വെട്ടിചിതറിച്ചിട്ടും മുറി കൂടി തിരിച്ചു വന്നില്ലേ? രാമലീലയുടെ സക്സസ് ട്രെയിലര്‍ ഉന്നം വയ്ക്കുന്നത്

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത, കടന്നുപോയിട്ടില്ലാത്ത വഴികളിലൂടെയാണ് നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രം സഞ്ചരിച്ചത്. നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ദിലീപ് കുറ്റാരോപിതനാകുന്നതിന് മുന്‍പ് വരെ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന 'ജനപ്രിയ നായകന്‍' ദിലീപ് നായകനാകുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ മാത്രമായിരുന്നു രാമലീല എന്ന ചിത്രം. എന്നാല്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് തിരശീലക്ക് പുറത്ത് സംഭവിച്ചത്. അതില്‍ രാമലീല എന്ന ചിത്രം ഒരു ഉപകരണമാക്കപ്പെട്ടു. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാമലീലയുടെ സക്സസ് ട്രെയിലര്‍. 

Seena Antony | Updated: Nov 13, 2017, 02:49 PM IST

ഒരു ചിത്രത്തിന്‍റെ സക്സസ് ട്രെയിലര്‍ മാത്രമല്ല ഇത്. അങ്ങനെയല്ല അതിന്‍റെ നിര്‍മ്മാണം. അത്ര ലളിതവുമല്ല അതിന് പിന്നിലുള്ള യുക്തിയും. പൊതുബോധം നിര്‍മ്മിക്കപ്പെടുന്നതാണെങ്കില്‍, അത്തരമൊരു നിര്‍മ്മിതിക്ക് കൃത്യമായ ചേരുവകളോട് കൂടിയാണ് ട്രെയിലര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. 

ട്രെയിലറിലെ സംഭാഷണങ്ങള്‍ അടുക്കി വച്ചിരിക്കുന്ന രീതിയില്‍ തന്നെ അത് പങ്ക് വയ്ക്കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം വ്യക്തമാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഒരു മാധ്യമത്തിനും മുഖം കൊടുക്കാതെ നിശബ്ദനായിരിക്കുന്ന ദിലീപ് ഈ ട്രെയിലറിലൂടെ ചില കാര്യങ്ങള്‍ ഉറക്കെ പറയുന്നുണ്ട്. അത് മലയാളികളോടും, ഇവിടത്തെ ഭരണകൂടത്തോടും തന്നെയാണ്. കൃത്യമായ കണക്കുക്കൂട്ടലുകളോട് കൂടി തന്നെയാണ് ട്രെയിലറിന്‍റെ നിര്‍മ്മാണവും.  

ട്രെയിലര്‍ തുടങ്ങുന്നത് രാമനുണ്ണി എന്ന ദിലീപിന്‍റെ കഥാപാത്രം പറയുന്ന ഡയലോഗിലൂടെയാണ്. "സത്യം തെളിഞ്ഞാലും ഇല്ലെങ്കിലും ഇതെന്‍റെ ജീവിതം കൈപിടിച്ചുള്ള കളിയാ." ഇവിടെ നിന്ന് അടുത്ത ഡയലോഗിലേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടെ വ്യക്തമാകുന്നു. "ഇത് എനിക്കുള്ള ട്രാപ്പാ... ഇടത്ത് നിന്നായാലും വലത്ത് നിന്നായാലും!". 

തുടര്‍ന്ന്, രാമനുണ്ണിയുടെ അമ്മയുടെ കഥാപാത്രത്തിന്‍റെ സംഭാഷണം എത്തുന്നു. അതിങ്ങനെ, "അവന്‍ പറഞ്ഞത് സത്യം തന്നെയാണ് സഖാവേ!"

അത് കഴിഞ്ഞുള്ള ഡയലോഗ് ഇതാണ്, "എടോ ഇത് കേരളമാണ്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നത് കൊണ്ട് ഒരു നാണക്കേടുമില്ല." ഒടുവില്‍ രാമനുണ്ണിയുടെ അതിശക്തമായ ഡയലോഗ് എത്തുന്നു, "വെട്ടിചിതറിച്ചിട്ടും മുറി കൂടി തിരിച്ചു വന്നില്ലേ?". 

'കേസ് കോടതിയിലാണ്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. കോടതി പറയും വരെ ആരും അപരാധിയാകുന്നില്ല....' എന്നൊക്കെയുള്ള വാദഗതികള്‍ അംഗീകരിക്കുമ്പോള്‍ തന്നെ, സിനിമ എന്ന ശക്തമായ മാധ്യമത്തിന്‍റെ സാധ്യത പ്രയോജനപ്പെടുത്തി സിനിമയിലും സമൂഹത്തിലും പ്രബലനായ ഒരു വ്യക്തി നിഷ്കളങ്കതയുടെ മുഖം നിര്‍മ്മിച്ചെടുക്കുന്നുണ്ടെങ്കില്‍ അത് ലളിതമായി തള്ളിക്കളയാന്‍ സാധിക്കില്ല. 

രാമലീലയുടെ റിലീസിംഗ് സമയത്തും ഇത്തരത്തില്‍ മലക്കംമറിച്ചില്‍ കേരളം കണ്ടതാണ്. റിലീസിംഗ് വരെ നവാഗതനായ ഒരു സംവിധായകന്‍റെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്‍റെ ഫലമായിരുന്നു രാമലീല എന്ന ചിത്രം. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരുടെ വിയര്‍പ്പിന്‍റെയും അധ്വാനത്തിന്‍റെയും വരെ കണക്ക് പറഞ്ഞുകൊണ്ടുള്ള ക്യാമ്പയിനുകളും സജീവമായിരുന്നു. എന്നാല്‍, റിലീസിന് ശേഷം, ചിത്രത്തിന്‍റെ വിജയം മുഖ്യകഥാപാത്രം അവതരിപ്പിച്ച ദിലീപിനായി. അതുവരെ അരുണ്‍ ഗോപി ചിത്രം ആയിരുന്നത്, ദിലീപ് ചിത്രമായി. ചിത്രത്തിന്‍റെ വിജയം, ദിലീപിന്‍റെ നിരപരാധിത്വത്തിന്‍റെ തെളിവായി. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഇറങ്ങിയ സക്സസ് ട്രെയിലറും, അതിലെ ജനപ്രിയ നായകന്‍റെ പ്രതിഛായ നിര്‍മ്മിതിയും.