എന്താ, നിങ്ങള്‍ എപ്പോഴെങ്കിലും ആ ട്രിവാഗോ ഗൈയെ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തിട്ടുണ്ടോ?

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും പോപ്പുലര്‍ ആയിട്ടുള്ള മുഖങ്ങളില്‍ ഒന്നാണിത്. ആരാണിയാള്‍?

Lisha Anna | Updated: Jan 12, 2018, 03:49 PM IST
എന്താ, നിങ്ങള്‍ എപ്പോഴെങ്കിലും ആ ട്രിവാഗോ ഗൈയെ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തിട്ടുണ്ടോ?

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും പോപ്പുലര്‍ ആയിട്ടുള്ള മുഖങ്ങളില്‍ ഒന്നാണിത്. എന്തു വീഡിയോ കാണാന്‍ നോക്കിയാലും മുന്‍പേ ഇയാളെ കണ്ടു മാത്രമേ തുടങ്ങാനാവൂ എന്ന അവസ്ഥ. സോ കോള്‍ഡ് മോഡലുകളുടെ ശരീര പ്രകൃതിയോ എടുത്തു പറയത്തക്ക മറ്റു പ്രത്യേകതകളോ ഒന്നുമില്ല. 

എങ്കിലും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും സുപരിചിതമായ മുഖമായി മാറി ഇയാളുടേത്. സെര്‍ച്ച് എന്‍ജിനുകളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ എത്തിയ ചോദ്യങ്ങളില്‍ ഒന്ന് ഇയാളെക്കുറിച്ചായിരുന്നു.

"Who is this trivago guy? 

ആരാണയാള്‍?

പ്രൊഫഷണല്‍ മോഡല്‍ അല്ലാത്ത ഈ  പരസ്യനടന്‍റെ പേരാണ് അഭിനവ് കുമാര്‍. (അതുകൊണ്ടുതന്നെ ഇയാളുടെ സ്റ്റൈല്‍ ഒന്നും ആളുകള്‍ക്ക് അത്ര പ്രിയങ്കരവുമല്ല.) എപ്പോഴുമെപ്പോഴും കാണുന്നതിനാല്‍ ഏറ്റവും 'വെറുപ്പിക്കല്‍' പരസ്യങ്ങളില്‍ ഒന്നായാണ് ട്രിവാഗോ പരസ്യം ആളുകള്‍ കാണുന്നത് എന്ന് ഓണ്‍ലൈന്‍ പ്രതികരണങ്ങളില്‍ നിന്നും മനസിലാക്കാം. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇയാള്‍ ഒരു നടനൊന്നുമല്ല. അന്‍പത്താറിലധികം രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ട്രിവാഗോ എന്ന ജര്‍മ്മന്‍ ആപ്പിന്‍റെ ഇന്ത്യന്‍ തലവനാണ് ഇയാള്‍. ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലാണ് ഇയാള്‍ താമസിക്കുന്നത്. 

താന്‍ ഈ പരസ്യത്തിന്‍റെ മോഡലായി മാറിയതിനെക്കുറിച്ച് അഭിനവ് കുമാര്‍ പറയുന്നതിങ്ങനെ.

"ട്രിവാഗോയുടെ പരസ്യത്തിനായി പറ്റിയ ഒരു മോഡലിനെ തെരഞ്ഞെടുക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് ആ ജോലി എന്നെ ഏല്‍പ്പിച്ചു. തുടക്കത്തില്‍ എനിക്ക് വലിയ ബുദ്ധിമുട്ട് തോന്നി. പക്ഷേ ഇപ്പോള്‍ വലിയ സന്തോഷം തോന്നുന്നു. നമ്മളുടെ ഇടയില്‍ നിന്നുതന്നെയുള്ള ഒരു ആള്‍ ആയിരിക്കണം ട്രിവാഗോയുടെ മുഖമായി വരേണ്ടത് എന്നുണ്ടായിരുന്നു. ഒരു സാധാരണ മനുഷ്യനേക്കാള്‍ നന്നായി ട്രിവാഗോയെക്കുറിച്ച് വിശദീകരിക്കാന്‍ ആര്‍ക്കു കഴിയും?"

എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ അത്ര സാധാരണക്കാരന്‍ അല്ല ഈ ട്രിവാഗോ മനുഷ്യന്‍.

ഒരിക്കല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഡല്‍ഹിയില്‍ എത്തിയ അഭിനവ് യാത്രക്കായി ഒരു ടാക്സി വിളിച്ചു.  ഡ്രൈവര്‍ അഭിനവിനെ തിരിച്ചറിഞ്ഞു. എന്നാല്‍ പരസ്യത്തിലൊക്കെ കാണുന്ന ആളുകള്‍ ടാക്സിയിലൊക്കെ യാത്ര ചെയ്യുമോ എന്നോര്‍ത്ത് അയാള്‍ അത്ഭുതസ്തബ്ധനായത്രേ! ഇതേ പോലെ കൊച്ചു കുട്ടികള്‍ അടക്കമുള്ളവര്‍ പൊതു സ്ഥലങ്ങളില്‍ വച്ച് തിരിച്ചറിയുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ടെന്ന് അഭിനവ്.

എന്നാല്‍ ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും നിരവധി കളിയാക്കലുകളും ഏറ്റു വാങ്ങുന്നുണ്ട് അഭിനവ്. ഇതിനെയൊക്കെ വളരെ കൂളായാണ് അഭിനവ് കാണുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മില്ല്യന്‍ കണക്കിന് ആളുകളിലേയ്ക്കാണ് നമ്മള്‍ എത്തുന്നത്. അതില്‍ പത്തോ ഇരുപതോ പേര്‍ നെഗറ്റീവ് ആയ കമന്‍റുകള്‍ പറഞ്ഞെന്നു വച്ച് ഒരു പ്രശ്നവും ഉണ്ടെന്നു തോന്നുന്നില്ല. അഭിനവ് പറയുന്നു.

ഇതിനു മുന്നേ സീരീസ് പരസ്യങ്ങള്‍ വഴി ഇത്രയും പോപ്പുലറായ മറ്റൊരാള്‍ എയര്‍ടെല്‍ പരസ്യത്തിലെ സാന്‍ഷ ചെട്ട്രിയായിരുന്നു. മുടി ബോബ് ചെയ്ത് എയര്‍ടെല്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ആ പെണ്‍കുട്ടിക്ക് ശേഷം ഓണ്‍ലൈനില്‍ ഇത്രത്തോളം ആളുകളിലേക്കെത്തിയ മറ്റൊരു മുഖമില്ല.

എപ്പോഴും കണ്ടു കൊണ്ടിരിക്കുമ്പോള്‍ വെറുപ്പ് തോന്നാമെങ്കിലും അഭിനവിന്‍റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ആളുകള്‍ക്ക് എന്തോ ഇഷ്ടമാണ്! തന്നെ ട്രോളി ഇറങ്ങുന്ന പോസ്റ്റുകളും മീമുകളും സ്വന്തം വാളില്‍ തന്നെ ഷെയര്‍ ചെയ്താണ് ഇയാള്‍ വ്യത്യസ്തനാകുന്നത്! ഓരോ ദിവസവും പുതുതായി എന്തെങ്കിലും ട്രോളുകള്‍ കണ്ടില്ലെങ്കില്‍ തനിക്കൊരു സമാധാനവും ഇല്ലെന്നാണ് അഭിനവിന്‍റെ നിലപാട്!

ട്രിവാഗോയുടെ ഈ പരസ്യവും ഒരു പരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു. ടിവിയില്‍ വരുന്നതിന്‍റെ മുന്നേ ഓണ്‍ലൈനിലാണ് പരസ്യം വന്നത്. പ്രത്യേകിച്ചും യുട്യൂബ് വീഡിയോകള്‍ക്ക് മുന്നേയാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഓണ്‍ലൈന്‍ വീഡിയോ ക്യാമ്പയിനുകളും ഫലപ്രദമാണെന്ന് ട്രിവാഗോയുടെ ഈ പരസ്യം തെളിയിച്ചു. 

ഝാർഖണ്ഡിലെ ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബത്തിലായിരുന്നു അഭിനവ് ജനിച്ചത്. ടിവിയില്‍ കാണുന്നതിനാല്‍ നാട്ടുകാര്‍ മുഴുവന്‍ ഇപ്പോള്‍ അഭിനവിനെ താരമായാണ് കാണുന്നത്. പരസ്യത്തില്‍ അഭിനയിച്ചു എന്നേയുള്ളു, തിരിച്ച് ഓഫീസിലെത്തുമ്പോള്‍ എല്ലാം പഴയപടി തന്നെയാണ്. ട്രിവാഗോയുടെ ഇന്ത്യന്‍ തലവന്‍റെ ഭാരിച്ച ചുമതലകളിലേയ്ക്ക്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close