തൊലിക്കട്ടിയില്‍ ഉമ്മനെ വെല്ലാന്‍ തോമസ് ചാണ്ടി?!

ബന്ധുനിയമനവിവാദത്തിലും ലൈംഗിക അപവാദക്കേസിലും രാജികളിലൂടെ സര്‍ക്കാര്‍ പ്രതിഛായ മെച്ചപ്പെടുത്തിയപ്പോള്‍ ഉയര്‍ന്നുകേട്ടത് ഉമ്മന്‍ചാണ്ടിയെ പോലെ ലജ്ജയില്ലാത്തവരല്ല പിണറായി സര്‍ക്കാരിലുള്ളത് എന്നായിരുന്നു. പക്ഷേ, തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന്‍റെ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടു. കേരളസമൂഹത്തെ വെല്ലുവിളിച്ച് തോമസ് ചാണ്ടി മന്ത്രിക്കസേരയില്‍ തുടരാന്‍ ധൈര്യം കാണിച്ചു. ആ ധൈര്യത്തിന് പിന്നില്‍ എന്തായിരുന്നു? ഉത്തരം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൗനത്തിലേക്ക് നീളും എന്നുറപ്പ്. 

Seena Antony | Updated: Nov 22, 2017, 04:49 PM IST
തൊലിക്കട്ടിയില്‍ ഉമ്മനെ വെല്ലാന്‍ തോമസ് ചാണ്ടി?!

സോളാര്‍ സമരം കത്തി നിന്ന കാലത്താണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലൊരു കാര്‍ട്ടൂണ്‍ പ്രചരിച്ചത്. ഉമ്മന്‍ ചാണ്ടി എന്ന മലയാളം എഴുത്തക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ഒരു കണ്ടാമൃഗചിത്രം. കേരളരാഷ്ട്രീയം അന്നേവരെ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും തൊലിക്കട്ടിയുള്ള നേതാവ് ഉമ്മന്‍ ചാണ്ടി തന്നെയെന്ന് മലയാളികള്‍ തലകുലുക്കി സമ്മതിച്ച കാലം. എന്നാല്‍, അദ്ദേഹത്തിനും ഒരു പിന്‍ഗാമി വന്നിരിക്കുന്നു. അതും അഴിമതിവിരുദ്ധത മുഖമുദ്രയായി കൊണ്ടു നടക്കുന്ന പിണറായി വിജയന്‍റെ മന്ത്രിസഭയില്‍ നിന്ന്. കായലില്‍ സൂത്രത്തില്‍ റിസോര്‍ട്ടുണ്ടാക്കിയ തോമസ് ചാണ്ടി. (കടപ്പാട്:കാര്‍ട്ടൂണിസ്റ്റ് വി.ആര്‍ രാഗേഷ്)


സജീഷ് നാരായണ്‍ വരച്ച കാര്‍ട്ടൂണ്‍

ലൈംഗികാപവാദത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജി വച്ചതിന് പിന്നാലെ കോഫി ബ്രൗണ്‍ സൂട്ടിട്ട് മാധ്യമങ്ങളെ അഭിമുഖീകരിച്ച തോമസ് ചാണ്ടിയെ കേരളം മറന്നു കാണാനിടയില്ല. ആളൊരു കോടീശ്വരനായതിനാല്‍ വേണമെങ്കില്‍ സ്വന്തം പോക്കറ്റില്‍ നിന്നു പോലും പണം എടുത്ത് കെ.എസ്.ആര്‍.ടി.സിയെ രക്ഷിച്ചു കളഞ്ഞേക്കുമെന്നായിരുന്നു അകാലത്തില്‍ വേര്‍പെട്ടു പോയ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞത്. എന്നാല്‍, തോമസ് ചാണ്ടിയെ രക്ഷിച്ച് രക്ഷിച്ച് സംസ്ഥാന സര്‍ക്കാരിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായിരിക്കുന്നു. 

ബന്ധുനിയമനവിവാദത്തിലും ലൈംഗിക അപവാദക്കേസിലും രാജികളിലൂടെ സര്‍ക്കാര്‍ പ്രതിഛായ മെച്ചപ്പെടുത്തിയപ്പോള്‍ ഉയര്‍ന്നുകേട്ടത് ഉമ്മന്‍ചാണ്ടിയെ പോലെ ലജ്ജയില്ലാത്തവരല്ല പിണറായി സര്‍ക്കാരിലുള്ളത് എന്നായിരുന്നു. പക്ഷേ, തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന്‍റെ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടു. ആരോപണങ്ങള്‍ക്ക് പിന്നാലെ കളക്ടറുടെ റിപ്പോര്‍ട്ട് വന്നിട്ടും നിയമോപദേശം ലഭിച്ചിട്ടും ഘടകകക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടും കേരളസമൂഹത്തെ വെല്ലുവിളിച്ച് തോമസ് ചാണ്ടി മന്ത്രിക്കസേരയില്‍ തുടരാന്‍ ധൈര്യം കാണിച്ചു. ആ ധൈര്യത്തിന് പിന്നില്‍ എന്തായിരുന്നു? ഉത്തരം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൗനത്തിലേക്ക് നീളും എന്നുറപ്പ്. 


ജനജാഗ്രതയാത്രയില്‍ കാനം രാജേന്ദ്രനോടൊപ്പം തോമസ് ചാണ്ടി

മുഖ്യമന്ത്രിയുടെ ഒരു താക്കീതില്‍ അല്ലെങ്കില്‍ നടപടിയില്‍ ഒതുങ്ങേണ്ട വിഷയം വച്ച് താമസിപ്പിച്ച് അത് കോടതി കയറ്റിയതിന്‍റെ ഖ്യാതി തീര്‍ച്ചയായും മുഖ്യമന്ത്രി പിണറായി വിജയനും കൂടി അവകാശപ്പെട്ടതാണ്. തോമസ് ചാണ്ടി ഇനി രാജി വച്ചാല്‍ പോലും അദ്ദേഹം ഉണ്ടാക്കിയ നാണക്കേട് മാറില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാം. പക്ഷേ, ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും മറുപടി പറയേണ്ടി വരും. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് 'കടക്ക് പുറത്ത്' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ചിലരെങ്കിലും കയ്യടിച്ചിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ശരിയിലുള്ള വിശ്വാസം കൊണ്ടായിരുന്നു. എന്നാല്‍, ഇതേ സമീപനം അഴിമതി കാണിക്കുന്ന സ്വന്തം സഹപ്രവര്‍ത്തകനോട് മുഖ്യമന്ത്രി സ്വീകരിക്കാതെ വരുമ്പോള്‍ കയ്യടിക്കാന്‍ അണികളുണ്ടാകുമോ എന്ന് കണ്ടറിയേണ്ടി വരും. 

പിണറായി വിജയന്‍ സര്‍ക്കാരിന് ക്ഷീണം ഉണ്ടായെങ്കിലും തോമസ് ചാണ്ടി മൂലം  പേരുദോഷം കുറച്ചെങ്കിലും മാറി കിട്ടിയതിന് ഉമ്മന്‍ചാണ്ടിയും എ.കെ ശശീന്ദ്രനും ഉപകാരസ്മരണ അര്‍പ്പിക്കുന്നുണ്ടാകും. ഹൈക്കോടതിയില്‍ നിന്ന് കിട്ടിയത് പോരാത്തത് കൊണ്ടാണോ എന്നറിയില്ല, കേസ് സുപ്രീംകോടതി വരെ കൊണ്ടുപോകാന്‍ തോമസ് ചാണ്ടി ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. തൊലിക്കട്ടി കഥകള്‍ രാജ്യത്തിന്‍റെ പരമോന്നത നീതി പീഠം വരെ എത്തിക്കാതെ നോക്കാനുള്ള സാമാന്യബോധമെങ്കിലും സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന മുഖ്യന്‍ കാണിക്കുമെന്ന് ഇപ്പോഴും ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മലയാളികളുടെ ശബ്ദ നിഘണ്ടുവില്‍ വീണ്ടും പുതിയ വാക്കുകള്‍ ചേര്‍ക്കേണ്ടി വരും!