ആധാറിന് നന്ദി! ഭഗവാന്‍ ഹനുമാനും പാക് ചാരനും ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്ഷനും

ഭഗവാന്‍ ഹനുമാനും ഇന്ത്യയില്‍ പിടിയിലായ പാക് ചാരനും ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്ഷനും ഉള്ളതായി റിപ്പോര്‍ട്ട്. ഇതെന്തു കഥ എന്ന് അന്വേഷിച്ച് ചെന്നാല്‍ തെരച്ചില്‍ അവസാനിക്കുന്നത് ഇരുവരുടെയും പേരിലുള്ള ആധാര്‍ നമ്പറിലാണ്. 

Last Updated : Jan 15, 2018, 06:23 PM IST
ആധാറിന് നന്ദി! ഭഗവാന്‍ ഹനുമാനും പാക് ചാരനും ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്ഷനും

ന്യൂഡല്‍ഹി: ഭഗവാന്‍ ഹനുമാനും ഇന്ത്യയില്‍ പിടിയിലായ പാക് ചാരനും ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്ഷനും ഉള്ളതായി റിപ്പോര്‍ട്ട്. ഇതെന്തു കഥ എന്ന് അന്വേഷിച്ച് ചെന്നാല്‍ തെരച്ചില്‍ അവസാനിക്കുന്നത് ഇരുവരുടെയും പേരിലുള്ള ആധാര്‍ നമ്പറിലാണ്. 

2014ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭഗവാന്‍ ഹനുമാന്‍റെ പേരിലുള്ള ആധാര്‍ കാര്‍ഡും 2016ല്‍ പിടിയിലായ പാക് ചാരനില്‍ നിന്ന് കണ്ടെടുത്ത ആധാര്‍ കാര്‍ഡുമാണ് വീണ്ടും വാര്‍ത്തയാകുന്നത്. ഈ രണ്ട് നമ്പറുകളില്‍ ബന്ധിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്ഷനും ഇപ്പോഴും സജീവമാണെന്ന് 'ദി വയര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

2014ലാണ് ഭഗവാന്‍ ഹനുമാന്‍റെ പേരില്‍ ആധാര്‍ കാര്‍ഡുള്ളതായുള്ള റിപ്പോര്‍ട്ട് വന്നത്. ഇതിനെ തുടര്‍ന്ന് പ്രസ്തുത ആധാര്‍ കാര്‍ഡ് റദ്ദാക്കിയെന്ന് ആധാര്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈയടുത്ത് നടത്തിയ അന്വേഷണത്തില്‍ ഭഗവാന്‍ ഹനുമാന്‍റേതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആധാര്‍ നമ്പറില്‍ ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്ഷനും ലിങ്ക് ചെയ്യപ്പെട്ടതായി കണ്ടെത്തി. ബാങ്കിന്‍റെയും ഗ്യാസ് കമ്പനിയുടെയും വെബ്സൈറ്റില്‍ ഈ വിവരം ഉണ്ട്. 

2016 ഒക്ടോബറില്‍ ഡല്‍ഹി പൊലീസ് പിടി കൂടിയ പാക് ചാരന്‍ മെഹമ്മൂദ് അക്തറില്‍  നിന്ന് ആധാര്‍ കാര്‍ഡ് കണ്ടെടുത്തിരുന്നു. മെഹ്ബൂബ് രജ്പൂത് എന്ന പേരിലാണ് ഇയാള്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയിരുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡിന്‍റെ ചിത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡിലെ നമ്പര്‍ നിലവിലുണ്ടോ എന്ന് ആധാര്‍ വെബ്സൈറ്റില്‍ ഡിസംബറില്‍ പരിശോധിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു വെബ്സൈറ്റ് നല്‍കിയ വിവരം. ഇക്കാര്യം ആധാര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയതിന് ശേഷം ആധാര്‍ വെബ്സൈറ്റില്‍ നിന്ന് പ്രസ്തുത വിവരം മാറ്റപ്പെട്ടു. എന്നാല്‍ ഇതേ നമ്പറില്‍ ഇപ്പോഴും ബാങ്ക് അക്കൗണ്ടും ഗ്യാസ് കണക്ഷനും നിലവിലുണ്ടെന്നും ഇവ രണ്ടും സജീവമാണെന്നും ബാങ്കിന്‍റെയും ഗ്യാസ് കമ്പനിയുടെയും വെബ്സൈറ്റ് പറയുന്നു. 

ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇത്. ഈ രണ്ട് കേസുകളിലും ആധാര്‍ നമ്പറുകള്‍ റദ്ദാക്കിയെന്നായിരുന്നു ആധാര്‍ അതോറിറ്റിയുടെ നിലപാട്. എന്നാല്‍ ഡിസംബറില്‍ 'ദി വയര്‍' ഇക്കാര്യം ആധാര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് വരെ യഥാര്‍ത്ഥത്തില്‍ റദ്ദാക്കല്‍ നടപടി നടന്നിരുന്നോ എന്ന കാര്യം സംശയത്തിലാണ്. ഡിസംബറില്‍ റദ്ദാക്കല്‍ യഥാര്‍ത്ഥത്തില്‍ നടന്നിരുന്നെങ്കില്‍ ജനുവരിയില്‍ ബാങ്കിന്‍റെയും ഗ്യാസ് കമ്പനിയുടെയും വെബ്സൈറ്റുകളില്‍ ഈ ആധാര്‍ നമ്പറുകളില്‍ ബന്ധപ്പിച്ച സേവനങ്ങള്‍ സജീവമാണെന്ന് കാണിക്കുന്നത് എങ്ങനെയെന്നും സംശയമുയരുന്നു. 

ബിനാമി ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനാണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതെന്നാണ് ആധാര്‍ അതോറിറ്റിയും സര്‍ക്കാറും പറയുന്നത്. എന്നാല്‍ ഈ ലക്ഷ്യം നിറവേറുന്നില്ലെന്ന് ഇത്തരം കേസുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

Trending News