'ഇത്തരം ദുരനുഭവങ്ങള്‍ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ', കേള്‍ക്കാതെ പോകരുത് ഷാഫിയുടെ വാക്കുകള്‍

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത്‌ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹർത്താലിനിടയില്‍ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ മുഹമ്മദ്‌ ഷാഫിയെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതി നല്‍കാനില്ലെന്ന് വ്യക്തമാക്കി ഷാഫി തന്നെ രംഗത്ത്. ഹർത്താൽ തുടങ്ങി ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ട സമയത്താണ് ഷാഫിക്കെതിരെ അക്രമം അരങ്ങേറിയത്. 

Updated: Apr 11, 2018, 04:36 PM IST
'ഇത്തരം ദുരനുഭവങ്ങള്‍ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ', കേള്‍ക്കാതെ പോകരുത് ഷാഫിയുടെ വാക്കുകള്‍

രാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത്‌ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹർത്താലിനിടയില്‍ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ മുഹമ്മദ്‌ ഷാഫിയെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതി നല്‍കാനില്ലെന്ന് വ്യക്തമാക്കി ഷാഫി തന്നെ രംഗത്ത്. ഹർത്താൽ തുടങ്ങി ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ട സമയത്താണ് ഷാഫിക്കെതിരെ അക്രമം അരങ്ങേറിയത്. 

ആലങ്ങാട് സ്വദേശിയായ മുഹമ്മദ് ഷാഫി തന്‍റെ സുഹൃത്തിന്‍റെ ഭാര്യയേയും രോഗം ബാധിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനേയും ആശുപത്രിയിലെത്തിക്കാൻ പോകവെയാണ് മർദ്ദനമേറ്റത്. പൊലീസ് നോക്കിനിൽക്കേ ആയിരുന്നു മർദ്ദനം. മര്‍ദ്ദനത്തില്‍ മാരക പരിക്കുകള്‍ ഒന്നും ഏറ്റിട്ടില്ല. പക്ഷെ നല്ല ഇടിയാണ് തനിക്ക് കിട്ടിയതെന്ന് മുഹമ്മദ്‌ ഷാഫി വ്യക്തമാക്കി.

സ്വന്തമായി കാറ്ററിംഗ് സ്ഥാപനം നടത്തിവരികയാണ് മുഹമ്മദ്‌ ഷാഫി. സ്വയം തൊഴിലെടുത്ത് ജീവിക്കുന്ന തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന്‍ ഷാഫി പറയുന്നു. 'കേസിനോ വഴക്കിനോ പോകാന്‍ താല്‍പര്യമില്ല, അതിനൊക്കെ പണം കണ്ടെത്താന്‍ പോലും എനിക്ക് കഴിയില്ല. എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച ഒരു കുടുംബമുണ്ട്. അവരെ നല്ലവണ്ണം നോക്കുകയാണ് ലക്‌ഷ്യം' ഷാഫി പറഞ്ഞു.

താന്‍ ഒരു ഹര്‍ത്താല്‍ വിരോധിയാണെന്ന് വ്യക്തമാക്കിയ ഷാഫി, ജനങ്ങളെ ദ്രോഹിക്കാന്‍ വേണ്ടി മാത്രമാണ് എല്ലാ സംഘടനകളും ഹര്‍ത്താല്‍ നടത്തുന്നതെന്ന് ആരോപിച്ചു. 'ഹര്‍ത്താലുകൊണ്ട് എന്താണ് അവര്‍ നേടുന്നത്? നഷ്ടങ്ങള്‍ അല്ലാതെ എന്ത് പ്രയോജനമാണ് ഹര്‍ത്താല്‍ നല്‍കുന്നത്? ബസ് കത്തിക്കല്‍, പൊതുജനത്തെ ഉപദ്രവിക്കല്‍, എന്നെ പോലുള്ള സാധാരണക്കാരുടെ മേല്‍ മെക്കിട്ടുകേറല്‍ അങ്ങനെ ആത്മ സന്തോഷത്തിനുവേണ്ടി പലതും കാണിക്കാം എന്നല്ലാതെ ഹര്‍ത്താല്‍ ആര്‍ക്കും ഒന്നും നല്‍കില്ല'. ഹര്‍ത്താലിനെതിരെ പൊതുജനം മുന്നിട്ടിറങ്ങണമെന്നും ഷാഫി അഭ്യര്‍ത്ഥിക്കുന്നു.

ഇതിനിടയില്‍ പരീക്ഷയെഴുതാനായി കൊച്ചിയിലേക്ക് ഇരുചക്രവാഹനത്തിൽ പോയ വിദ്യാർഥിനികളെയും പ്രതിഷേധക്കാർ തടഞ്ഞിരുന്നതായി ഷാഫി സൂചിപ്പിച്ചു. അവര്‍ പെണ്‍കുട്ടികളെ അസഭ്യം പറയുകയും പ്രതിഷേധിച്ചപ്പോള്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തതായി ഷാഫി വ്യക്തമാക്കി. ഹര്‍ത്താല്‍ അനുകൂലികള്‍ മോശം ഭാഷയിൽ സംസാരിച്ചതായി വിദ്യാർഥിനികളും നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം, തനിക്കെതിരെ ഉണ്ടായ ആക്രമണം വര്‍ഗ്ഗീയപരമായും രാഷ്ട്രീയപരമായും ചിത്രീകരിക്കരുതെന്നും ഷാഫി സൂചിപ്പിച്ചു. മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതി നല്‍കാത്തത് തന്നെ ആരും സ്വാധീനിച്ചതുകൊണ്ടല്ല, ആര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ സംഭവിക്കാതിരിക്കട്ടെ, മുഹമ്മദ്‌ ഷാഫി പറയുന്നു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close