മരണത്തിരകളുടെ ദുരന്ത ഓര്‍മ്മകള്‍ക്ക് പതിമൂന്നാണ്ട്

ലോകജനതയ്ക്കുമേല്‍ നാശം വിതച്ച സുനാമി തിരകളുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് പതിമൂന്നാണ്ട്. 2004 ഡിസംബർ 26നാണ് നാടിനെ നടുക്കിയ ദുരന്തം തീരത്തടുത്തത്.

Updated: Dec 26, 2017, 07:23 PM IST
മരണത്തിരകളുടെ ദുരന്ത ഓര്‍മ്മകള്‍ക്ക് പതിമൂന്നാണ്ട്

ലോകജനതയ്ക്കുമേല്‍ നാശം വിതച്ച സുനാമി തിരകളുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് പതിമൂന്നാണ്ട്. 2004 ഡിസംബർ 26നാണ് നാടിനെ നടുക്കിയ ദുരന്തം തീരത്തടുത്തത്.

 
ഇന്ത്യോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ  തീരത്ത് കടലിനടിയിലുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണമായത്. തുടര്‍ന്ന് കടലിൽ ഉടലെടുത്ത ഭീമാകാരമായ തിരമാലകൾ ലക്ഷക്കണക്കിന് ജീവനുകൾക്ക് പുറമെ നിരവധി നാശനഷ്ടങ്ങളും വരുത്തിയാണ് തീരത്തുനിന്നും  അകന്നത്. പതിനാല് രാജ്യങ്ങളിലായി നാല് ലക്ഷത്തോളം ജീവനുകളാണ് സുനാമി കവർന്നത്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും വിനോദസഞ്ചാരികളുമുള്‍പ്പടെ നിരവധി ജീവനുകളെയാണ് അന്ന് കടലെടുത്തത്. ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കാനെത്തിയവരെ നിമിഷനേരംകൊണ്ട് കടലെടുത്തു. ഇന്ത്യയിൽ മാത്രം പതിനായിരക്കണക്കിന് ജീവനുകള്‍ രാക്ഷസത്തിരകള്‍ കവര്‍ന്നു.

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുൻപേ തന്നെ തീരത്തെ തിരമാലകൾ വിഴുങ്ങിയിരുന്നു.  ദൂരെ കണ്ട കൂറ്റന്‍ തിരമാലകള്‍ നിമിഷ നേരം കൊണ്ട് തങ്ങളെ വിഴുങ്ങുമെന്ന് അവര്‍ കരുതിയിരുന്നില്ല.

തമിഴ്‌നാട്, ആന്ധ്രപ്രദേശ്‌, കേരളം, ആന്‍ഡമാന്‍ നിക്കോബര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരങ്ങളിലെല്ലാം സുനാമി ആഞ്ഞടിച്ചു. നിരവധിപ്പേര്‍ കടലാഴങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. വീടും കുടുംബവും നഷ്ടമായവര്‍ അതിലേറെ.

തിരകള്‍ കൈയ്യടക്കിയ ഓര്‍മ്മകള്‍ക്ക് പതിമൂന്നു വര്‍ഷം പിന്നിടുമ്പോഴും  സർക്കാർ സംവിധാനത്തിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കാതെ കടലിനെ ആശ്രയിച്ചു ജീവിക്കുകയാണ് തീരദേശവാസികൾ.

സുനാമി വരുത്തിയ നാശനഷ്ടങ്ങളിൽ നിന്നും കരകയറാൻ സാധിക്കാതെ ധാരാളം കുടുംബങ്ങൾ ഇനിയും തീരദേശങ്ങളിൽ ബാക്കിയാണ്. സർക്കാരിന്‍റെ സഹായഹസ്തം  ലഭിക്കാനായി കാത്തിരിക്കുന്ന കുടുംബങ്ങളും  ഇന്നേറെയാണ്.

അതേസമയം, ഓഖിയുടെ ദുരിതങ്ങൾക്കിടയിലാണ് ഭീമൻ തിരമാലകള്‍ നല്‍കിയ നടുക്കുന്ന ഓർമ്മകളും കടന്നു പോകുന്നത്. മത്‌സ്യബന്ധനത്തിനുപോയ 76 പേരുടെ ജീവനെടുത്ത് ഓഖി ചുഴലിക്കാറ്റ് അടങ്ങിയത്. കണക്കുകള്‍ പ്രകാരം ഇനിയും കണ്ടെത്താനുള്ളവര്‍ വേറെയും.