ്പെടുന്ന വിശ്വാസികളും ഇക്കൂട്ടത്തിലുണ്ട്<

>

Trending News