നന്ദി മുംബൈ, ഭരണകൂടം കാണാന്‍ വിസമ്മതിച്ച ഈ കര്‍ഷകരെ സ്വീകരിച്ചതിന്

വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും രാഷ്ട്രീയം പറഞ്ഞ് ലഹളകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഭരണകൂടത്തിന് മുന്‍പിലാണ് മനുഷ്യത്വത്തിന്‍റെയും സഹാനുഭൂതിയുടെയും വലിയ മാതൃക മുംബൈ നഗരം കാണിച്ചത്. 

Seena Antony | Updated: Mar 12, 2018, 08:51 PM IST
നന്ദി മുംബൈ, ഭരണകൂടം കാണാന്‍ വിസമ്മതിച്ച ഈ കര്‍ഷകരെ സ്വീകരിച്ചതിന്

നാസിക്കില്‍ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച അവര്‍ പുറപ്പെട്ടപ്പോള്‍ എണ്ണത്തില്‍ ഇരുപത്തി അയ്യായിരമായിരുന്നു. ചുവന്ന തൊപ്പികളും കയ്യില്‍ ചെങ്കൊടികളുമായി കനത്ത ചൂടിനെ അവഗണിച്ച് ഇന്ന് പുലര്‍ച്ചെ മുംബൈയില്‍ എത്തിയപ്പോഴേക്കും അവര്‍ ഒരു ലക്ഷമായി വളര്‍ന്നു. അവരുടെ എണ്ണത്തിനൊപ്പം രാജ്യത്തെ ജനാധിപത്യവിശ്വാസികളുടെ പിന്തുണയും അവര്‍ക്കൊപ്പം നിന്നു. സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിന് അങ്ങനെ മുംബൈ സാക്ഷിയായി. 

ജീ​വി​തം അ​ല്ലെ​ങ്കി​ൽ മ​ര​ണം എ​ന്നതായിരുന്നു കര്‍ഷകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. അനിഷ്ട സംഭവങ്ങള്‍ക്ക് ഇട നല്‍കാതെ അച്ചടക്കത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി അവര്‍ ദൂരങ്ങള്‍ താണ്ടി. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തടസമാകാതിരിക്കാന്‍ തിരക്കുകളിലേക്ക് നഗരം ഉണരുന്നതിനു മുന്‍പേ അവര്‍ മുംബൈ നഗരത്തിലേക്ക് നടന്നു കേറി. ആസാദ് മൈതാനിയില്‍ ഒത്തു ചേര്‍ന്നു. ചര്‍ച്ചകള്‍ തീരും വരെ ക്ഷമാപൂര്‍വം  കാത്തിരുന്നു. 

ഇന്നലെ വരെ മുംബൈ എന്നാല്‍ ലാഭക്കണക്കിന് പിന്നാലെ ഓടുന്നവരുടെ നഗരം എന്ന വികാരമായിരുന്നു ഭൂരിപക്ഷം ഇന്ത്യക്കാരുടെയും മനസില്‍. എന്നാല്‍, ഇന്ന് അത് തിരുത്തിയെഴുതപ്പെട്ടു. അരികുവല്‍ക്കരിക്കുന്നവര്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് മുംബൈ വാസികള്‍ പ്രവര്‍ത്തികളിലൂടെ തെളിയിച്ചു. 

കര്‍ഷകര്‍ക്ക് കുടിവെള്ളവും ഭക്ഷണവും നല്‍കാന്‍ നഗരവാസികളെത്തി. മുംബൈ നഗരത്തെ ഊട്ടുന്ന ഡാബാവാലകളുടെ നേതൃത്വത്തില്‍ സമരക്കാര്‍ക്ക് ഭക്ഷണം എത്തി. നിരവധി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ലഘുഭക്ഷണവും കുടിവെള്ളവും എത്തി. നടന്നു തേഞ്ഞ ചെരിപ്പുകള്‍ക്ക് പകരം പുതിയ ചെരിപ്പുകള്‍ നല്‍കാന്‍ വരെ അവര്‍ ശ്രദ്ധിച്ചു. നടന്ന് ക്ഷീണിച്ചവര്‍ക്കും കാലില്‍ പരിക്കേറ്റവര്‍ക്കും മെഡിക്കല്‍ സഹായം നല്‍കാനും അവരൊപ്പം കൂടി. 'അര്‍ബന്‍ മാവോയിസ്റ്റുകള്‍' എന്ന പൂനം മഹാജന്‍റെ പ്രസ്താവന പോലും മുംബൈ നഗരത്തെ തെല്ലും ഏശിയില്ല. കര്‍ഷകര്‍ നടന്നു നീങ്ങിയ വഴികളില്‍ പുഷ്പവൃഷ്ടി നടത്താന്‍ ഓടിയെത്തിയത് മുംബൈയിലെ സാധാരണക്കാരായിരുന്നു. നഗരത്തിന്‍റെ മുക്കിലും മൂലയിലും ഹെല്‍പ് ഡെസ്കുകള്‍ തുറന്ന് അവര്‍ സമരക്കാര്‍ക്ക് ഒപ്പം നിന്നു. 

ഇത്രയും വിപുലമായ സഹായങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഖില ഭാരതീയ കിസാന്‍ സഭ സംസ്ഥാന അധ്യക്ഷന്‍ കിസാന്‍ ഗുജര്‍ പറയുന്നു. മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതിന് സംവിധാനം ഒരുക്കി ഒരു ട്രക്ക് മാര്‍ച്ചിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ സമരക്കാര്‍ക്കായി ഒന്നും തന്നെ സംഘാടകര്‍ക്ക് നല്‍കേണ്ടി വന്നില്ല. ഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെ എല്ലാ സഹായങ്ങളും മുംബൈ നഗരവാസികള്‍ നല്‍കുകയായിരുന്നുവെന്ന് കിസാന്‍ ഗുജര്‍ സാക്ഷ്യപ്പെടുത്തി. 

ഏത് സംഭവങ്ങളിലും നെഗറ്റീവ് വിഷയങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ തിരക്ക് കൂട്ടുന്ന മാധ്യമങ്ങള്‍ വരെ ഈ സഹവര്‍ത്തിത്ത്വത്തെ അംഗീകരിച്ചു. സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും രാഷ്ട്രീയം പറഞ്ഞ് ലഹളകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഭരണകൂടത്തിന് മുന്‍പിലാണ് മനുഷ്യത്വത്തിന്‍റെയും സഹാനുഭൂതിയുടെയും വലിയ മാതൃക മുംബൈ നഗരം കാണിച്ചത്. 

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത് പോലെ ജനജീവിതം സ്തംഭിപ്പിക്കുന്ന രാഷ്ട്രീയ ശക്തിപ്രകടനമായിരുന്നില്ല കര്‍ഷകരുടേത്. നിലിനല്‍പ്പിനായി വേണ്ടി നടത്തിയ നിശബ്ദ പ്രക്ഷോഭം മാത്രം. അവകാശപ്പെട്ടത് നേടിയെടുക്കാനുള്ള തങ്ങളുടെ യാത്ര തിരക്കിനൊപ്പം പാഞ്ഞോടുന്ന മുംബൈ നഗരവാസികള്‍ക്ക് ശല്യമാകരുതെന്ന കരുതല്‍ പോലും സമാനതകളില്ലാത്ത മാതൃകയാണ്. അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ച മുംബൈ നഗരവും നമുക്ക് മുന്‍പില്‍ വയ്ക്കുന്നത് സമാനതകളില്ലാത്ത മാതൃക തന്നെ. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close