മടുപ്പിക്കില്ല, 'നാം' നന്മ നിറഞ്ഞവര്‍

നവാഗതനായ ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒന്നാണെന്ന് മാധ്യമ വിദ്യാര്‍ത്ഥിനി സ്നേഹ അനിയന്‍ പറയുന്നു

Updated: May 15, 2018, 02:46 PM IST
മടുപ്പിക്കില്ല, 'നാം' നന്മ നിറഞ്ഞവര്‍

കൂടെ ചിരിക്കുന്നവര്‍ അല്ല, ചിരിപ്പിക്കാന്‍ കൂടെ നില്‍ക്കുന്നവരാണ് സുഹൃത്തുക്കള്‍. 

കോളേജ് ജീവിതത്തിന്‍റെയും, പ്രണയത്തിന്‍റെയും, സൗഹൃദത്തിന്‍റെയും, കോളേജ് രാഷ്ട്രീയത്തിന്‍റെയും  കഥ പറഞ്ഞ ധാരാളം ക്യാമ്പസ് ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, പ്രണയമോ വിരഹമോ രാഷ്ട്രീയമോ ഇല്ലാതെ നന്മ നിറഞ്ഞ സൗഹൃദം മാത്രം പറയുന്ന ഒരു ചിത്രം ആദ്യമാണ്. അതാണ്‌ 'നാം' എന്ന ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്നതും.

ദുരന്തങ്ങളില്‍ കൂടെ നില്‍ക്കുന്ന സുഹൃത്താണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത്. അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ദുരന്തത്തില്‍ ഒറ്റപ്പെട്ടു പോകുമായിരുന്ന ഒരു വ്യക്തിയുടെ ചുറ്റും നിസ്വാർത്ഥരായ ഒരു പറ്റം സുഹൃത്തുകള്‍ തീര്‍ത്ത സ്നേഹത്തിന്റെ വലയമാണ് 'നാം'. 

ജെ.ടി.പി ഫിലിംസിന്റെ ബാനറിൽ ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒന്നാണ്. 

അതിഥി രവി, ഗായത്രി സുരേഷ്, ശബരീഷ് വര്‍മ്മ, രാഹുല്‍ മാധവ്, നോബി വര്‍ഗീസ്, ടോണി ലൂക്ക്, അഭിഷേക് രവീന്ദ്രന്‍ എന്നിവരടങ്ങിയ യുവ താരനിരയുടെ കോളേജ് പ്രവേശനവും, ഹോസ്റ്റല്‍ ജീവിതവും, റാഗിങ്ങുമൊക്കെ എല്ലാ ക്യാമ്പസ് ചിത്രങ്ങളിലുമുള്ളത് പോലെ തന്നെയാണെങ്കിലും അതിനിടയില്‍ സംഭവിക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമാണ്. 

ടോവിനോ നല്‍കുന്ന മികച്ച തുടക്കം പ്രേക്ഷകര്‍ക്ക് ആവേശം നല്‍കുന്നു.  തുടക്കത്തില്‍ പരുക്കനെന്ന് തോന്നിപ്പിക്കുകയും രണ്ടാം പകുതിയോടെ കുട്ടികള്‍ക്കൊപ്പം ആനന്ദിക്കുകയും അവരുടെ ആവശ്യങ്ങളില്‍ കൂടെ നില്‍കുകയും ചെയ്യുന്ന  രണ്ട് വാർഡന്മാരായ അച്ചന്‍ കഥാപാത്രങ്ങളെ തമ്പി ആന്‍റണിയും രഞ്ജി പണിക്കരും ഭംഗിയാക്കി.

വിനീത് ശ്രീനിവാസനും ഗൌതം മേനോനും നിര്‍ണ്ണായക നിമിഷത്തില്‍ പ്രത്യക്ഷപെടുന്നിടത്താണ് കഥയുടെ ഗതി മാറുന്നത്. കൂടാതെ, ലോക സിനിമയിലെ ഒരു ഇതിഹാസ താരത്തിന്‍റെ അദൃശ്യ സാന്നിദ്ധ്യവും കൂടിയായപ്പോള്‍ ചിത്രത്തിന് മാറ്റ് കൂടി. (സസ്പെന്‍സ് പറഞ്ഞ് രസച്ചരട് മുറിക്കണ്ടല്ലോ!)

അതേസമയം, കഥാപാത്രങ്ങളുടെ ബാഹുല്യം ചിത്രത്തിന് വിലങ്ങുതടിയാകുന്നുണ്ട്. അവര്‍ പ്രേക്ഷകന്‍റെ ചങ്കിലേക്കിറങ്ങി വരാത്തതിന് കാരണവും അപൂര്‍ണമായ കഥാപാത്രസൃഷ്ടി തന്നെയാണ്. പല കഥാപാത്രങ്ങളും അനാവശ്യമായി തോന്നിപ്പോകും. കുത്തിത്തിരുകിയ കഥാപാത്രങ്ങള്‍ക്കിടയിലും ആ കാഴ്ച ബോറടിപ്പിക്കാതിരിക്കുന്നതിന് കാരണം ചിത്രത്തിന്‍റെ ദൃശ്യമികവ് ആണ്.  അതിനുള്ള കയ്യടി തീര്‍ച്ചയായും ഛായഗ്രാഹകന്‍ സുധി അര്‍ഹിക്കുന്നുണ്ട്.  കഥാപാത്രങ്ങള്‍ നടത്തുന്ന യാത്രകളും, ആഘോഷങ്ങളും തങ്ങളുടേത് കൂടിയാണ് എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കും വിധമാണ് ചിത്രത്തിന്റെ മേക്കിംഗ്

ശബരീഷ് വര്‍മ്മ വരികളെഴുതിയ ഗാനങ്ങള്‍ക്ക് അശ്വിനും സന്ദീപും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. യുവതലമുറയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവിതവും വരച്ച്കാട്ടുന്നതിന് ചിത്രത്തില്‍ പാട്ടുകള്‍ വഹിച്ച പങ്ക് വലുതാണ്‌. സൗഹൃദം നല്‍കുന്ന സന്ദേശങ്ങള്‍ക്കൊപ്പം സമൂഹത്തിനു ആവശ്യമായ ചില ഉപദേശങ്ങള്‍ കൂടി നല്‍കികൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. 

ഇവയെല്ലാം കൂട്ടിയിണക്കി ചിത്രത്തിന് പൂര്‍ണത വരുത്തിയത് നവാഗതനായ സംവിധായകന്റെ ആത്മാര്‍ത്ഥതയും സമര്‍പ്പണവുമാണ്.  ചിത്രത്തിനുള്ളില്‍ വരച്ച് തീര്‍ത്ത സൗഹൃദവും സ്നേഹവുമൊക്കെ ചിത്രത്തിന് പുറത്തും സംവിധായകന്‍ കാത്ത് സൂക്ഷിച്ചുവെന്ന് നാമില്‍ നിന്ന് വ്യക്തം.