ഈ സിനിമ കാണാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്, ഇരട്ടജീവിതത്തെക്കുറിച്ച് സംവിധായകന്‍

മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നാളെ രാവിലെ തൃശൂരിലെ ഗിരിജ തിയ്യറ്ററില്‍ ഇരട്ടജീവിതത്തിന്‍റെ ആദ്യപ്രദര്‍ശനം നടക്കും

Seena Antony | Updated: Feb 16, 2018, 05:20 PM IST
ഈ സിനിമ കാണാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്, ഇരട്ടജീവിതത്തെക്കുറിച്ച് സംവിധായകന്‍

ഒരു കടപ്പുറത്ത് കൂടെ ക്യാമറയുമായി ഒരു സംഘം ആളുകള്‍ നടക്കുകയാണ്. സിനിമ പിടിക്കാന്‍. മാസങ്ങള്‍ നീണ്ട സിനിമാപിടുത്തം കഴിഞ്ഞ് അതേ സംഘം ആളുകള്‍ പിന്നെയും നടക്കുകയാണ്. സിനിമ കാണിക്കാന്‍. 

നവാഗതനായ സുരേഷ് നാരായണന്‍ എന്ന തൃശൂര്‍ക്കാരന്‍റെ ആദ്യ ഫീച്ചര്‍ സിനിമയായ ഇരട്ടജീവിതമാണ് സമാന്തര പ്രദര്‍ശനങ്ങളിലൂടെ ജനങ്ങളിലേക്കെത്താന്‍ തയ്യാറെടുക്കുന്നത്. സിനിമ എടുക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ആ സിനിമ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ റിലീസ് ചെയ്യുക എന്നത്. സുരേഷ് നാരായണന്‍ എന്ന സംവിധാകയന്‍ നേരിട്ട വെല്ലുവിളികളിലൊന്ന് ഇതായിരുന്നു. ദേശീയപുരസ്കാര ജേതാവായ സംവിധായകന്‍ പ്രിയനന്ദനന്‍റെ ആശയം പിന്‍തുടര്‍ന്ന് കേരളത്തിലുടനീളം സമാന്തര പ്രദര്‍ശനങ്ങള്‍ നടത്താനാണ് ഇരട്ടജീവിതത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നാളെ രാവിലെ തൃശൂരിലെ ഗിരിജ തിയ്യറ്ററില്‍ ഇരട്ടജീവിതത്തിന്‍റെ ആദ്യപ്രദര്‍ശനം നടക്കും. 

സിനിമയെക്കുറിച്ച്: 
ഒരു ട്രാന്‍സ്ജെന്‍ഡറിന്‍റെ ജീവിതം പ്രമേയമാകുന്ന ആദ്യമുഴുനീള ചലച്ചിത്രമാണ് ഇരട്ടജീവിതം. തൃശൂരിലെ ചേറ്റുവയ്ക്കടുത്തുള്ള അഞ്ചങ്ങാടിയാണ് കഥാപരിസരം. ആമിന-സൈനു എന്ന രണ്ട് പെണ്‍കുട്ടികളുടെ സൗഹൃദവും അവരുടെ ജീവിതവും കടലോരഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുകയാണ് ചിത്രം. പെട്ടെന്നൊരു ദിവസം നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ആമിന കുറച്ചു വര്‍ഷങ്ങള്‍ക്ക് തിരിച്ചെത്തുന്നത് പുരുഷനായിട്ടാണ്. അദ്രുമാനായി നാട്ടിലെത്തുന്ന ആമിനയുടെ രണ്ടാം ജീവിതത്തിലെ കുടുംബ-സാമൂഹിക ബന്ധങ്ങളിലൂടെ ചിത്രം വികസിക്കുന്നു. പ്രണയവും സൗഹൃദവും മതവും വര്‍ഗവും പല അടരുകളായി ഈ ചിത്രത്തെ പൊതിഞ്ഞു നില്‍ക്കുന്നുണ്ട്. 

മ്യൂട്ട് ചെയ്യപ്പെട്ട വമ്പന്‍
സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന നോട്ടുനിരോധനം സംഭാഷണമായും പശ്ചാത്തലമായും സിനിമയിലുമുണ്ട്. സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയപ്പോള്‍ സിനിമയില്‍ ഉപയോഗിച്ച ചില വാര്‍ത്തകളും പരാമര്‍ശങ്ങളും കുഴപ്പമുണ്ടാക്കിയെന്ന് സംവിധായകന്‍ പറയുന്നു. "മനോരമ ന്യൂസില്‍ വന്ന ഒരു വാര്‍ത്ത അതേപടി സിനിമയില്‍ ഉപയോഗിച്ചതാണ് പ്രശ്നമായത്. വമ്പന്‍മാരുടെ 17,500 കോടി രൂപയുടെ കടം എസ്.ബി.ഐ എഴുതിത്തള്ളി എന്ന വാര്‍ത്തയായിരുന്നു സിനിമയില്‍ ഉപയോഗിച്ചത്. വിജയ് മല്ല്യയുടേത് അടക്കമുള്ള കടമാണ് എസ്.ബി.ഐ എഴുതിത്തള്ളിയത് എന്നായിരുന്നു വാര്‍ത്ത. മല്ല്യയുടെ പേര് വരുന്ന ഭാഗം മ്യൂട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഇതിന് വേണ്ടി രണ്ടരമാസത്തോളം നടത്തിക്കുകയും ചെയ്തു. ഒടുവില്‍ ആ ഭാഗം മ്യൂട്ട് ചെയ്താണ് സെന്‍സര്‍ സര്‍ട്ടഫിക്കറ്റ് ലഭിച്ചത്"

ആണായാലും പെണ്ണായാലും പ്രശ്നങ്ങള്‍ ഒടുങ്ങുന്നില്ല
തികച്ചും പുരുഷകേന്ദ്രീകൃതവും ലൈെംഗിക ദാരിദ്ര്യം അനുഭവിക്കുന്നതുമായ മലയാളി സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളും ചിത്രം അന്വേഷിക്കുന്നു. ഹാജിയാര്‍ എന്നൊരു കഥാപാത്രം ചിത്രത്തിലുണ്ട്. ഹാജിയാര്‍ക്ക് എന്ത് ആണും പെണ്ണും, എന്നാണ് ചിത്രത്തിലെ ഒരു കഥാപാത്രം ഹാജിയാരെക്കുറിച്ച് പറയുന്നത്. അതുപോലെ കടപ്പുറത്തെ തൊഴിലാളികളുടെ കളി നോക്കി നില്‍ക്കുന്ന അദ്രുമാനെ സൂചിപ്പിച്ചുകൊണ്ട് പറയുന്ന മറ്റൊരു ഡയലോഗ് ഇങ്ങനെയാണ്, "കവിടി മലര്‍ന്നു വീണാലും, കമിഴ്ന്നു വീണാലും കളി തന്നെ കളി." ഇത്തരത്തിലുള്ള പൊതുസമൂഹത്തിന്‍റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കാഴ്ചപ്പാടുകളെയും ചിത്രം തുറന്നുകാട്ടുന്നു. 

തീയറ്റര്‍ കിട്ടാത്തത് മാത്രമല്ല പ്രശ്നം
സമാന്തരപ്രദര്‍ശനം നടത്തുകയെന്ന തീരുമാനത്തിലെത്തിയതിന് പിന്നില്‍ തീയറ്റര്‍ കിട്ടാത്തത് മാത്രമല്ല പ്രശ്നമെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മുപ്പത് തീയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ റിലീസിന് മാത്രം 20 ലക്ഷത്തോളം രൂപ ചെലവുണ്ട്. ഇത്രയും രൂപ ചെലവാക്കിയാലും രണ്ട് മൂന്ന് ദിവസം കൊണ്ട് ചിത്രം തീയറ്ററുകളില്‍ നിന്ന് പുറത്താവും. 37 ലക്ഷം രൂപയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ്. മുപ്പത് തീയറ്ററില്‍ മൂന്നോ നാലോ ദിവസം ഓടുന്നതിന് 20 ലക്ഷം കൂടി നിര്‍മ്മാതാവിന് അധികച്ചെലവ് വരുത്തേണ്ടെന്ന് കരുതിയാണ് സമാന്തരപ്രദര്‍ശനം എന്ന സാധ്യത പരീക്ഷിക്കാമെന്ന് തീരുമാനിച്ചത്. 

ഒരു വര്‍ഷം, 100 പ്രദര്‍ശനങ്ങള്‍
ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 100 പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഫിലിം സൊസൈറ്റികള്‍, സാംസ്കാരിക സംഘടനകള്‍, വായനശാലകള്‍ തുടങ്ങിയവയുടെ സഹായത്തോടെ പ്രദര്‍ശനങ്ങള്‍ നടത്തും. പ്രേക്ഷകരില്‍ നിന്ന് സംഭാവനകള്‍ വാങ്ങി സിനിമ കാണിക്കുകയെന്ന ആശയത്തിന് പ്രോത്സാഹനജനകമായ പ്രതികരണമാണ് ലഭിച്ചത്. ഈ സഹകരണം ഇനിയുമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും  സുരേഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു. 

ആത്മജയുടെ ഇരട്ട കഥാപാത്രം
അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയയായ ആത്മജയുടെ ഇരട്ട കഥാപാത്രമാണ് ചിത്രത്തിന്‍റെ ജീവന്‍. ആമിനയായും അദ്രുമാനായും ആത്മജ വേഷമിടുന്നു. പെണ്‍ശരീരത്തിലുള്ള ആണിനെയും ആണ്‍ശരീരത്തിലേക്കുള്ള പകര്‍ന്നാട്ടവും കയ്യടക്കത്തോടെ, അതിഗംഭീരമായി ആത്മജ അവതരിപ്പിച്ചിട്ടുണ്ട്. 

ദിവ്യ ഗോപിനാഥ്, ആതിര, സുജാത സുനേത്രി, സുനിത, ജാസ്മിന്‍ കാവ്യ, ജോളി ചിറയത്ത്, അരുണ്‍ജി, സുര്‍ജിത് ഗോപിനാഥ്, അച്യുതാനന്ദന്‍, പ്രതാപ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. അഹ്മദ് മുഈനുദ്ദീന്‍റെ ഇരട്ടജീവിതം എന്ന ചെറുകഥയെ അധികരിച്ച് തിരക്കഥ ഒരുക്കിയിരുക്കുന്നത് സുരേഷ് നാരായണന്‍ തന്നെയാണ്. ഷഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം. ആര്‍ട് വിഭാഗം ബെന്നി പി.വിയും പശ്ചാത്തല സംഗീതം ജോഫിയും സെല്‍ജുകും ന്യൂസിലന്‍ഡില്‍ നിന്നുള്ള ഡന്‍കന്‍ ബ്രൂസും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. പുലിജന്മത്തിന്‍റെ നിര്‍മ്മാതാവായ എം.ജി വിജയ് ആണ് ഇരട്ടജീവിതത്തിന്‍റെയും നിര്‍മ്മാതാവ്.