ശാസ്ത്രം തോറ്റു, ഹോക്കിംഗ് ജയിച്ചു

പ്രപഞ്ച സത്യങ്ങള്‍ തേടി സ്റ്റീഫന്‍ ഹോക്കിംഗ് ഗവേഷണങ്ങളില്‍ മുഴുകിയപ്പോള്‍ മരണത്തെ വെല്ലുവിളിച്ച അദ്ദേഹത്തിന്‍റെ ജീവിതം ശാസ്ത്രത്തിന് അത്ഭുതമായി. 

Seena Antony | Updated: Mar 14, 2018, 11:48 AM IST
ശാസ്ത്രം തോറ്റു, ഹോക്കിംഗ് ജയിച്ചു

ശാസ്ത്രത്തിന്‍റെ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് വിസ്മയകരമായ ജീവിതം കാഴ്ച വച്ച അത്ഭുത പ്രതിഭയായിരുന്നു അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്. പ്രപഞ്ച സത്യങ്ങള്‍ തേടി സ്റ്റീഫന്‍ ഹോക്കിംഗ് ഗവേഷണങ്ങളില്‍ മുഴുകിയപ്പോള്‍ മരണത്തെ വെല്ലുവിളിച്ച അദ്ദേഹത്തിന്‍റെ ജീവിതം ശാസ്ത്രത്തിന് അത്ഭുതമായി. 

ഇരുപത്തിയൊന്നാം വയസില്‍ അമയോട്രോപ്പിക് ലാറ്ററല്‍ സ്ക്ളീറോസിസ് (ALS) എന്ന രോഗം ബാധിച്ചപ്പോള്‍ മെഡിക്കല്‍ ലോകം അദ്ദേഹത്തിന് വിധിച്ചത് വിരലില്‍ എണ്ണാവുന്ന മാസങ്ങളുടെ ജീവിതം മാത്രമാണ്. എന്നാല്‍ ശാസ്ത്രപ്രവചനങ്ങളെ തിരുത്തി അദ്ദേഹം അഞ്ച് ദശാബ്ദങ്ങളെ അതിജീവിച്ചു. 

വീല്‍ചെയറില്‍ ഇരുന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പിന്നീടുള്ള ജൈത്രയാത്ര. ചക്രക്കസേരയില്‍ ഇരുന്ന് അദ്ദേഹം പ്രപഞ്ച സത്യങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്തി. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌.

സൈദ്ധാന്തിക ജ്യോതിശാസ്ത്രമായിരുന്നു  സ്റ്റീഫൻ ഹോക്കിംഗിന്‍റെ മുഖ്യ ഗവേഷണ മേഖല. റോജർ പെൻറോസും സ്റ്റീഫൻ ഹോക്കിംഗും  ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു. തമോഗർത്തങ്ങളുടെ പിണ്ഡം, ചാർജ്ജ്, കോണീയ സംവേഗബലം എന്നിവയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ തുടർപഠനങ്ങൾ.  

1974ല്‍ തന്‍റെ 32-ാം വയസില്‍ റോയല്‍ സൊസൈറ്റിയില്‍ സ്റ്റീഫൻ ഹോക്കിംഗ് ഫെല്ലോയായി. 1979ല്‍ കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ ലുക്കേഷ്യന്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. സര്‍ ഐസക് ന്യൂട്ടണിന് ശേഷം ഈ പദവിയില്‍ നിയമിക്കപ്പെടുന്ന ശാസ്ത്രജ്ഞനായി സ്റ്റീഫന്‍ ഹോക്കിംഗ്. പിന്നീടാണ് പ്രപഞ്ചസത്യങ്ങള്‍ തേടിയുള്ള അദ്ദേഹത്തിന്‍റെ അന്വേഷണം ആരംഭിക്കുന്നത്. ജ്യോതിശാസ്ത്ര ഗവേഷണങ്ങളുമായി അദ്ദേഹം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് ചേക്കേറി. 2007ല്‍ ന്യൂട്ടണിന്‍റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തങ്ങളെ തന്‍റെ 65-ാം വയസില്‍ അദ്ദേഹം ചോദ്യം ചെയ്തു. 

ബഹിരാകാശ യാത്ര നടത്താനുള്ള മോഹം ബാക്കി വച്ചാണ് സ്റ്റീഫന്‍ ഹോക്കിംഗ് വിട പറയുന്നത്. വാര്‍ത്തകലില്‍ ഇടം നേടാനായിരുന്നില്ല ബഹിരാകാശ യാത്രയെന്ന സ്വപ്നം അദ്ദേഹം കൊണ്ടു നടന്നത്. മറിച്ച് ശാരീരിക വൈകല്യങ്ങളുള്ള ഒരു വ്യക്തിയ്ക്ക് ഇത്രയും കാര്യങ്ങള്‍ നേടാനായെങ്കില്‍ മറ്റുള്ളവര്‍ക്ക് എത്രത്തോളം ഉയരങ്ങളിലെത്താമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്യമം. 

ആഗോളതാപനത്തെക്കുറിച്ചും അണ്വായുധ പരീക്ഷണങ്ങളെക്കുറിച്ചും ഏറെ ആകുലനായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. ഈ ഭൂമി ഒരു നൂറ്റാണ്ടിനെക്കൂടി അതിജീവിക്കയില്ലെന്ന് അദ്ദേഹം പ്രവചിച്ചു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അദ്ദേഹത്തിന്‍റെ ശാസ്ത്ര പ്രവചനമായിരുന്നു ഇത്. ബഹിരാകാശത്തേക്ക് ചേക്കേറാതെ മനുഷ്യജീവന് ഈ നൂറ്റാണ്ടിനപ്പുറം ഭാവിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 

 

 

നാളെ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലാതെ ഓരോ ദിവസത്തിലേക്കും കണ്ണു തുറക്കുന്ന വ്യക്തിയാണ് താനെന്നായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ് ഒരിക്കല്‍ പറഞ്ഞത്. അതിനാല്‍, ഓരോ ഓരോ നിമിഷവും അതിന്‍റെ പൂര്‍ണതയില്‍ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. ശാസ്ത്രലോകത്തിന് മാത്രമല്ല, ഏതൊരു സാധാരണക്കാരനും മാതൃകയാക്കാന്‍ കഴിയുന്ന പോരാളിയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. ആ ശാസ്ത്രപ്രതിഭയ്ക്ക് സീ ന്യൂസിന്‍റെ കണ്ണീര്‍ പ്രണാമം. 

പ്രധാന പുസ്തകങ്ങള്‍: 
-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം
- ബ്ലാക്ക് ഹോള്‍സ് ആന്‍ഡ്‌ ബേബി യൂണിവേഴ്സസ് ആന്‍ഡ്‌ അതര്‍ എസ്സെസ് 
- ദ യൂണിവേഴ്സ് ഇന്‍ എ നട്ട്ഷെല്‍ 
- ഓണ്‍ ദ ഷോള്‍ഡെഴ്സ് ഓഫ് ജയന്റ്സ്
- ഗോഡ് ക്രിയെറ്റഡ ദ ഇന്‍റ്റിജെഴ്സ് : ദ മാത്തമറ്റിക്കല്‍ ബ്രേക്ക്‌ത്രൂസ് ദാറ്റ്‌ ചേഞ്ച്‌ഡ് ഹിസ്റ്ററി 
- ദ ഡ്രീംസ്‌ ദാറ്റ്‌ സ്റ്റഫ്‌ ഈസ്‌ മേഡ് ഓഫ്: ദ മോസ്റ്റ്‌ ആസ്റ്റോണ്ടിങ്ങ പേപ്പഴ്സ് ഓഫ് ക്വാണ്ടം ഫിസിക്സ് ആന്‍ഡ്‌ -
 ഹൗ ദേ ഷൂക്ക് ദ സയന്റിഫിക് വേള്‍ഡ് 
-മൈ ബ്രീഫ് ഹിസ്‌റ്ററി 

ജീവചരിത്ര ഡോക്യുമെന്ററി: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം

(With inputs from Sneha Aniyan)