ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന വേദികള്‍; ചിത്രങ്ങള്‍ കാണാം

ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന് ഇനി രണ്ടു നാള്‍. ഇന്ത്യയില്‍ ക്രിക്കറ്റിന് മാത്രമല്ല ആരാധകരുള്ളത് എന്ന്‍ ഐ.എസ്.എലിന്‍റെ ആദ്യ സീസണില്‍ നിന്ന് തന്നെ വ്യക്തമായി.

Updated: Nov 13, 2017, 03:10 PM IST
ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന വേദികള്‍; ചിത്രങ്ങള്‍ കാണാം

ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന് ഇനി രണ്ടു നാള്‍. ഇന്ത്യയില്‍ ക്രിക്കറ്റിന് മാത്രമല്ല ആരാധകരുള്ളത് എന്ന്‍ ഐ.എസ്.എലിന്‍റെ ആദ്യ സീസണില്‍ നിന്ന് തന്നെ വ്യക്തമായി.

ഫിഫയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്‍റ് എന്ന പ്രത്യേകതയുള്ള ഈ ലോകകപ്പിനെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്ന കാര്യത്തില്‍ ഇതുവരെയുള്ള ടിക്കറ്റ് വില്‍പ്പനയില്‍ നിന്നു തന്നെ വ്യക്തമാണ്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ചരിത്രം തന്നെ മാറിമറയാന്‍ പോകുന്ന ഈ സുവര്‍ണ്ണ അവസരത്തില്‍ മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ ഏതൊക്കെയെന്ന്‍ അറിയാം.

* വിവേകാനന്ദ യുഭ ഭാരതി ക്രിറംഗൻ സ്റ്റേഡിയം/സാള്‍ട്ട് ലേക് സ്റ്റേഡിയം


വിവേകാനന്ദ യുഭ ഭാരതി ക്രിറംഗൻ സ്റ്റേഡിയം/സാള്‍ട്ട് ലേക് സ്റ്റേഡിയം, കടപ്പാട്: Facebook/@fifau17worldcup

പശ്ചിമബംഗാളിലെ ബിഡ്ഹാനഗറിൽ 1984-ല്‍ നിര്‍മ്മിച്ച ഈ സ്റ്റേഡിയത്തില്‍ ഒരേസമയം 66,687 പേര്‍ക്കിരുന്നു മത്സരം കാണാം. ഒരുലക്ഷത്തിലേറെ കാണികളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്റ്റേഡിയമാണിത്. ഫിഫയുടെ കണക്ക് അനുസരിച്ചു സ്റ്റേഡിയത്തിന്‍റെ ശേഷി 67000മാണ്. ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരവും ഗ്രൂപ്പ് എഫ്, ക്വാര്‍ട്ടര്‍ഫൈനല്‍, റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ക്കും സാള്‍ട്ട് ലേക് വേദിയാകും.

* ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയം/കലൂർ സ്റ്റേഡിയം 


ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയം/കലൂർ സ്റ്റേഡിയം, കടപ്പാട്: Facebook/@fifau17worldcup

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ(1947-1964) പേരില്‍ അറിയപ്പെടുന്ന കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തില്‍ കൂടുതലായി ക്രിക്കറ്റ് മത്സരങ്ങളും, അസോസിയേഷൻ ഫുട്ബോൾ മത്സരങ്ങളുമാണ് നടന്നിരുന്നത്. 75000 കാണികള്‍ക്ക് ഒരേസമയം മത്സരം കാണാന്‍ കഴിയുന്ന ഈ സ്റ്റേഡിയം ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിന്‍റെ പട്ടികയില്‍പ്പെടും.

41,000 പേര്‍ക്ക് ഫിഫ മത്സരം കാണാന്‍ അനുവദിക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍, സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായിട്ട് ഇത് 29,000 കാണികളാക്കി  ചുരുക്കി.

ഐ.എസ്.എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ സ്വന്തം തട്ടകം കൂടിയാണ് കലൂര്‍ സ്റ്റേഡിയം.  ഫിഫ അണ്ടര്‍-17 ലോകകപ്പിലെ ഗ്രൂപ്പ് സി, ഡി മത്സരങ്ങളും, 
ക്വാര്‍ട്ടര്‍ഫൈനല്‍, റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ക്കും ഇത് വേദിയാകും.

* ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയം, ഗുവാഹത്തി, അസം 


ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയം, ഗുവാഹത്തി, അസം, കടപ്പാട്: Facebook/@fifau17worldcup

30000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം കൂടുതലായും ഫുട്ബോള്‍ മത്സരങ്ങള്‍ക്കാണ് വേദിയായിരുന്നത്. ഫിഫയുടെ കണക്ക് അനുസരിച്ചു സ്റ്റേഡിയത്തിന്‍റെ ശേഷി 23850 ആണ്. സ്റ്റേഡിയത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. ഗാലറി മുഴുവൻ ബക്കറ്റ് സീറ്റുകളാണ്. പ്രധാന സ്റ്റേഡിയത്തിനു പുറമെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നാലു പരിശീലന ഗ്രൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിന്‍റെ ഗ്രൂപ്പ് ഇ മത്സരങ്ങളും, സെമിഫൈനല്‍, റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ക്കും ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയം വേദിയാകും.

* ഡോ. ഡി വൈ പാട്ടീൽ സ്റ്റേഡിയം, നവി മുംബൈ, മഹാരാഷ്ട്ര


ഡോ. ഡി വൈ പാട്ടീൽ സ്റ്റേഡിയം, നവി മുംബൈ, മഹാരാഷ്ട്ര, കടപ്പാട്: Facebook/@fifau17worldcup

51000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങളാണ് നടക്കുന്നത്. ലോകോത്തര നിലവാരമുള്ള സ്റ്റേഡിയം 2004 മാര്‍ച്ച്‌ നാലിനാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (ക്രിക്കറ്റ്) ആദ്യ സീസണിലെ ഫൈനല്‍ മത്സരവും ഇന്ത്യന്‍ സുപ്പര്‍ ലീഗിന്‍റെ (ഫുട്ബോള്‍) ആദ്യ സീസണിലെ ഫൈനല്‍ മത്സരവും നടന്ന വേദി എന്ന പ്രത്യേകതയും ഈ സ്റ്റേഡിയത്തിനുണ്ട്. നിലവില്‍ ഐ.എസ്.എല്‍ ടീമായ മുംബൈ സിറ്റി എഫ്സിയുടെ സ്വന്തം തട്ടകം കൂടിയാണിത്. ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിന്‍റെ ഗ്രൂപ്പ് ബി മത്സരങ്ങളും, സെമിഫൈനല്‍, റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ക്കും ഈ സ്റ്റേഡിയം വേദിയാകും.

* ജവഹർലാൽ നെഹ്രു സ്റ്റേഡിയം, പ്രഗതി വിഹാർ, ന്യൂഡൽഹി, ഡൽഹി


ജവഹർലാൽ നെഹ്രു സ്റ്റേഡിയം, പ്രഗതി വിഹാർ, ന്യൂഡൽഹി, ഡൽഹി, കടപ്പാട്: Facebook/@fifau17worldcup

ജവഹർലാൽ നെഹ്രുവിന്‍റെ പേരില്‍ അറിയപ്പെടുന്ന ഈ സ്റ്റേഡിയത്തില്‍ ഒരേ സമയം 58000 പേര്‍ക്കിരുന്നു മത്സരം കാണാന്‍ കഴിയും. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെയും ലോകത്തെ അന്‍പത്തിയൊന്നാമത്തെയും സ്റ്റേഡിയമാണ്. കൂടുതലായും ഫുട്ബോള്‍, അത്ലറ്റിക്സ് മത്സരങ്ങള്‍ക്കയാണ് ഇത് ഉപയോഗിക്കുന്നത്. 1982-ല്‍ ഏഷ്യന്‍ ഗെയിംസിനുവേണ്ടി നിര്‍മ്മിച്ച ഈ സ്റ്റേഡിയം 2010 കോമണ്‍വെല്‍ത്ത് ഗെയിംസിനായി പുനര്‍നിര്‍മ്മിച്ചു. ഐ.എസ്.എല്‍ ടീമായ ഡല്‍ഹി ഡ്യനാമോസിന്‍റെ സ്വന്തം തട്ടകമാണ് ഈ സ്റ്റേഡിയം. ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിന്‍റെ ഗ്രൂപ്പ് എ മത്സരങ്ങളും, റൗണ്ട് ഓഫ് 16 മത്സരത്തിനും ജവഹർലാൽ നെഹ്രു സ്റ്റേഡിയം വേദിയാകും.

* ഫറ്റോർഡ സ്റ്റേഡിയം (പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം), മർഗോവ, ഗോവ


ഫറ്റോർഡ സ്റ്റേഡിയം (പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം), മർഗോവ, ഗോവ, കടപ്പാട്: Facebook/@fifau17worldcup

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ സ്മരണാര്‍ഥം സ്ഥാപിച്ച മൂന്നാമത്തെ സ്റ്റേഡിയമാണ് ഫറ്റോർഡ. 1989-ല്‍ മത്സരങ്ങള്‍ക്കായി തുറന്നുകൊടുത്ത ഈ സ്റ്റേഡിയത്തില്‍ ഒരേ സമയം 19000 പേര്‍ക്ക് തത്സമയം കാണാന്‍ കഴിയും.  പിന്നീട് 2014-ല്‍ ലുസോഫൊനിയ ഗെയിംസിനായി ഇത് പുനര്‍നിര്‍മ്മിച്ചു. ഡെംപോ എസ്.സി, സാൽഗോകാർ എസ്.സി, സ്പോർട്ടിംഗ് ക്ലബ് ഡെ ഗോവ എന്നിവരുടെയും, ഐ.എസ്.എല്‍ ടീമായ എഫ്സി ഗോവയുടെയും സ്വന്തം തട്ടകമാണ് ഈ സ്റ്റേഡിയം.  ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിന്‍റെ ഗ്രൂപ്പ് സി, ഡി മത്സരങ്ങളും, ക്വാര്‍ട്ടര്‍ഫൈനല്‍, റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ക്കും ഇത് വേദിയാകും.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close