കറക്കം യൂത്തന്‍മാര്‍ക്ക് മാത്രമോ! കാരശേരി കാരണവന്‍മാരും താജ്മഹലിലേക്ക്

ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം 'കാരശേരി' ടു 'ആഗ്ര'? ഇങ്ങനെ ഒരു ചോദ്യം കുറച്ചു കാലം മുന്‍പാണ് കാരശേരിയിലെ കാരണവന്‍മാരോടും കാര്‍ന്നോത്തികളോടും ചോദിച്ചതെങ്കില്‍ അവര്‍ ചിലപ്പോ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുമായിരുന്നു. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. പഞ്ചായത്തിലെ 65നും 85നും ഇടയില്‍ പ്രായമുള്ള എണ്‍പതോളം വയോധികര്‍ താജ്മഹല്‍ കാണാന്‍ യാത്ര തിരിച്ചിരിക്കുകയാണ്. ടെലിവിഷനിലും പത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും എല്ലാം നേരിട്ട് കാണാന്‍. 

Seena Antony | Updated: Nov 12, 2017, 06:51 PM IST
കറക്കം യൂത്തന്‍മാര്‍ക്ക് മാത്രമോ! കാരശേരി കാരണവന്‍മാരും താജ്മഹലിലേക്ക്

കാരശേരി: ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം 'കാരശേരി' ടു 'ആഗ്ര'? ഇങ്ങനെ ഒരു ചോദ്യം കുറച്ചു കാലം മുന്‍പാണ് കാരശേരിയിലെ കാരണവന്‍മാരോടും കാര്‍ന്നോത്തികളോടും ചോദിച്ചതെങ്കില്‍ അവര്‍ ചിലപ്പോ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുമായിരുന്നു. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. പഞ്ചായത്തിലെ 65നും 85നും ഇടയില്‍ പ്രായമുള്ള എണ്‍പതോളം വയോധികര്‍ താജ്മഹല്‍ കാണാന്‍ യാത്ര തിരിച്ചിരിക്കുകയാണ്. ടെലിവിഷനിലും പത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും എല്ലാം നേരിട്ട് കാണാന്‍. 

കാരശ്ശേരി പഞ്ചായത്ത് ആവിഷ്ക്കരിച്ച വയോജന സൗഹൃദപദ്ധതികളില്‍ ആദ്യത്തെതാണ് ഇത്. സൗജന്യമായി രാജ്യതലസ്ഥാനവും ആഗ്രയിലെ താജ്മഹലും പഞ്ചായത്തിലെ വയോധികര്‍ക്ക് കാണാന്‍ അവസരമൊരുക്കുക എന്നത്. 'കാരശേരി കാരണവന്‍മാര്‍ താജ്മഹലിലേക്ക്' എന്ന പേരിലാണ് യാത്ര. പഞ്ചായത്തിലെ ആദിവാസി കോളനികളിലെ മൂപ്പന്‍മാരും യാത്രാസംഘത്തിലുണ്ട്. 

യാത്രസംഘത്തിലെ പലരും ആദ്യമായാണ് കേരളത്തിന് പുറത്തേക്ക് പോലും പോകുന്നത്. സ്വപ്നയാത്രക്ക് വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും എല്ലാം തയ്യാറാക്കി അത്ഭുതമൂറുന്ന മനസും കണ്ണുകളുമായി അവര്‍ കോഴിക്കോട് നിന്ന് ശനിയാഴ്ച യാത്ര തിരിച്ചു. മുക്കത്തിന്‍റെ കാഞ്ചനമാലയും എം.എല്‍.എയും വയോധികരെ യാത്രയാക്കാന്‍ എത്തിയിരുന്നു. 

പലര്‍ക്കും ഇപ്പോഴും വിശ്വാസമായിട്ടില്ല. ടൗണിലെ കാഴ്ചകള്‍ കാണാന്‍ കൊണ്ടുപോകുന്നതിന് സ്വന്തം മക്കള്‍ പോലും മടിക്കുമ്പോഴാണ് ഒരു പഞ്ചായത്തിലെ മുഴുവന്‍ വയോധികരെയും കൊണ്ട് ഇത്രയും വലിയ യാത്ര നടത്താന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ വിനോദും സഹപ്രവര്‍ത്തകരും മുന്നോട്ട് വരുന്നത്. നവംബര്‍ 18 വരെയാണ് യാത്ര.