അത്തം പിറന്നു;മലയാളികള്‍ കാത്തിരുന്ന തിരുവോണത്തിന് ഇനി പത്തുദിവസം

ഇന്ന് അത്തം.  കേരളീയര്‍ കാത്തിരുന്ന തിരുവോണത്തിന് ഇനി പത്തുദിവസം.  

Ajitha Kumari | Updated: Nov 13, 2017, 03:06 PM IST
അത്തം പിറന്നു;മലയാളികള്‍ കാത്തിരുന്ന തിരുവോണത്തിന് ഇനി പത്തുദിവസം

ഇന്ന് അത്തം.  കേരളീയര്‍ കാത്തിരുന്ന തിരുവോണത്തിന് ഇനി പത്തുദിവസം.  'അത്തം പത്തിന് തിരുവോണം' എന്നാണ് ചൊല്ല്‌.  എന്നാല്‍ ഇത്തവണ പതിനൊന്നാം നാളാണ് തിരുവോണം വരുന്നത്. പൂരാടം നക്ഷത്രം രണ്ട് ദിവസം വരൂന്നത് കൊണ്ടാണ് അങ്ങനെ. സെപ്തംബര്‍ ഒന്നും രണ്ടിനും പൂരാടമാണ്. മലയാളികള്‍ക്ക് ഇനി ഓണത്തിരക്ക്.  മലയാളത്തിന്‍റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേകിയാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്. ജാതിഭേദമന്യേ കേരളത്തില്‍ എല്ലാവരും ആഘോഷിക്കുന്ന ഒരേയൊരു ആഘോഷം ഓണമാണെന്ന് തന്നെ പറയാം. തിരുവോണദിവസം മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌.

ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്.  തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്.  തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം. മുറ്റത്ത്‌ അത്തം ഇടാന്‍ സ്ഥലമൊരുക്കി അതിനുശേഷം ചാണകം മെഴുകിയിട്ടാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്‍റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിനാണു പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.  എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്തു ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പൂവിനുപകരം കല്ലുപ്പില്‍ പലനിറങ്ങള്‍ കൊടുത്തും അത്തം ഒരുക്കാറുണ്ട്. 

തൃപ്പൂണിത്തുറയില്‍ അത്തച്ചമയഘോഷയാത്ര ഇന്ന് രാവിലെ 9-ന് തുടങ്ങും ഉച്ചയ്ക്ക് രണ്ടുമണിവരെ നീളും ആഘോഷങ്ങള്‍.  ചി‌ങ്ങമാസത്തിലെ അത്തം നാളില്‍ ഓണകാഴ്ചകൾ കാണാൻ യാത്ര ചെയ്യേണ്ടത് എറണാകുളത്തെ തൃപ്പൂണ്ണിത്തുറ‌യിലാണ്. തൃപ്പൂണ്ണിത്തുറയിലെ അത്തച്ച‌മയ കാഴ്ചകള്‍ സഞ്ചാ‌രികള്‍ക്ക് എന്നും പുത്തൻ അനുഭവമാണ്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close