വഴി ചോദിച്ചതിന് കയ്യേറ്റവും അസഭ്യവര്‍ഷവും, വട്ടിയൂര്‍ക്കാവ് സംഭവത്തെപ്പറ്റി ശ്രീമയി പറയുന്നു

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തിന്‍റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ കയ്യേറ്റം ചെയ്ത സംഭവത്തെക്കുറിച്ച് ശ്രീമയി 'സീ ന്യൂസി'നോട്

Updated: Feb 8, 2018, 05:21 PM IST
വഴി ചോദിച്ചതിന് കയ്യേറ്റവും അസഭ്യവര്‍ഷവും, വട്ടിയൂര്‍ക്കാവ് സംഭവത്തെപ്പറ്റി ശ്രീമയി പറയുന്നു

സുഹൃത്തിന്‍റെ വീട്ടിലേക്കുള്ള വഴി ചോദിച്ച ട്രാന്‍സ്ജെന്‍ഡേഴ്സിനാണ് അക്രമം നേരിടേണ്ടി വന്നതെന്ന് സംഭവസ്ഥലത്തുണ്ടായ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശ്രീമയി. 

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തിന്‍റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ കയ്യേറ്റം ചെയ്ത സംഭവത്തെക്കുറിച്ച് ശ്രീമയി 'സീ ന്യൂസി'നോട് വിശദമാക്കി. 

ജി.വി രാജ സ്കൂളിന് അടുത്താണ് ശിവാങ്കി പുതിയ വീട് വാങ്ങിച്ചത്. ഇന്നലെയായിരുന്നു പാലു കാച്ചല്‍. ബാക്കി ചടങ്ങുകള്‍ ഇന്നാണ് തീരുമാനിച്ചത്. അതില്‍ പങ്കെടുക്കാനെത്തിയ കാർത്തിക, വിനീത, അളകനന്ദ എന്നിവര്‍ക്കാണ് മര്‍ദ്ദനം നേരിടേണ്ടി വന്നത്. 

ജി.വി രാജ സ്കൂളിനടുത്ത് എത്തിയപ്പോള്‍ വഴി കൃത്യമായി അറിയില്ല. അതുകൊണ്ട് അവര്‍ വഴിയില്‍ നിന്നിരുന്ന ഒരാളോട് വഴി ചോദിച്ചു. ചോദിച്ച പാടെ അയാള്‍ ഇവരുടെ വണ്ടിയുടെ താക്കോല്‍ വലിച്ചൂരി... ഹെല്‍മറ്റും വലിച്ചൂരി. 'നിങ്ങള്‍ പിള്ളേരെ പിടുത്തക്കാരല്ലേ... നിങ്ങള്‍ പെണ്‍വേഷം കെട്ടി നടക്കുന്ന ആണുങ്ങളല്ലേ' എന്ന് പറഞ്ഞ് തട്ടിക്കയറുകയും പിടിച്ചുവയ്ക്കുകയും ചെയ്തു. തങ്ങള്‍ സുഹൃത്തിന്‍റെ വീടിന്‍റെ പാലുകാച്ചലിന് എത്തിയതാണെന്ന് പറഞ്ഞിട്ടും അസഭ്യ വര്‍ഷം തുടര്‍ന്നു. ഇതിനിടെ വസ്ത്രങ്ങള്‍ വലിച്ചൂരാനും ഇയാള്‍ ശ്രമിച്ചു. കയ്യേറ്റം നടത്തിയ വ്യക്തി പുഷ്പരാജാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കയ്യേറ്റം നടത്തുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നെന്നും ശ്രീമയി പറഞ്ഞു. 


പുഷ്പരാജ്

ഇതിനിടെ ശിവാങ്കിയേയും സുഹൃത്തുക്കളെയും ഇവര്‍ ഫോണില്‍ ബന്ധപ്പെട്ട് കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം കൂടിയായ സൂര്യയും സുഹൃത്തുക്കളും സംഭവ സ്ഥലത്തെത്തി. ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കള്‍ ഗൃഹപ്രവേശ ചടങ്ങിന് എത്തിയതാണെന്നും താന്‍ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമാണെന്നും സൂര്യ നാട്ടുകാരോട് വ്യക്തമാക്കി. എന്നാല്‍, കേട്ടാലറക്കുന്ന തെറിവിളികളാണ് പിന്നീട് നടന്നത്. സൂര്യയുടെ വസ്ത്രത്തില്‍ കയറിപ്പിടിച്ച് കയ്യേറ്റം നടത്താനും പുഷ്പരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചു. 

സംസ്ഥാനത്ത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്ന് ശ്രീമയി ആവശ്യപ്പെട്ടു. ഇതുപോലുള്ള സദാചാര പൊലീസിംഗ് ഇവിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെയും ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരെയും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അതൊരു ട്രെന്‍ഡായി മാറിയിരിക്കുന്നു. എവിടെ വച്ച് കണ്ടാലും ആക്രമിക്കുന്ന തരത്തിലേക്ക് അത് വളര്‍ന്നിരിക്കുന്നു. ഇത് അവസാനിപ്പിച്ചേ മതിയാകൂ. ഇത് ചെയ്യുന്ന ആളുകളെ നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരണം, ശ്രീമയി പറഞ്ഞു.  

ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അരുവിക്കര പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രണ്ട് പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ശ്രീമയി വ്യക്തമാക്കി.