ഹിമാലയന്‍ ആടുകളുടെ കണ്ണുകളില്‍ വൈറസ് ബാധ; ആശങ്കയൊഴിയാതെ ഗംഗോത്രി ദേശീയ ഉദ്യാനം

ഗംഗോത്രി ദേശീയ ഉദ്യാനത്തില്‍ ആടുകളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്.

Last Updated : May 16, 2018, 03:37 PM IST
ഹിമാലയന്‍ ആടുകളുടെ കണ്ണുകളില്‍ വൈറസ് ബാധ; ആശങ്കയൊഴിയാതെ ഗംഗോത്രി ദേശീയ ഉദ്യാനം

ന്യൂഡല്‍ഹി: ഹിമാലയന്‍ ആടുകളുടെ കണ്ണുകളിലെ വൈറസ് ബാധയില്‍ കുഴങ്ങി ഗംഗോത്രി ദേശീയ ഉദ്യാനം. ഭാരല്‍ എന്നറിയപ്പെടുന്ന ഹിമാലയന്‍ ബ്ലൂ ആടുകളുടെ കണ്ണുകളിലാണ് വൈറസ് ബാധ. നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയി്ട്ടും അത് ഫലപ്രദമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഭാരലുകളിലെ വൈറസ് ബാധ സംബന്ധിച്ച് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ദേശീയ ഹരിത ട്രിബ്യൂണലിന് സത്യവാങ്മൂലം സമര്‍പ്പിച്ചു. അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ ഹരതി ട്രിബ്യൂണല്‍ വ്യക്തമാക്കി. 

പാരിസ്ഥിതികമായി സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ഇടമാണ് ഗംഗോത്രി ദേശീയ ഉദ്യാനം. പ്രതിദിനം 150ല്‍ കൂടുതല്‍ യാത്രികരെ ഉദ്യാനത്തിലേക്ക് പ്രവേശിപ്പിക്കാറില്ല. ആടുകളിലെ വൈറസ് ബാധയെത്തുടര്‍ന്ന് ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്ന യാത്രികരെ അണുവിമുക്തമാക്കിയതിന് ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്. എന്നിട്ടും വൈറസ് ബാധയില്‍ കുറവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗംഗോത്രി ദേശീയ ഉദ്യാനത്തില്‍ ആടുകളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. യാത്രികനായ ലവ് രാജ് സിംഗ് ധര്‍മശക്തുവാണ് ഇക്കാര്യം അധികൃതരെ അറിയച്ചത്. ഒന്‍പതോളം ഭാരലുകളുടെ ചിത്രവും ഇദ്ദേഹം ഉദ്യാന അധികൃതര്‍ക്ക് കൈമാറി. എന്നാല്‍, വൈറസ് ബാധയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉദ്യാന അധികൃതര്‍ ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നീട് ഹരിത ട്രൈബ്യൂണല്‍ വഴിയുള്ള ഇടപെടലിലൂടെയാണ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് തുടങ്ങിയത്. 

നിലവില്‍ വൈറസ് ബാധയുള്ള മൃഗങ്ങളെ കണ്ടെത്തി അവരെ മാറ്റിപാര്‍പ്പിച്ച് മരുന്ന് നല്‍കുന്ന രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍ ഇതും ഫലപ്രദമായിട്ടില്ലെന്നാണ് വൈറസ് ബാധ മാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണ്ണിലെ വൈറസ് ബാധ ആടുകളുടെ കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതു മൂലം പുല്‍മേടുകളില്‍ മേയാന്‍ പോകുന്നതിനും ആടുകള്‍ക്ക് കഴിയുന്നില്ല. 

Trending News