ചരിത്ര വിധി 157 വര്‍ഷത്തിനുശേഷം; സ്വവര്‍ഗരതി നിയമപരമായി അംഗീകരിക്കുന്ന 27ാമത് രാജ്യം

പുരുഷനുമായി സ്ത്രീയുമായോ മൃഗങ്ങളുമായോ ഉള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമാണെന്ന് വകുപ്പില്‍ പറയുന്നുണ്ട്. ഇതുപ്രകാരം ജീവപര്യന്തമോ പത്തുവര്‍ഷം വരെ തടവും പിഴയുമായിരുന്നു ശിക്ഷ.

Arun Aravind | Updated: Sep 6, 2018, 07:22 PM IST
ചരിത്ര വിധി 157 വര്‍ഷത്തിനുശേഷം; സ്വവര്‍ഗരതി നിയമപരമായി അംഗീകരിക്കുന്ന 27ാമത് രാജ്യം

സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കി സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. ഇതോടെ സ്വവര്‍ഗരതി നിയമപരമായി അംഗീകരിച്ച 27ാം രാജ്യമാവുകയാണ് ഇന്ത്യ. 157 വര്‍ഷത്തിനുശേഷമുള്ള ചരിത്ര വിധിയെന്ന പ്രത്യേകതയുമുണ്ട് ഈ വിധിയ്ക്ക്.

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി കുറ്റകൃത്യമല്ലെന്നും ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമ പ്രധാനമെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവം നടത്തിയത്.

സ്വവർഗ്ഗരതി ഉൾപ്പെടെയുള്ള "പ്രകൃതിവിരുദ്ധ ലൈംഗികത" കുറ്റകരമാണെന്ന് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധിപന്മാര്‍ ഇന്ത്യയുൾപ്പെടെയുള്ള ബ്രിട്ടീഷ് കോളനികളിൽ അടിച്ചേൽപ്പിച്ചതായിരുന്നു പ്രസ്തുത നിയമം. 

1861ൽ  തോമസ്‌ ബാടിംഗ്ടണ്‍ മെക്കാളെ പ്രഭുവിന്‍റെ കാലത്താണ് ഈ നിയമം നടപ്പിലാക്കുന്നത്.

പുരുഷനുമായി സ്ത്രീയുമായോ മൃഗങ്ങളുമായോ ഉള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമാണെന്ന് വകുപ്പില്‍ പറയുന്നുണ്ട്. ഇതുപ്രകാരം ജീവപര്യന്തമോ പത്തുവര്‍ഷം വരെ തടവും പിഴയുമായിരുന്നു ശിക്ഷ.

എന്നാല്‍ 2009 ജൂലൈ 2ന്‌ ഡല്‍ഹി ഹൈക്കോടതി നടത്തിയ ഒരു വിധിയിൽ പ്രായപൂർത്തിയായവർക്ക്‌ ഉഭയസമ്മത പ്രകാരം സ്വവർഗരതിയിൽ ഏർപ്പെടാമെന്ന്‌ വിധിക്കുകയും ഇതിനെതിരെ വിവിധ മത സംഘടനകളുൾപ്പെടെയുള്ളവർ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിൽ, സ്വവർഗരതി ജീവപര്യന്തം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമായി നിർവ്വചിക്കുന്ന 377ാം വകുപ്പിൽ ഭരണഘടനാ പ്രശ്നമില്ലെന്ന് വിധിച്ചു.

ഇതൊരു മാനസിക പ്രശ്നമാണോ എന്ന നിരീക്ഷണത്തില്‍ 2014ൽ ഇന്ത്യൻ സൈക്യാട്രിസ്റ്റ് സൊസൈറ്റി നിലവിലുള്ള അന്താരാഷ്ട്ര കാഴ്ചപ്പാടുകളുടേയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാനസികരോഗം അല്ലെന്ന നിലപാട് സ്വീകരികുകയുമായിരുന്നു.

അതേസമയം ബ്രിട്ടീഷ് കാലഘട്ടത്തിൽ നിലവിൽ വന്ന നിയമത്തിലെ കുട്ടികളോടും മൃഗങ്ങളോടുമുള്ള ലൈംഗിക അതിക്രമം സംബന്ധിച്ചുള്ള ഭാഗങ്ങളെ മാറ്റി നിര്‍ത്തി സുപ്രീം കോടതിക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായി തുടരും. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close