തൊട്ടിരുന്നാല്‍ പൊട്ടി വീഴുന്ന ആകാശങ്ങളില്‍ ഇനിയും ഞങ്ങള്‍ക്കു വിശ്വാസമില്ലച്ചോ

പുകഞ്ഞാല്‍ പുറത്തു തന്നെയാണ് കൊള്ളീ , നിന്നെയിനി ഞങ്ങള്‍ക്ക് വേണ്ടെന്ന് ഏറ്റവുമാദ്യം ആക്രോശം കേള്‍ക്കുന്നത് ഏതെങ്കിലുമൊരു സ്ത്രീ ശബ്ദത്തില്‍ തന്നെയായിരിക്കും.  ഈ പുറത്താകലുകളെ എന്തിനാണ് സ്ത്രീ പേടിക്കേണ്ടത്? 

Lisha Anna | Updated: Dec 22, 2017, 03:51 PM IST
തൊട്ടിരുന്നാല്‍ പൊട്ടി വീഴുന്ന ആകാശങ്ങളില്‍ ഇനിയും ഞങ്ങള്‍ക്കു വിശ്വാസമില്ലച്ചോ

തെരഞ്ഞെടുക്കുന്ന വഴികളില്‍ സ്ത്രീകള്‍ക്കുള്ള വിശ്വാസം തകര്‍ക്കാന്‍ കഷ്ടപ്പാടു സഹിക്കുന്ന തരുണീമണികള്‍ ഒരുപാടുള്ള നാടാണ് നമ്മുടേത്. അമ്മയെന്നോ അമ്മായിയെന്നോ വഴിയില്‍ കൂടെ നടന്നു പോകുന്ന ഏതെങ്കിലും ശാന്ത ചേച്ചിയെന്നോ ഒന്നും അതിനു ഭേദമില്ല. 

ചട്ടക്കൂടുകള്‍ തകര്‍ക്കാന്‍ ശ്രമിക്കരുത്, പുകഞ്ഞാല്‍ പുറത്തു തന്നെയാണ് കൊള്ളീ , നിന്നെയിനി ഞങ്ങള്‍ക്ക് വേണ്ടെന്ന് ഏറ്റവുമാദ്യം ആക്രോശം കേള്‍ക്കുന്നത് ഏതെങ്കിലുമൊരു സ്ത്രീ ശബ്ദത്തില്‍ തന്നെയായിരിക്കും. 

ഈ പുറത്താകലുകളെ എന്തിനാണ് സ്ത്രീ പേടിക്കേണ്ടത്? 

പുറത്തുള്ള വിശാലതയാണോ പ്രശ്നം? 

പുറത്ത് വഴിയില്‍ കിട്ടുന്ന ശുദ്ധവായുവും അകത്ത് അളന്നു തൂക്കി ആരെങ്കിലും തരുന്ന ശ്വാസവായുവും തമ്മില്‍ നല്ല വ്യത്യാസമുണ്ട് പ്രിയപ്പെട്ട പെണ്ണുങ്ങളെ. 

അതിര്‍ വരമ്പുകള്‍ പിച്ച വച്ച് നടക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ കാലിനടിയില്‍ വരച്ചു തരും ചുറ്റുമുള്ളവര്‍. അതിനപ്പുറത്തേയ്ക്ക് പോയാല്‍ ഏതെങ്കിലുമൊരു രാവണന്‍ വരും തട്ടിക്കൊണ്ടു പോവാന്‍. രക്ഷപെടുത്താന്‍ നിനക്ക് അപ്പനും ആങ്ങളമാരുമേ കാണൂ എന്നൊക്കെയാണ് സാധാരണ ഗതിയില്‍ കേട്ടു വരുന്ന ശൈലി. 

 

 എനിക്കിത്ര സ്വാതന്ത്ര്യമൊക്കെ മതി

 

"ഇങ്ങനത്തെ ഭര്‍ത്താവിനെയും അമ്മായിയമ്മയെയും കിട്ടിയത് ഭാഗ്യം
അല്ലായിരുന്നെങ്കില്‍ എന്തായേനെ അവസ്ഥ? 
ഇതിപ്പോ ജോലിക്ക് പോവാന്‍ വിടുന്നുണ്ട്, പീഎസ്സി കോച്ചിങ്ങിനും-എന്തിന് ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ പോലും ഒരു കുഴപ്പവും ഇല്ല "

 

മോഡേണ്‍ എന്ന് അവകാശപ്പെടുന്ന ശരാശരി മലയാളി കുടുംബത്തിലേയ്ക്ക് 'കെട്ടിച്ചു കൊണ്ടു വരുന്ന' ഏതെങ്കിലും പെണ്‍കുട്ടിയോട് എങ്ങനെയുണ്ട് ജീവിതം എന്ന് ചോദിച്ചു നോക്കൂ. മറുപടി കിറുകൃത്യം ഇതുതന്നെയായിരിക്കും! 

 

മില്ലി ഔണ്‍സ് കണക്കില്‍ വായിലേയ്ക്ക് ആരെങ്കിലും ഇറ്റിച്ചു തരേണ്ട ഒന്നാണ് സ്വാതന്ത്ര്യം എന്നാണ് ഉപബോധം തൊട്ടിങ്ങോട്ട്‌ നീളുന്ന ധാരണ. സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു ഓപ്ഷനെക്കുറിച്ച് ചിന്തിക്കുന്നത് പോലും പാപമാണ്. പില്‍ക്കാലത്ത് പാട്രിയാര്‍ക്കി പടര്‍ത്തലിന്റെ ഉല്‍പ്രേരകങ്ങളാവുന്നതും പലപ്പോഴും ഈ തരത്തിലുള്ള സ്ത്രീകള്‍ തന്നെയാണ്.

 

ഭരിക്കപ്പെടുന്ന വരേണ്യത, ഭരണക്കസേര വരേണ്യത. അതിനുള്ളില്‍പ്പെടാത്തവര്‍ക്ക് പേരുകള്‍ പലതാണ്. 

 

എന്തിനാണ് എന്നറിയാത്ത ഒരു അസ്വസ്ഥത എപ്പോഴും പിന്തുടരുന്നവരാണ് പൊതുവേ സ്ത്രീകള്‍. ഒതുക്കി വെക്കലുകളുടെ ഈസ്തെറ്റിക്കല്‍ സമവാക്യങ്ങള്‍ ഒരിക്കല്‍ ഉള്ളിലോ പുറത്തോ തെറ്റിപ്പോയാല്‍ ജീവിതം കൈവിട്ടു പോകുമെന്ന് പേടിക്കുന്നവരാണധികം‍. കുറേക്കൂടി ജീവിതമാണ് ബോണസായി കിട്ടുകയെന്ന് ഓര്‍ക്കാനുള്ള ഊര്‍ജ്ജം പോലും ചെലവഴിക്കാന്‍ പേടി.

 

കഴിഞ്ഞ ആഴ്ച നമ്മള്‍ കണ്ടതാണ്. സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ച നടിയെ തേജോവധം ചെയ്യുകയാണെന്ന ധാരണയില്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നടത്തുന്ന കോപ്രായങ്ങള്‍. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു എന്നതാണ് അതിന്‍റെ ഹൈലൈറ്റ്!

 

ആണുങ്ങളാവുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാവും. അതൊക്കെ തമാശയായി എടുക്കാതെ എന്തിനാണ് ഇത്ര സീരിയസായി എടുക്കുന്നത്. സിനിമയില്‍ അവര്‍ ഉമ്മ വെച്ചല്ലോ, വെള്ളമടിച്ചല്ലോ ഇന്‍റര്‍വ്യൂവില്‍ പുക വിടുന്നതും കണ്ടു, നന്നായിക്കൂടെ എന്നൊക്കെയുള്ള കമന്റുകള്‍ വാരി വിതറി ചിറകിനടിയിലെ സുരക്ഷിത സ്ത്രീരത്നങ്ങള്‍ രംഗത്തെത്തി.

എത്ര മനോഹരമായ ആചാരങ്ങള്‍!

 

ഞങ്ങളെ എന്തു വേണമെങ്കിലും പറഞ്ഞോളൂ മഹാരഥന്‍മാരെ. ഓടി വന്നു കേറാന്‍ (അന്‍പത്താറിഞ്ച് ഒന്നും ഇല്ലെങ്കിലും) നെഞ്ചു വിരിച്ച് നില്‍ക്കുകയാണ് ഞങ്ങളിവിടെ. നിങ്ങള്‍ കല്‍പ്പിച്ചു തരുന്ന സ്വാതന്ത്ര്യം മതി ഞങ്ങള്‍ക്ക്. ഈ സ്നേഹത്തിനും സംരക്ഷണത്തിനുമപ്പുറം ഒന്നും വേണ്ട. കാലടിയിലെ മണ്‍തരി പോലെ പറ്റിപ്പിടിച്ച് ഇരുന്നോളാം. കുടഞ്ഞു കളയാതിരിക്കുക. 

 

വിധേയത്വം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്ന ഈ വിഭാഗമാണ് ഇത്രയും കാലമായികേരളത്തിലെ പരമ്പരാഗത കുലസ്ത്രീ ഐക്കണുകള്‍.

 

സ്ത്രീക്കെന്നും വലുത് അവളുടെ ഭര്‍ത്താവും കുട്ടികളും കുടുംബവും മാത്രമാണ്. അതിനപ്പുറം ഒരു ലോകമില്ല. അങ്ങനെയുള്ളവരാണ് കുടുംബത്തില്‍ പിറന്നവര്‍ എന്നൊക്കെ പറഞ്ഞു പഠിപ്പിക്കാന്‍ ഇറങ്ങുന്നതും ഈ വക സ്ത്രീകള്‍ തന്നെയാണ്. എന്തൊക്കെ പണി കിട്ടിയാലും കുടുംബം കലങ്ങാതിരിക്കാന്‍ സ്ത്രീ ക്ഷമയും സഹനശക്തിയും ഉള്ളവളായിരിക്കണമെന്ന് പറഞ്ഞു  പഠിപ്പിക്കുന്ന ഇത്തരം അമ്മമാരേ, പെങ്ങമ്മാരേ 

 

ഇനിയെങ്കിലും പുറത്തേയ്ക്കുള്ള ജനലുകള്‍ ഒന്നു തുറന്നു വെക്കൂ എന്ന് മാത്രമേ നിങ്ങളോട് പറയാനുള്ളൂ. 

 

ഇതൊക്കെ നാട്ടുകാര് കാണുന്നതാണ് എന്നോര്‍മ്മ വേണം

 

നാലഞ്ചു കൊല്ലം മുന്‍പാണ്.
കൊച്ചിയില്‍ ഡിസി ബുക്ക് ഫെസ്റ്റ് നടക്കുന്നു. 
പോയി. പങ്കെടുത്തു. പ്രിയപ്പെട്ട പലരെയും കണ്ടു. നാലഞ്ചു പേരുടെ കൂടെ നിന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ കവര്‍ മാറ്റി.

നാട്ടില്‍ നമ്മുടെ കാര്യത്തില്‍ ഇത്രത്തോളം താല്‍പര്യമുള്ളവര്‍ ഉണ്ടായിരുന്നു എന്നൊക്കെ ആദ്യമായി മനസിലാക്കിയത് അന്നായിരുന്നു. 

'ഇവളെയൊക്കെ കെട്ടിച്ചു വിടേണ്ടതല്ലേ'
'ഏതൊക്കെയോ ആണുങ്ങളുടെ (പുസ്തകവായന ഇല്ല ,സൊ ഇതൊക്കെ എഴുതി കഷ്ടപ്പെട്ട് പുസ്തകം 
പബ്ലിഷ് ചെയ്ത ആള്‍ക്കാര്‍ ആയാലും ഇവിടെ നോ കാര്യം! ) കൂടെ നിന്ന് ഫോട്ടോ ഇടുന്നുണ്ട്. ഇതൊക്കെ കുടുംബത്തിനു ചേരുന്നതാണോ? 
 
എന്നിങ്ങനെയൊക്കെ നാട്ടുകാര്‍. 'നെറ്റില്‍ മോള്‍ടെ പടം വന്നിട്ടുണ്ട്. എന്തൊരശ്ലീലം' എന്ന് വീട്ടില്‍ വന്നു അച്ഛനോടും അമ്മയോടും 

പറയുന്ന ബന്ധുക്കള്‍. അന്ന് കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല. ജീവിച്ചു തന്നെ കാണിച്ചു കൊടുത്തു. ഇപ്പോഴും അതു തന്നെ തുടരുന്നു. 

 

എന്താണ് ഹേ ?എന്‍റെ ഫേസ്ബുക്കും എന്‍റെ തലയും  എന്‍റെ അവകാശം. അതില്‍ നിങ്ങള്‍ക്കെന്ത്‌ കാര്യം എന്ന് ശബ്ദിക്കാന്‍ ഇന്ന് ധൈര്യക്കുറവില്ലാത്ത കുറേ പേര്‍ ഇവിടെയുണ്ട് എന്നതില്‍ സന്തോഷമുണ്ട്. 

 

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇട്ട പോസ്റ്റുകളുടെ പേരില്‍ സംസ്ഥാനത്തെ രണ്ടു വിദ്യാലയങ്ങളിലാണ് കഴിഞ്ഞ മാസം പ്രശ്നങ്ങള്‍ ഉണ്ടായത്. ഒന്ന് സ്കൂളിലാണെങ്കില്‍ മറ്റൊന്ന് കോളേജിലാണ് എന്ന് മാത്രം. രണ്ടും തലസ്ഥാന നഗരിയില്‍ തന്നെ. 

 

ചൂരലില്‍ നിന്ന് വിത്തുകാള സര്‍വ്വേയിലേയ്ക്ക്

 

തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ കഴിഞ്ഞ ജൂലായ് 21നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കലോത്സവത്തിൽ മത്സരത്തിൽ പങ്കെടുത്ത് സ്റ്റേജിൽ നിന്നിറങ്ങിയ പെൺസുഹൃത്തിനെ വിദ്യാർത്ഥി കെട്ടിപ്പിടിച്ച സംഭവമാണ് പിന്നീട് ഇത്രയും വലിയ പ്രശ്നമായി മാറിയത്. വിദ്യാർത്ഥി പെൺസുഹൃത്തിനെ കെട്ടിപ്പിടിക്കുന്നത് ഒരു അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് രണ്ട് വിദ്യാർത്ഥികളെയും വൈസ് പ്രിൻസിപ്പലിന്‍റെ ഓഫീസിൽ കൊണ്ടുപോയി അദ്ധ്യാപികമാർ ചോദ്യം ചെയ്തു.

 

മത്സരത്തിൽ പങ്കെടുത്ത പെൺസുഹൃത്തിനെ അനുമോദിക്കുന്നതിനായാണ് കെട്ടിപ്പിടിച്ചതെന്നും, അതിനെ മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്നും 16കാരൻ അദ്ധ്യാപികമാരോട് പറഞ്ഞു. എന്നാൽ ഇതൊന്നും ചെവികൊള്ളാൻ അദ്ധ്യാപികമാർ തയ്യാറായില്ല. തുടർന്ന് രണ്ടുപേരോടും ഒരാഴ്ചത്തേക്ക് സ്കൂളിൽ വരേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തു.

 

അതിനിടെ കെട്ടിപ്പിടുത്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതിയെയും സ്കൂൾ അധികൃതർ നിയോഗിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ സ്ക്രീൻ ഷോട്ടുകൾ എടുത്താണ് അന്വേഷണ സമിതി വിദ്യാർത്ഥികളുടെ 'തെറ്റായ ബന്ധം' കണ്ടെത്തിയത്. തുടർന്നാണ് രണ്ട് വിദ്യാർത്ഥികളെയും സ്കൂളിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കിയത്.

 

സ്കൂളിന്‍റെ നടപടിക്കെതിരെ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസം തടയരുതെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷൻ ഉത്തരവും പുറത്തിറക്കി. എന്നാൽ സ്കൂൾ അധികൃതർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സ്കൂൾ അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകളായി കണ്ടെത്തിയ ഇൻസ്റ്റഗ്രാം സ്ക്രീൻഷോട്ടുകൾ സഹിതമാണ് സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചത്. 

 

സ്കൂൾ അധികൃതരുടെ നടപടിയെ ശരിവയ്ക്കുന്ന രീതിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സ്കൂളിന് അധികാരമുണ്ടെന്നായിരുന്നു കോടതി വിധി. 

 

മിണ്ടിപ്പോയാല്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കും

 

സമാനമായ സംഭവമാണ് തലസ്ഥാനത്തെ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ മാസം ഉണ്ടായത്. ശരീരമായി മാത്രമേ കൂടെ പഠിക്കുന്ന എതിര്‍ലിംഗത്തെ കാണാന്‍ പാടുള്ളൂ എന്നാണ് ഇവിടെ ടീച്ചര്‍മാര്‍ ഉദ്ഘോഷിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ ലോലവികാരങ്ങള്‍ രൂപപ്പെടുകയും കോളേജിന്‍റെ സദാചാരഗതിക്ക് മേല്‍ കരി വാരിത്തേക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു പോകും എന്നുമൊക്കെ പേടിയുള്ള അധ്യാപകരാണ് ഈ കോളേജിന്‍റെ പ്രധാന മുതല്‍ക്കൂട്ട്.

 

ഇക്കഴിഞ്ഞ നവംബര്‍10 നായിരുന്നു ലിംഗസമത്വത്തെ പറ്റി വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ കോളേജ് യൂണിയൻ പരിപാടി സംഘടിപ്പിച്ചത്. എംപി എം.ബി രാജേഷും ഡോ.അനീഷ്യ ജയദേവും സംസാരിച്ച ബോധവൽക്കരണ ക്ലാസ്സിൽ കുട്ടികൾ ഒന്നിച്ചിരിക്കുന്നതിനെപ്പറ്റി ചർച്ച ഉയർന്നു. അതിന് ശേഷം വിദ്യാർത്ഥികൾ ആൺപെൺ വ്യത്യാസമില്ലാതെ ക്ലാസ്സ്മുറികളിൽ ഒന്നിച്ചിരിക്കാൻ തുടങ്ങി.

 അതോടെ അദ്ധ്യാപകര്‍ക്ക് വ്യാപകമായി കുരു പൊട്ടല്‍ സീസണ്‍ ആരംഭിച്ചു. ഒരുമിച്ചിരുന്ന കുട്ടികളോട് ഭീഷണി മുഴക്കാന്‍ അധ്യാപകര്‍ മറന്നില്ല. പരീക്ഷാപേപ്പര്‍ നോക്കില്ല എന്നുവരെ ഭീഷണിപ്പെടുത്തി. 

 

മെഡിക്കല്‍ കോളേജിലെ ആണ്‍കുട്ടികളില്‍ ലോലഹൃദയം ഉള്ളവരാണ് കൂടുതല്‍. ഇടകലര്‍ത്തി ഇരുന്നെന്നിരിക്കട്ടെ, ഒരു പെന്‍സില്‍ താഴെപ്പോയാല്‍ പെണ്‍കുട്ടി എങ്ങനെ കുനിഞ്ഞെടുക്കും? അല്ലെങ്കില്‍ തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന ഒരുമിച്ച് ഇരിക്കുകയല്ലാതെ വേറെയെന്തൊക്കെ ചെയ്യാം? സ്വച്ഛ് ഭാരതിന്‍റെ ഭാഗമായി കോളേജ് വൃത്തിയാക്കിക്കൂടെ? 

 

നവംബര്‍ 21 ന് ഡിസക്ഷന്‍ ലാബില്‍ വച്ച് കുട്ടികളുടെ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍. 200 പേരില്‍ 127 പേര്‍ ഒരുമിച്ച് ഇരിക്കുന്നതിനെ അനുകൂലിച്ചു.

 

ഒരു പിജി വിദ്യാർഥിനി കോളേജിലെ അധ്യാപകരുടെ സദാചാരപോലീസിങ്ങിനെ ചോദ്യം ചെയ്ത് നവംബര്‍ 21 ന് ഇട്ട എഫ്ബി പോസ്റ്റ് ലൈക്ക് ചെയ്ത കുട്ടികളെ ഭീഷണിപ്പെടുത്തി. പോസ്റ്റ്‌ പിടിഎ അംഗങ്ങള്‍ക്ക് അയച്ചു കൊടുക്കുന്നു. 

 

 ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 24 ന് പിടിഎ കൂടുന്നു. വിദ്യാര്‍ഥിനിയുടെ പോസ്റ്റ് പിടിഎ മീറ്റിങ്ങിന് കാണിച്ച് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ലൈക്ക് ചെയ്ത ആളുകളുടെ പേര് കളര്‍ പെന്‍സില്‍ ഉപയോഗിച്ച് അടയാളപ്പെടുത്തി കാണിക്കുകയാണ് ചില കലാഹൃദയം സൂക്ഷിക്കുന്ന അദ്ധ്യാപകര്‍ ചെയ്തത്.

 

കോളേജ് അധികൃതരുടെ ഭീഷണി കേട്ട് നാലു പേര്‍ ഒഴികെ തങ്ങളുടെ ലൈക്കുകളും കമന്റുകളും പിന്‍വലിച്ചു. പോസ്റ്റ്‌ ഇട്ട വിദ്യാര്‍ഥിനിയോട് ഭര്‍ത്താവിനെ വിളിച്ചു കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു.

 

പ്രശ്നങ്ങളെത്തുടർന്ന് കോളേജ് യൂണിയൻ സമരം ആരംഭിച്ചു. മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയായതോടെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിർദേശപ്രകാരം കോളേജ് അധികൃതരും വിദ്യാർത്ഥി യൂണിയനും ചർച്ച നടത്തി. ചർച്ചക്കൊടുവിൽ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെടുന്നു. തികച്ചും ബാലിശമായ എന്‍ക്വയറിക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. 

 

അതിനൊടുവില്‍ ഒരുമിച്ചിരിക്കാന്‍ മന്ത്രി പറയുന്നു. ഒരുമിച്ച് ഇരിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ലെന്നും തല്‍ക്കാലം സ്ഥലപരിമിതി മൂലം ഒരുമിച്ച് ഇരിക്കാന്‍ പറ്റില്ലെന്നും കോളേജ്.

 

നിലവില്‍ 92 ആണ്‍കുട്ടികളും 108 പെണ്‍കുട്ടികളുമാണ് ഇവിടെയുള്ളത്.എട്ടുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഇപ്പോള്‍ കൂടുതല്‍ പേര്‍ ഇരിക്കുന്നു. പുതിയ ക്ലാസ്റൂം പണി തീര്‍ന്നാല്‍ ഉടന്‍ ഇടകലര്‍ത്തി ഇരുത്തിക്കാം എന്നായിരുന്നു കോളേജിന്റെ പക്ഷം.

 

ഈ ഫേസ്ബുക്ക് പോസ്റ്റ്‌ അന്ന് കോളേജില്‍ ക്ലാസെടുത്ത ഡോ.അനീഷ്യ ജയദേവിന്റേത്.

 

ഇതുവരെ നടന്ന സംഭവങ്ങള്‍ കൃത്യമായി അറിയണമെങ്കില്‍ ഇത് വായിക്കാം.

 

 

 

(തുടരും)

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close