അന്യായങ്ങൾക്കുള്ള പ്രായശ്ചിത്തം മാത്രമല്ല ഈ പുരസ്കാരം, അര്‍ജുനന്‍ മാഷിനോട് ആരാധകര്‍ക്ക് പറയാനുള്ളത്

ശിഷ്യഗണങ്ങള്‍ പ്രശസ്തിയുടെ കൊടുമുടി കീഴടക്കുമ്പോള്‍ അര്‍ജുനന്‍ മാഷ് അവര്‍ക്കൊപ്പം സന്തോഷിച്ചു. നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം തന്‍റെ സംഗീത സപര്യ തുടര്‍ന്നു

Seena Antony | Updated: Mar 8, 2018, 08:17 PM IST
അന്യായങ്ങൾക്കുള്ള പ്രായശ്ചിത്തം മാത്രമല്ല ഈ പുരസ്കാരം, അര്‍ജുനന്‍ മാഷിനോട് ആരാധകര്‍ക്ക് പറയാനുള്ളത്

എം.കെ അര്‍ജുനന്‍ എന്ന അര്‍ജുനന്‍ മാഷ് മലയാളികളുടെ പ്രിയഗാനങ്ങള്‍ക്കൊപ്പം കൂട്ടുചേര്‍ന്നിട്ട് അരനൂറ്റാണ്ടിലേറെയായി. പുരസ്കാരങ്ങളുടെ നീണ്ട പട്ടിക കൊണ്ടല്ല അര്‍ജുനന്‍ മാഷെന്ന സംഗീതസംവിധായകനെ സിനിമാഗാന പ്രേമികള്‍ ഓര്‍ക്കുന്നത്. അദ്ദേഹം കയ്യൊപ്പ് ചാര്‍ത്തിയ ഗാനങ്ങളാണ് അദ്ദേഹത്തെ ജനമനസില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്. വൈകിയെത്തിയ പുരസ്കാരം തീര്‍ച്ചയായും മലയാളത്തിന് ആ വലിയ പ്രതിഭയ്ക്ക് മുന്നില്‍ സമര്‍പ്പിക്കാവുന്ന ചെറിയ ഉപഹാരമാകും. 

എം.കെ.അർജുനൻ മാഷിന് ആദ്യ സംസ്ഥാന സർക്കാർ പുരസ്കാരം കിട്ടിയതിൽ ആഹ്ലാദിച്ച് ശ്രീകുമാരൻ തമ്പി എഴുതിയ പ്രതികരണം ചലച്ചിത്രനിരൂപകനായ പ്രേംചന്ദ് ഫെയ്സ്ബുക്കില്‍ പങ്കു വച്ചിരുന്നു. 'Silence is the climax of sound,' എന്നാണ് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചത്. തുടര്‍ന്ന് പ്രേംചന്ദ് പറയുന്നത് ഇങ്ങനെയാണ്: നിശബ്ദമാക്കപ്പെട്ട മുഴുവൻ ചരിത്രങ്ങൾക്കും ചേരുന്ന തലക്കുറിയാണ് .പിന്നിട്ട 50 വർഷം പുരസ്കാര സമിതികൾ ചെയ്ത അന്യായങ്ങൾക്കുള്ള പ്രായശ്ചിത്തമായി അർജുനൻ മാഷിനുള്ള അംഗീകാരം. 

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ 'എന്നെ നോക്കി' എന്നു തുടങ്ങുന്ന ഗാനത്തിനാണ് അര്‍ജുനന്‍ മാഷിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. കറുത്ത പൗര്‍ണമി എന്ന ചിത്രം മുതല്‍ മാഷിന്‍റെ സംഗീത പ്രതിഭ മലയാളികള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഭയാനകം എന്ന ചിത്രത്തിലെ ഒരു ഗാനമല്ല, അദ്ദേഹം ചിട്ടപ്പെടുത്തിയ അനേകം ഗാനങ്ങളില്‍ നാളിതുവരെയുള്ള സംസ്ഥാന ജൂറി കേള്‍ക്കാതെ പോയ ആ പ്രതിഭയുടെ മിന്നലാട്ടം അനുഭവിച്ചിരിക്കുന്നു. വയലാര്‍, ഒഎന്‍വി കുറുപ്പ്, പി ഭാസ്കരന്‍, ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെ മലയാള സിനിമാഗാനരംഗത്തെ അതികായരൊപ്പം സ്വന്തം പേരെഴുതിച്ചേര്‍ത്ത അര്‍ജുനന്‍ മാഷ് പക്ഷേ പുരസ്കാരങ്ങള്‍ക്ക് പിന്നാലെ പോയില്ല. ആരോടും അതെപ്പറ്റി പരിഭവം പറഞ്ഞില്ല. 

ശിഷ്യഗണങ്ങള്‍ പ്രശസ്തിയുടെ കൊടുമുടി കീഴടക്കുമ്പോള്‍ അര്‍ജുനന്‍ മാഷ് അവര്‍ക്കൊപ്പം സന്തോഷിച്ചു. നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം തന്‍റെ സംഗീത സപര്യ തുടര്‍ന്നു. ഒടുവില്‍ അര്‍ഹതയുള്ള അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി. എണ്‍പത്തിയൊന്നാം വയസില്‍ സംസ്ഥാന പുരസ്കാരത്തിന്‍റെ കന്നിക്കൊയ്ത്ത് നടത്തിയ അര്‍ജുനന്‍ മാഷിന്‍റെ ഹാര്‍മോണിയപ്പെട്ടിയില്‍ നിന്നും ഇനിയും ആത്മാവിന്‍റെ കണികയുള്ള ഗാനങ്ങള്‍ക്കായി ആരാധകരും കാത്തിരിക്കുകയാണ്.