അശാന്തന്‍റെ മൃതദേഹം നമ്മോട് പറയുന്നത്, ചിത്രകാരന്‍ ബിജോയിയുടെ കുറിപ്പ്

എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച് ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ പ്രശസ്ത ചിത്രകാരന്‍ ബിജോയ് എസ്.ബി എഴുതുന്നു

Updated: Apr 13, 2018, 04:46 PM IST
അശാന്തന്‍റെ മൃതദേഹം നമ്മോട് പറയുന്നത്, ചിത്രകാരന്‍ ബിജോയിയുടെ കുറിപ്പ്
അശാന്തന്‍റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പ്രതിഷേധിച്ച് ബിജോയ് വരച്ച ചിത്രം

ഞാൻ മരിച്ചുകഴിഞ്ഞാൽ എന്‍റെ മൃതദേഹം എന്തുചെയ്യണമെന്ന് 
എനിക്കൊരു അഭിപ്രായം ഉണ്ടായിരുന്നില്ല,...
പക്ഷെ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു, 
എന്‍റെ മൃത
ദേഹം ഒരു പത്തുമിനിറ്റെങ്കിലും 
ദർബാർ ഹാളിന് മുന്‍പിലുള്ള റോഡിൽ 
പായവിരിച്ചു നിലത്തുകിടത്തണം, 
അതുകഴിഞ്ഞു പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകാതെ 
നിങ്ങള്‍ക്ക് എന്തുംചെയ്യാം....
കാരണം മരിക്കുന്നതിന് മുൻപ് 
ഞാനും ഒരു ചിത്രകാരനായിരിന്നു...

അശാന്തന്റെ മൃതദേഹം നമ്മോടു പലതും പറയുന്നുണ്ട്. സവർണ്ണ ഫാസിസത്തിനെതിരെ ഇന്ത്യയിൽത്തന്നെ ജനാതിപത്യ രീതിയിൽ ശക്തമായ നിലാപാടുകളെടുത്ത കലാകാരന്മാരായിരിന്നു കേരളത്തിലുള്ളത്. അവരുടെയെല്ലാം ചെകിടിൽ കിട്ടിയ പ്രഹരമായിരുന്നു ഈ വിഷയം. കാൽച്ചുവട്ടിലെ മണ്ണിൽ പോലും കാവിനിറം അലിഞ്ഞുചേരുന്നത് നമ്മൾ അറിയാതെപോയി. 

ഫാസിസം ആദ്യം നിശബ്‌ദമാക്കിയിരുന്നത് കലാകാരന്മാരെയും എഴുത്തുകാരെയുമായിരിന്നു. അവരെ  കീഴടക്കിയാൽ, നിഷ്പ്രയാസം ജനങ്ങളെ കീഴടക്കാനാകുമെന്ന് അവർക്കറിയാം. അതുതന്നെയാണ് സംഘപരിവാർ ഇന്ത്യയിൽ ചെയ്തുകൊണ്ടിരിക്കുന്നതും. അത് ഇത്ര വേഗത്തിൽ കേരളക്കരയെയും കീഴ്പ്പെടുത്തിയിരിക്കുന്നു. അത് സംഭവിച്ചത് ചെങ്കൊടിയുടെ മറയിലാണെന്നറിയുമ്പോൾ അതിന്റെ ആഘാതം കൂടുകയാണ്. 

ചിന്തിക്കുന്നവരെയും എഴുതുന്നവരെയും അവർ മാവോയിസ്റ്റ് ചാപ്പകുത്തി നിശബ്‌ദമാക്കുന്നു. അതിന്‌ ഉദാഹരണമാണ് മാധ്യമ പ്രവർത്തകരായ അഭിലാഷിന്‍റെയും അനന്തുവിന്‍റെയും പൊലീസ് അറസ്റ്റും വായമ്പാടിയിൽ ഇടതു എം.എല്‍.എ കൂടിയായ പി .രാജീവ് എന്‍.എസ്.എസിന് എതിരെ ഒരക്ഷരം മിണ്ടാതെ നടത്തിയ പ്രഹസന നാടകവും. സംഘപരിവാർ ഇവരെ വിലക്കെടുത്തിരിക്കുന്നു.

സംഘപരിവാർ പലവിധ ചാപ്പകുത്തലും നടത്തിക്കൊണ്ടിരുന്നു. രാജ്യദ്രോഹികൾ ,മുസ്‌ളീം തീവ്രവാദികൾ, മാവോയിസ്റ്റുകൾ, ലൗ ജിഹാദ്... അപ്പോഴെല്ലാം കേരളത്തിലെ സംഘി പാളയത്തിലല്ലാത്ത കലാകാരന്മാർ പ്രതികരിച്ചുകൊണ്ടിരിന്നു. ഇപ്പോഴിതാ ക്രമേണ നമ്മുടെ ഇടതുസർക്കാരിന്‍റെ പൊലീസും ഏറ്റുപാടാൻ തുടങ്ങിയിരിക്കുന്നു. 

സംഘപരിവാർ നമ്മെ കീഴ്പെടുത്തിയിരിക്കുന്നു. അതിന്‍റെ വ്യക്തമായ ആധിപത്യമാണ് വായമ്പാടിയിൽ കണ്ടതും അശാന്തന്‍റെ മൃതദേഹത്തോട് കാണിച്ചതും. കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിൽ വന്ന സംഘപരിവാറിന് നേർക്ക് ഒന്ന് ശബ്‌ദമുയർത്താൻപോലുമാകാതെ നമ്മുടെ കലാകാരന്മാരും മുഖ്യധാരാ മാധ്യമ പ്രവർത്തകരും ഭരണകൂടവും നിശ്ശബ്‌ദമായിരിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയങ്ങളുടെയൊന്നും കാര്യഗൗരവം മനസിലാക്കുന്നില്ല. അയാളിപ്പോഴും പി.എം മനോജിനെയും ജോൺ ബ്രിട്ടാസിനെയും പോലുള്ള സ്തുതി പാഠകരുടെ പിടിയിലാണ്. 

അശാന്തന്‍റെ മൃതദേഹം നമ്മോടു പലതും പറയുന്നുണ്ട്. നമുക്കിനിയും വരച്ചുകൊണ്ടിരിക്കാം... പേനകൾ ചലിപ്പിച്ചുകൊണ്ടിരിക്കാം.... കലയില്ലെങ്കിൽ കലാപമുണ്ടാകും എന്ന് അവർക്കറിയാം. സംഘപരിവാറിന്‍റെ ആവശ്യം അതാണ്. ജാതിയിലും മതത്തിലും ഭിന്നിപ്പിക്കുക... കലാപമുണ്ടാക്കുക... ഭരണം പിടിക്കുക. ഇത് നമ്മൾ തിരിച്ചറിയുക... നമ്മൾ ഓരോരുത്തരും അശാന്തന്മാരാണ്! 

(DISCLAIMER: ഈ പംക്തിയില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലേത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്. അതില്‍ സീ ന്യൂസിന് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല)

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close