അന്തസ്സോടെ മരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്; അതനുവദിക്കപ്പെടണം

കാലങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി. മെഡിക്കൽ ബോർ‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ഇത് അനുവദിക്കാവൂ എന്നും വിധിയില്‍ പറയുന്നുണ്ട്. ആയുസ് നീട്ടുന്നതിനുള്ള മരുന്നും ഉപകരങ്ങളും വേണ്ടെന്ന്‍ വയ്ക്കുകയും എന്നാൽ മരുന്നു കുത്തിവച്ച് പെട്ടെന്നു മരിക്കാൻ അനുവാദം നൽകരുതെന്നും വിധിയിൽ പറയുന്നു.

Arun Aravind | Updated: Mar 9, 2018, 02:24 PM IST
അന്തസ്സോടെ മരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്; അതനുവദിക്കപ്പെടണം

കാലങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി. മെഡിക്കൽ ബോർ‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ഇത് അനുവദിക്കാവൂ എന്നും വിധിയില്‍ പറയുന്നുണ്ട്. ആയുസ് നീട്ടുന്നതിനുള്ള മരുന്നും ഉപകരങ്ങളും വേണ്ടെന്ന്‍ വയ്ക്കുകയും എന്നാൽ മരുന്നു കുത്തിവച്ച് പെട്ടെന്നു മരിക്കാൻ അനുവാദം നൽകരുതെന്നും വിധിയിൽ പറയുന്നു.

തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള ജീവന്‍ വെന്റിലേറ്ററിന്‍റെ സഹായത്തോടെ നിലനിര്‍ത്തണോ അതോ രോഗിയുടെ ആഗ്രഹ പ്രകാരം മരണത്തിന് വിട്ടുകൊടുക്കണോ എന്ന കോടതിയുടെ ചോദ്യത്തിനുള്ള മറുപടി വ്യക്തമാക്കി ഇന്ത്യയില്‍ ദയാവധത്തിന് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് മാരകരോഗം പിടിപെട്ട് ആരോഗ്യ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരാളെ വെന്റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

പിന്നില്‍ കോമണ്‍ കോസ്

2002ല്‍ ലോക്‌സഭയില്‍ വന്ന സ്വകാര്യ ബില്ലിനെത്തുടര്‍ന്നാണ് ദയാവധം സജീവ ചര്‍ച്ചയായത്. 2006ല്‍ ദയാവധം നിയമമാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന നിയമ കമ്മിഷന്‍റെ റിപ്പോര്‍ട്ടുകള്‍ വിഷയം വീണ്ടും സജീവമാക്കി. എന്നാല്‍ വൈദ്യരംഗത്തെ ധാര്‍മികതയ്ക്ക് എതിരാണെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങള്‍ക്കായി ഇത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും അഭിപ്രായമുയര്‍ന്നു.

തുടര്‍ന്ന് ദയാവധത്തിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമ കമ്മിഷനെ ചുമതലയേല്‍പ്പിച്ചു. രണ്ടുവര്‍ഷത്തെ പഠനത്തിനൊടുവില്‍ കമ്മിഷന്‍ സര്‍ക്കാരിന് വിശദ റിപ്പോര്‍ട്ട് നല്‍കി. ദയാവധം നിയമമാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാരിതര സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു സത്യവാങ്മൂലം.

ആശയത്തിനെതിരെ എതിര്‍പ്പുകള്‍

ദയാവധം എന്ന ആശയത്തിനെതിരെ ശക്തമായ എതിര്‍പ്പുകളാണ് ആദ്യം മുതല്‍ക്കേ ഉയര്‍ന്നിരുന്നത്. സ്വാഭാവികമായും മതവിഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ ഉണ്ടായതും. ദൈവം തന്ന ജീവന്‍ തിരിച്ചെടുക്കാന്‍ മനുഷ്യനവകാശമില്ല എന്നതായിരുന്നു എതിര്‍പ്പിന്‍റെ അടിസ്ഥാനം. 

ഒരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകരും ദയാവധത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദയാവധത്തിനായുള്ള നിയമ നിര്‍മാണത്തില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും, അതിന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു.

അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഏറെക്കുറെ ശരിവെയ്ക്കുന്നുണ്ടെങ്കിലും അവശനാകുന്ന അവസ്ഥയില്‍ മരിക്കാനുള്ള മനുഷ്യാവകാശം മറ്റൊന്നാണ് എന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

അരുണയ്ക്ക് ലഭിക്കാതെ പോയത്

നാല്‍പത്തിരണ്ട് വര്‍ഷക്കാലത്തോളം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നഴ്‌സ് അരുണാ ഷാന്‍ബാഗിന് ദയാവധം നല്‍കണമെന്ന് ആവശ്യപ്പെട്ട് പിങ്കി വിരാനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. എന്നാല്‍ സ്വാഭാവിക മരണം വരെയും ജീവച്ഛവമായി കിടക്കുമെന്ന് ഉറപ്പുള്ള രോഗികളുടെ ജീവന്‍രക്ഷാ ഉപകരണം നീക്കിക്കൊണ്ട് പരോക്ഷ ദയാവധം അനുവദിക്കാമെന്ന്‍ അരുണാ ഷാന്‍ബാഗ് കേസില്‍ സുപ്രീം കോടതി വിധിച്ചു. 

പക്ഷെ രോഗിയുടെ അടുത്ത ബന്ധുവോ ഉറ്റ സുഹൃത്തോ ചികിത്സിക്കുന്ന ഡോക്ടറോ ആശുപത്രി ജീവനക്കാരോ നല്‍കുന്ന അപേക്ഷയില്‍ ഹൈക്കോടതിയുടെ അനുമതിയോടെയാകണം അതു നടപ്പാക്കേണ്ടത്. എന്നാല്‍ അരുണയെ പൊന്നുപോലെ നോക്കിയ സഹപ്രവര്‍ത്തകര്‍ അതിന് തയ്യാറായിരുന്നില്ല.

ദുരുപയോഗം ചെയ്യപ്പെടരുത്

ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നതാണ് ദയാവധത്തിനെതിരായ പ്രധാന വിമര്‍ശനം. എന്നാല്‍ മരണം പോലും രോഗിയോടുള്ള കരുണയാകാവുന്ന സാഹചര്യങ്ങളില്‍ കര്‍ശനമായ ഉപാധികളോടെ മരണം നല്‍കുകയാണ് വേണ്ടത്. 

അതേസമയം ലോകമെമ്പാടും മരണം കാത്തുകിടക്കുന്ന അനേകലക്ഷങ്ങള്‍ക്ക് ആശ്വാസകരമാകുന്ന രീതിയില്‍ അതു വളര്‍ന്നിട്ടില്ല എന്നതാണ് സത്യം. ഇക്കാര്യത്തെ ഗൗരവത്തോടെ സമീപിക്കാന്‍ നമ്മുടെ ഭരണകൂടവും വൈദ്യശാസ്ത്രരംഗവും തയ്യാറായിട്ടില്ല. 

ഒരാള്‍ അനിവാര്യമായ മരണത്തെക്കാത്ത് കിടക്കുന്നത് അയാളുടേയോ കുടുംബത്തിന്റേയോ മാത്രമല്ല സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും വിഷയം കൂടിയാവണം. എങ്കില്‍ മാത്രമേ ദയാവധത്തെ എതിര്‍ക്കുന്നതില്‍ പോലും അര്‍ത്ഥമുള്ളു. അല്ലാത്തപക്ഷം അന്തസ്സോടെ മരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. അതനുവദിക്കപ്പെടണം.