പുഞ്ചിരിയോടെ മുഖ്യമന്ത്രി ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നത്

ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളും സംഭവങ്ങളും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന ബഹളങ്ങളും മറ്റും ചൂണ്ടിക്കാണിച്ച് ഇങ്ങനെയൊക്കെ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി വാര്‍ത്ത എടുക്കണോ എന്നാണ് മുഖ്യമന്ത്രി ഉന്നയിക്കുന്ന സംശയം. എന്നാല്‍, മുഖ്യമന്ത്രി നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് വാര്‍ത്താശേഖരണത്തിലെ കോലാഹലങ്ങളെയല്ല, മന്ത്രിസഭയ്ക്കെതിരായ വിമര്‍ശനങ്ങളെയാണ്. പരിസ്ഥിതിനാശം വരുത്തുന്ന പദ്ധതികള്‍ക്കെതിരെ പാര്‍ട്ടി മമ്മോദീസ മുക്കാത്ത ജനകീയ സമരങ്ങള്‍ നടക്കുമ്പോള്‍ അത്തരം സമരങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റുകളും തീവ്രവാദികളും ആണെന്ന് പറഞ്ഞുപരത്തുന്ന അതേ ശുഷ്കാന്തി മാധ്യമങ്ങള്‍ക്ക് പ്രോട്ടോകോള്‍ ഉണ്ടാക്കാനും പ്രവര്‍ത്തിക്കുന്നതില്‍ അത്ഭുതമില്ല. 

Last Updated : Nov 22, 2017, 04:52 PM IST
പുഞ്ചിരിയോടെ മുഖ്യമന്ത്രി ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നത്

ത്രിപുരയില്‍ വച്ച് ഇന്നലെ മുതിര്‍ന്ന ബംഗാളി മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വാര്‍ത്താശേഖരണത്തിന് ഇടയിലെ തര്‍ക്കത്തെ തുടര്‍ന്ന് ഒരു ജവാനാണ് സുദീപ് ദത്ത ഭൗമികിനെ വെടിവച്ച് കൊന്നത്. ഈ സംഭവത്തിന് രണ്ടു മാസം മുന്‍പ് ത്രിപുരയില്‍ നിന്ന് തന്നെയാണ് മറ്റൊരു വാര്‍ത്ത നമ്മെ ഞെട്ടിച്ചത്. റിപ്പോര്‍ട്ടിങ്ങിന് ഇടയില്‍ ശന്തനു ഭൗമിക് എന്ന യുവപത്രപ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ഭരണകൂടത്തെയോ അധികാരവര്‍ഗത്തെയോ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതും വാര്‍ത്തകള്‍ നല്‍കുന്നതും ആണ് ഇവര്‍ ചെയ്ത അപരാധം. 

ഇത്തരമൊരു അസ്വസ്ഥത കേരളത്തിലും ദൃശ്യമായിത്തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഒറ്റപ്പെട്ട സംഭവങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അസഹിഷ്ണുത പ്രതികരണങ്ങള്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാവില്‍ നിന്നും കേരളം കേട്ടു. ഒന്നല്ല. രണ്ടു തവണ. ഇന്നലെ സെക്രട്ടേറിയറ്റിന് പുറത്ത് നില്‍ക്കേണ്ടി വന്ന മാധ്യമസംഘം ഒരിക്കല്‍ കൂടി അതിന് സാക്ഷികളായി. 

ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി പുഞ്ചിരിയോടെ കാര്യങ്ങള്‍ അവതരിപ്പിച്ചു. എല്ലാറ്റിനും ഒരു ഓര്‍ഡര്‍ ഉണ്ടാകുന്നത് നല്ലതല്ലേ എന്ന രീതിയിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രോട്ടോകോള്‍ വേണമെന്നുള്ള അതിസുന്ദരമായ അജണ്ട അദ്ദേഹം അവതരിപ്പിച്ചത്. നിരവധി കാരണങ്ങള്‍ അദ്ദേഹം അതിനായി നിരത്തിയിട്ടുണ്ട്. ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളും സംഭവങ്ങളും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന ബഹളങ്ങളും മറ്റും ചൂണ്ടിക്കാണിച്ച് ഇങ്ങനെയൊക്കെ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി വാര്‍ത്ത എടുക്കണോ എന്നാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. 

ഈയടുത്ത കാലത്ത് കേരളത്തിന്‍റെ മധ്യവര്‍ഗസമൂഹം ഏറെ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്താശേഖരണത്തിലെ ബഹളങ്ങളെ തന്നെയാണ് മുഖ്യമന്ത്രിയും കൂട്ടു പിടിച്ചത്. അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ മര്‍ദ്ദിച്ചപ്പോഴും നടി അക്രമിക്കപ്പെട്ടകേസിലെ പ്രതിയായ നടന്‍ അത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ചപ്പോഴും കയ്യടിച്ച സമൂഹത്തിലെ ഒരു വിഭാഗം, മുഖ്യമന്ത്രി നിരത്തുന്ന ന്യായങ്ങളെ അംഗീകരിച്ചേക്കാം. എന്നാല്‍, മുഖ്യമന്ത്രി നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് വാര്‍ത്താശേഖരണത്തിലെ കോലാഹലങ്ങളെയല്ല, മന്ത്രിസഭയ്ക്കെതിരായ വിമര്‍ശനങ്ങളെയാണ്. പരിസ്ഥിതിനാശം വരുത്തുന്ന പദ്ധതികള്‍ക്കെതിരെ പാര്‍ട്ടി മമ്മോദീസ മുക്കാത്ത ജനകീയ സമരങ്ങള്‍ നടക്കുമ്പോള്‍ അത്തരം സമരങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റുകളും തീവ്രവാദികളും ആണെന്ന് പറഞ്ഞുപരത്തുന്ന അതേ ശുഷ്കാന്തി മാധ്യമങ്ങള്‍ക്ക് പ്രോട്ടോകോള്‍ ഉണ്ടാക്കാനും പ്രവര്‍ത്തിക്കുന്നതില്‍ അത്ഭുതമില്ല. 

അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് സൗകര്യമുണ്ടാകുമ്പോള്‍ പ്രതികരിച്ചാല്‍ മതിയെന്ന സൗകര്യം ഉണ്ടാക്കിക്കൊടുക്കാനുള്ള ബാധ്യത എന്തായാലും മാധ്യമപ്രവര്‍ത്തകര്‍ക്കില്ല. അത്തരമൊരു അവസ്ഥ കൊണ്ട് ആര്‍ക്കൊക്കെയാണ് ഗുണമുള്ളതെന്ന് മനസിലാക്കാന്‍ അധികം മെനക്കെടേണ്ട ആവശ്യവുമില്ല. 


മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി

സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ഭരണത്തെ സ്തംഭിപ്പിച്ചു എന്നും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നല്ലോ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അത്തരം പ്രതികരണങ്ങളില്ലാത്ത അവസ്ഥ ഉണ്ടാക്കിക്കൊണ്ടു വരാനുള്ള ഭരണകൂടത്തിന്‍റെ ശ്രമത്തോട് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ എങ്ങനെ പ്രതികരിച്ചു എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിയ വസ്തുതയാണ്. കേരളത്തിലെ സമകാലിക സംഭവങ്ങള്‍ ചരിത്രസംഭവങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. 

തമിഴ്നാട്ടിലെ മാധ്യമസംസ്കാരത്തെ പറ്റി പത്രസമ്മേളനത്തില്‍ ഉദാഹരിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട കാര്‍ട്ടൂണിസ്റ്റ് ബാലയെപ്പറ്റി ഓര്‍ത്തു കാണില്ല. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിനാണ് ബാലയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാധ്യമങ്ങളോട് തമിഴ്നാട് സര്‍ക്കാര്‍ പുലര്‍ത്തുന്ന സഹിഷ്ണുതയുടെ ഏറ്റവും മികച്ച ഉദാഹരണം ചൂണ്ടിക്കാട്ടാന്‍ മുഖ്യമന്ത്രി മറന്നാലും വാര്‍ത്തകള്‍ വായിക്കുന്ന ഒരു വിഭാഗം മറക്കാന്‍ വഴിയില്ല. 

ഇത്രയധികം വിമര്‍ശിക്കപ്പെട്ടിട്ടും പരിഹസിക്കപ്പെട്ടിട്ടും മുഖ്യമന്ത്രി എന്ത് പറയുന്നു എന്നറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ വട്ടം കൂടുന്നത് പിണറായി വിജയന്‍ എന്ന ഫയര്‍ ബ്രാന്‍ഡിനോടുള്ള ആരാധന കൊണ്ടല്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആയതുകൊണ്ടാണ്. കേരളം എന്ന സംസ്ഥാനത്തെ അദ്ദേഹം പ്രതിനിധീകരിക്കുന്നത് കൊണ്ടാണ്. ആ സ്ഥാനം അദ്ദേഹത്തിന് നല്‍കിയത് ഇവിടത്തെ ജനാധിപത്യ വ്യവസ്ഥയാണ്. ആ വ്യവസ്ഥയില്‍ ഒരു ഭരണാധികാരി ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവിക നീതിയാണ്. അത് തുടരേണ്ടത് തന്നെയാണ്. 

Trending News