നല്ല വസ്ത്രങ്ങള്‍ ധരിച്ചാല്‍ ഞങ്ങള്‍ മുതുവൻ വിഭാഗക്കാര്‍ അല്ലാതാകുമോ?

കാടുപേക്ഷിച്ച് നാട്ടിലെത്തി... ഇവിടെ വന്ന് നല്ല വസ്ത്രങ്ങള്‍ ധരിച്ചപ്പോള്‍ ഞങ്ങള്‍ മുതുവൻ വിഭാഗക്കാര്‍ അല്ലാതാകുമോ? മലയോര മേഖലയായ കാരശേരി പഞ്ചായത്തില്‍ താമസിക്കുന്ന മുതുവന്‍ വിഭാഗത്തിലുള്ളവര്‍ ഭരണകൂടത്തോട് ചോദിക്കുന്ന സംശയമാണിത്. 

Updated: Nov 28, 2017, 09:06 PM IST
നല്ല വസ്ത്രങ്ങള്‍ ധരിച്ചാല്‍ ഞങ്ങള്‍ മുതുവൻ വിഭാഗക്കാര്‍ അല്ലാതാകുമോ?

കാടുപേക്ഷിച്ച് നാട്ടിലെത്തി... ഇവിടെ വന്ന് നല്ല വസ്ത്രങ്ങള്‍ ധരിച്ചപ്പോള്‍ ഞങ്ങള്‍ മുതുവൻ വിഭാഗക്കാര്‍ അല്ലാതാകുമോ? മലയോര മേഖലയായ കാരശേരി പഞ്ചായത്തില്‍ താമസിക്കുന്ന മുതുവന്‍ വിഭാഗത്തിലുള്ളവര്‍ ഭരണകൂടത്തോട് ചോദിക്കുന്ന സംശയമാണിത്. 

2017 മാര്‍ച്ച് മാസത്തിന് ശേഷം മുതുവൻ വിഭാഗത്തിൽപ്പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. താമരശേരി ട്രൈബൽ ഓഫീസിൽ നിന്ന് മുതുവൻ വിഭാഗത്തിൽ പെടുന്നവരാണന്ന് സാക്ഷ്യപ്പെടുത്തി നൽകുന്നുണ്ടങ്കിലും താലൂക്ക് ഓഫീസിലെത്തുമ്പോൾ ഇവരെ മടക്കി അയക്കുന്നു. 

മൈസൂർ മല ,തേക്കുംകുറ്റി, സണ്ണിപ്പടി, തോട്ടക്കാട്, മരഞ്ചാട്ടി, ചുണ്ടത്തും പൊയിൽ കോളനികളിലെ 193 കുടുംബങ്ങളിലായി 628 പേരാണ് മുതുവൻ വിഭാഗത്തിൽപ്പെടുന്നവർ. വർഷങ്ങളോളം പുറം ലോകവുമായി ബന്ധമില്ലാതെ മലമുകളിൽ കാടുകളിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഇവര്‍ ഇപ്പോള്‍ കാരശേരി പഞ്ചായത്തിലെ കോളനികളിലാണ് താമസം. 

2017 മാർച്ച് മാസം വരെ ഇവർക്ക് മുതുവൻ വിഭാഗമെന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ കോഴിക്കോട് താലൂക്ക് ഓഫീസിൽ നിന്ന് നൽകിയിരുന്നു. എന്നാൽ മാർച്ചിന് ശേഷം ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ സ്കോളർഷിപ്പ്, ഗ്രാൻറ് ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.  

സണ്ണിപ്പടി കോളനിയിലെ കെ.സി.അരുൺ എന്ന യുവാവിന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി താൽക്കാലിക ജോലി ലഭിച്ചങ്കിലും സർട്ടിഫിക്കറ്റില്ലാത്തതിനാൽ ജോലിയിൽ പ്രവേശിക്കാനായില്ല. ഈ കോളനിയിൽ മാത്രം 13 കുട്ടികൾ പഠനം തുടരാനാവാത്ത അവസ്ഥയിലാണ്. ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ആറു മാസ കാലാവധിയിലാണ് നൽകുന്നത് എന്നതും ഇവരുടെ ദുരിതം വര്‍ധിപ്പിക്കുന്നു. 

കേരളത്തിൽ ഇടുക്കി ജില്ലയിൽ മാത്രമാണ് മുതുവൻ വിഭാഗത്തിൽ പെട്ടവർ ഉള്ളൂ എന്ന പുതിയ അവകാശവാദമാണ്  ഇപ്പോള്‍ റവന്യൂ വകുപ്പ് ഉന്നയിക്കുന്നത്. എന്നാല്‍, കാലങ്ങളായി ഈ വിഭാഗത്തിൽ പെട്ടവരാണന്ന് സർക്കാർ തന്നെ സാക്ഷ്യപ്പെടുത്തിയവരെ തഴഞ്ഞുകൊണ്ടാണ് പുതിയ നടപടിയുമായി വകുപ്പ് മുന്നോട്ട് പോകുന്നത്. 

ബോധപൂര്‍വമായ ഇടപെടല്‍ നടന്നില്ലെങ്കില്‍, നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ അടയാളപ്പെടുത്തലായി ഇപ്പോഴും കഴിയുന്ന ആദിവാസികളിൽപ്പെട്ട ഒരു വിഭാഗം സര്‍ക്കാര്‍ രേഖകളിൽ  നിന്നും ഇല്ലാതാകും. അരികുവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തോട് ചെയ്യുന്ന വലിയൊരു നീതികേടായി അത് മാറുമെന്നുറപ്പ്.