'അമ്മ' ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം

  

Updated: Dec 5, 2017, 12:12 PM IST
'അമ്മ' ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മരിച്ചിട്ട് ഇന്ന് ഒരാണ്ട്. പുരട്ച്ചി തലൈവിയുടെ വിയോഗം തമിഴ്‌നാട്ടില്‍ വലിയ ശൂന്യതയായിരുന്നു സൃഷ്ടിച്ചത്.  2016 ഡിസംബർ 5 തമിഴ് ജനതയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ദിനമായി മാറി. ജയലളിതയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളാണു നടക്കുന്നത്. ചെന്നൈ മറൈന്‍ ഡ്രൈവിലെ സ്മാരകത്തില്‍ പ്രാര്‍ഥനകള്‍ നടക്കും. അമ്മയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ നിരവധി ആളുകളാണ് മറീന കടല്‍ക്കരയിലെ ജയലളിതയുടെ ശവകുടീരത്തിനു മുന്നില്‍ എത്തിയിരിക്കുന്നത്. 

 

1948 ഫെബ്രുവരി 24നാണ് ഒരു സാധാരണ തമിഴ് അയ്യങ്കാര്‍ ബ്രാഹ്മണ കുടുംബത്തില്‍ ജയരാമന്‍റെയും സന്ധ്യയെന്ന വേദവല്ലിയുടെയും മകളായി ഇപ്പോള്‍ കര്‍ണാടകയിലുളള അന്നത്തെ മൈസൂര്‍ സംസ്ഥാനത്തെ മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ മെലൂക്കോട്ടില്‍ ആയിരുന്നു ജയലളിത ജനിച്ചത്. പിറന്നുവീണ കുഞ്ഞിന് ദമ്പതികള്‍ മുത്തശ്ശി കോമളവല്ലിയുടെ പേരാണ് നല്‍കിയത്. ബ്രാഹ്മണരുടെ ആചാരപ്രകാരം രണ്ട് പേരുകള്‍ നല്‍കേണ്ടതുണ്ട്. ഒന്ന് മുത്തശ്ശിയുടെയും രണ്ടാമത് വേറൊരുപേരും. അങ്ങനെയാണ് 'ജയലളിത' എന്ന പേര് അവര്‍ക്ക് ലഭിക്കുന്നത് അതും ഒരു വയസുളളപ്പോഴ്. സ്‌കൂളില്‍ ചേര്‍ക്കുന്നതിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമാണ് ഈ പേര് നല്‍കപ്പെട്ടത്. മൈസൂറില്‍ താമസിച്ചിരുന്ന രണ്ട് വീടുകളുടെ പേരില്‍ നിന്നാണ് ഈ പേര് അച്ഛനമ്മമാര്‍ തെരഞ്ഞെടുത്തത്. ആദ്യം താമസിച്ച വീടിന്‍റെ പേര് ജയവിലാസം എന്നും രണ്ടാമത് താമസിച്ച വീടിന്‍റെ പേര് ലളിതാ വിലാസവുമെന്നായിരുന്നു. കുഞ്ഞു ജയയെ എല്ലാവരും വാത്സല്യത്തോടെ അമ്മു എന്നാണ് വിളിച്ചിരുന്നത്. ജയകുമാര്‍ എന്ന് പേരുളള സഹോദരന്‍ കൂടി ജയക്കുണ്ടായിരുന്നു. ജയയ്ക്ക് വെറും രണ്ട് വയസുളളപ്പോള്‍ അച്ഛന്‍ മരിച്ചു. ഇതാണ് ജയലളിതയുടെ ജീവിതത്തില്‍ വഴിത്തിരിവായ സംഭവം. അമ്മ ജോലിതേടി ചെന്നൈയിലേക്ക് മക്കളുമായി എത്തി. അമ്മയുടെ സഹോദരി അംബുജവല്ലി ചെന്നൈയില്‍ എയര്‍ഹോസ്റ്റസായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ നാടകങ്ങളിലും ചില സിനിമകളിലും അഭിനയിച്ചിരുന്നു. ചെന്നൈയില്‍ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും വശമുണ്ടായിരുന്ന വേദവല്ലിക്ക് ചെറിയൊരു വാണിജ്യസ്ഥാപനത്തില്‍ ജോലി ലഭിച്ചു. ഇതിനിടെ സഹോദരിയുടെ സഹായത്താല്‍ സിനിമകളില്‍ ഡബ്ബ് ചെയ്യാനും അഭിനയിക്കാനും തുടങ്ങി. ഈ പാതയിലൂടെ ജയയും സിനിമയിലെത്തി. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ചെന്നൈയില്‍ എത്തിയ ജയലളിതയുടെ ലക്ഷ്യം സിനിമയായിരുന്നു. ഇംഗ്ലീഷ് സിനിമയായിരുന്നു അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിലെ സ്ഥിരം നായികമായി മാറി. എണ്‍പതുകളില്‍ തിളങ്ങി നിന്ന നടിയായിരുന്നു ജയലളിത. എംജി രാമചന്ദ്രനോടൊപ്പം അഭിനയിക്കാന്‍ തുടങ്ങിയതാണ് ജയലളിതയുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്. 

 

എംജിആറുമായി സൗഹൃദം സ്ഥാപിച്ചതിലൂടെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ 1980-ല്‍ അംഗമായി. പിന്നീടുള്ള ജയലളിത എന്ന സിനിമാ താരം 'പുരട്ചി തലൈവി' എന്ന വിശേഷണത്തിലേക്ക് വളര്‍ന്നതിനു പിന്നില്‍ സിനിമാ കഥയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളാണ് ഉള്ളത്. പാര്‍ട്ടിക്കുള്ളില്‍ നെറ്റിചുളിച്ചു നിന്ന പല മുതിര്‍ന്നവരെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം ചുമതല ജയലളിത നേടിയെടുത്തു. 

പക്ഷേ ജയളിതയ്‌ക്കെതിരേ പാര്‍ട്ടിയില്‍ പാളയത്തില്‍ പട തുടങ്ങിയിരുന്നു. 1987ല്‍ എംജിആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ വിധവ ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കാന്‍ എതിര്‍വിഭാഗത്തിന് കഴിഞ്ഞു. ജയലളിതയെ എംജിആറിന്‍റെ ശവഘോഷയാത്രയില്‍ നിന്ന് തളളിപ്പുറത്താക്കാന്‍ പോലും ശ്രമം നടന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുകയായിരുന്നു ഫലം. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു. അവിടെനിന്നാണ് സിനിമയെ വെല്ലുന്ന തിരക്കഥ പോലെ ജയലളിത അധികാരത്തിലേക്ക് പടികള്‍ ചവിട്ടിയത്. ഡിഎംകെയുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്‍റെ മേധാശക്തിയ്ക്ക് കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയ തന്‍റെ നിലയുറപ്പിക്കുകയായിരുന്നു. 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി. 

അഴിമതിയുടെയും സ്വജന പക്ഷപാതിത്വത്തിന്‍റെയും നിരവധി കഥകളാണ് പിന്നീട് പുറത്തുവന്നത്. 1996ലെ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. എഐഡിഎംകെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡിഎംകെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയ അറസ്‌റ് ചെയ്യപ്പെട്ടു. ജയയ്‌ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു. ഡിഎംകെ കാണിച്ച പ്രവൃത്തിക്ക് അടുത്ത തവണ അധികാരത്തിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്‌റ് ചെയ്ത് തന്‍റെ രാഷ്ട്രീയപക തീര്‍ക്കുകയായിരുന്നു ജയ ചെയ്തത്. അഴിമതി മൂലം മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലുമാസം ഇവര്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടര്‍ന്നു. മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രീംകോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നുതന്നെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു. അതിനുശേഷം ഡമ്മി മുഖ്യമന്ത്രിയായി പനീര്‍ശെല്‍വത്തിനേ അവരോധിച്ച് അണിയറയ്ക്ക് പിന്നില്‍ നിന്ന് ജയ തമിഴകം നിയന്ത്രിച്ചു. സിനിമാക്കഥ പോലെ ഒരുപാട് സസ്‌പെന്‍സുകള്‍ നിറഞ്ഞതാണ് ജയലളിതയുടെ രാഷ്ട്രീയ ജീവിതം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ അതുവരെ തമിഴ്‌നാടിന്‍റെ നായിക ആയിരുന്ന ജയലളിതയ്ക്ക് വില്ലന്‍ പരിവേഷം കൈവന്നു. അഴിമതി കേസില്‍ കോടതി ശിക്ഷിക്കപ്പെട്ട രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്  ജയലളിത. 

സെപ്റ്റംബര്‍ 22നു കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ്, 2016 ഡിസംബര്‍ അഞ്ചിനു രാത്രി പതിനൊന്നരയോടെ 

ജയലളിത നമ്മളെയൊക്കെ വിട്ടുപിരിഞ്ഞത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. ജയലളിതയുടെ വിയോഗത്തിനു ശേഷം എ.ഐ.എ.ഡി.എം.കെ എന്ന പ്രസ്ഥാനവും സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെയാണ് കടന്നുപോയത്. അണ്ണാ ഡി.എം.കെയെയും സര്‍ക്കാരിനെയും ഏകാധിപത്യ സ്വഭാവത്തോടെ തിരുവായ്ക്ക് എതിര്‍വായില്ലാതെ നയിച്ച ഭരണാധികാരിയുടെ മരണശേഷം പാര്‍ട്ടിയില്‍ ചേരിതിരിവുകളും പൊട്ടിത്തെറികളും ഉണ്ടായി. ജയലളിതയുടെ തോഴിയും മനസാക്ഷി സൂക്ഷിപ്പുകാരിയുമായിരുന്ന ശശികല ആദ്യം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. മുഖ്യമന്ത്രിയാകാനുള്ള കരുക്കള്‍ നീക്കുന്നതിനിടെയാണ് കോടതിവിധി ശശികലയുടെ മേല്‍ പതിച്ചത്. ശശികല ജയിലിലെത്തിയതോടെ ശത്രുക്കളായിരുന്ന പനീര്‍സെല്‍വവും പളനിസാമിയും ഒന്നിച്ചു. ഒരു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന പക്ഷം പിടിക്കലുകളിലും കുതിരക്കച്ചവടത്തിലും തമിഴ്‌നാട്ടിലെ ജനങ്ങള്‍ എത്രത്തോളം മനംമടുത്തിട്ടുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭരണപരമായി വീഴ്ചകള്‍ ഏറെയുണ്ടായിട്ടുണ്ട് ജയലളിതയില്ലാത്ത തമിഴ്‌നാടിന്. ആ വിടപറയൽ സൃഷ്ടിച്ച ശൂന്യതിൽ നിന്നും ഇനിയും മുക്തമാവാൻ തമിഴ് ജനതയ്ക്ക് കഴിഞ്ഞിട്ടില്ല.