നീന്തി തുടിച്ച് കളിയാരവങ്ങള്‍ ഒടുങ്ങി; മുക്കത്തെ കുട്ടികൾ നാളെ സ്കൂളുകളിലേക്ക്

ഇത്തവണ മഴ നേരത്തെ എത്തിയതോടെ തോട്ടുമുക്കം പുഴ അതിന്‍റെ അഴകിലൊഴുകി തുടങ്ങിയത് ശനിയാഴ്ച മുതലാണ്‌.

Last Updated : Jun 11, 2018, 09:51 PM IST
നീന്തി തുടിച്ച് കളിയാരവങ്ങള്‍ ഒടുങ്ങി; മുക്കത്തെ കുട്ടികൾ നാളെ സ്കൂളുകളിലേക്ക്

നീന്തി തുടിച്ചുള്ള കളിയാരവങ്ങൾക്ക് വിരാമമിട്ട് രണ്ടര മാസത്തെ അവധിക്കാലത്തിനുശേഷം തോട്ടുമുക്കത്തെ കുട്ടികൾ നാളെ സ്കൂളുകളിലേക്ക്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജൂൺ ഒന്നിന് തുറക്കേണ്ട സ്കൂളുകൾക്ക് നിപ വൈറസ് ഭീതിയെ തുടർന്ന് പത്ത് ദിവസം കൂടി സർക്കാർ അവധി നീട്ടികൊടുത്തപ്പോള്‍, കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ തോട്ടുമുക്കം ഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികള്‍ക്ക് ഗ്രാമത്തിലെ പുഴയില്‍ നീന്തലിന്‍റെ ആർപ്പ് വിളികളോടെ പത്തുനാള്‍ കൂടി അവധിക്കാലം ആവേശമാക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.

തോട്ടുമുക്കം മലയോര ഗ്രാമത്തെ മിക്ക കുട്ടികളും നീന്തൽ പഠിച്ചവരാണ്. കൊച്ചു കുട്ടികളായിരുന്നപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം പുഴയിൽ അലക്കാനും കുളിക്കാനുമെത്തുക പതിവാക്കിയിരുന്ന ഇവരെ അച്ഛനമ്മമാരാണ് നീന്തൽ പഠിപ്പിച്ചത്. ഈ പുഴയില്‍ നിന്നാണ് അവര്‍ നീന്തലിന്‍റെ ബാലപാഠം പഠിച്ചത്. അതോടെ പുഴയോടുള്ള പേടിയകന്ന് കുത്തിയൊഴുകുന്ന പുഴ വെള്ളത്തിൽ നീന്തി തുടിച്ച് അവര്‍ വേനല്‍ക്കാലത്തെ ആവേശഭരിതമാക്കി. ഇതുവരേയും ആരും ഇവിടെ അപകടത്തിൽപ്പെട്ട സംഭവവുമുണ്ടായിട്ടില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ആധുനിക നീന്തൽ കുളങ്ങളിൽ പരിശീലനം ലഭിക്കുന്നവർക്ക് ഇവര്‍ക്കുള്ള അത്ര പരിചയം ഇല്ലെന്നതും മറ്റൊരു വസ്തുതയാണ്.

കക്കാടംപൊയിലിൽ മലയിൽനിന്നുത്ഭവിച്ച് ഒഴുകിവരുന്ന ശുദ്ധമായ ജലമാണ് തോട്ടുമുക്കം പുഴയിലെത്തുന്നത്. വേനൽക്കാലത്ത് തടയണകൾ കെട്ടിയും പുഴയെ പ്രയോജനപ്പെടുത്തി കുട്ടികള്‍ നീന്തി കളിച്ചിരുന്നു. ഇത്തവണ മഴ നേരത്തെ എത്തിയതോടെ തോട്ടുമുക്കം പുഴ അതിന്‍റെ അഴകിലൊഴുകി തുടങ്ങിയത് ശനിയാഴ്ച മുതലാണ്‌. ഇതേത്തുടർന്ന് കുട്ടികള്‍ നീന്തലോടൊപ്പം ചൂണ്ടയിട്ടു മീൻ പിടിച്ചും നീട്ടി കിട്ടിയ അവധിദിനങ്ങൾ നന്നായി വിനിയോഗിച്ചു.

നീറ്റിലേയും ചേറ്റിലേയും കളിയാരവങ്ങൾക്ക് വിരാമമിട്ട് നാളെ മുതല്‍ അക്ഷര മധുരം നുകരാൻ സൂളുകളിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയിരിക്കുകയാണ് മുക്കം ഗ്രാമത്തെ മിടുക്കന്മാര്‍. അടുത്ത വർഷത്തെ വേനലവധിയില്‍ സജീവമാവുകയാണ് ഇവരുടെ ലക്ഷ്യം.

Trending News