നിശബ്ദമാക്കപ്പെടുന്ന ജന്ദര്‍ മന്തര്‍

സമരങ്ങളില്ലാത്ത ജന്ദര്‍ മന്തര്‍ എങ്ങനെയായിരിക്കുമെന്ന് ഈയടുത്ത കാലം വരെ ഞാന്‍ ചിന്തിച്ചിരുന്നില്ല. അവിടെ സമരങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹരിത ട്രിബ്യൂണല്‍ വിധി വന്നപ്പോഴും അതിനെതിരെ ആരെങ്കിലും അപ്പീല്‍ പോകുമെന്ന് കരുതിയ നിരവധി പേരില്‍ ഒരാളായിരുന്നു ഞാനും. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. ഒടുവില്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ ജന്ദര്‍ മന്തറില്‍ നിന്ന് സമരക്കാരെ ഒഴിപ്പിച്ചു. ഒഴിയാന്‍ വിസമ്മതിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.  

Seena Antony | Updated: Nov 13, 2017, 02:46 PM IST
നിശബ്ദമാക്കപ്പെടുന്ന ജന്ദര്‍ മന്തര്‍
സമരക്കാരില്ലാത്ത ജന്ദര്‍ മന്തര്‍

സമരങ്ങളില്ലാത്ത ജന്ദര്‍ മന്തര്‍ എങ്ങനെയായിരിക്കുമെന്ന് ഈയടുത്ത കാലം വരെ ഞാന്‍ ചിന്തിച്ചിരുന്നില്ല. അവിടെ സമരങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹരിത ട്രിബ്യൂണല്‍ വിധി വന്നപ്പോഴും അതിനെതിരെ ആരെങ്കിലും അപ്പീല്‍ പോകുമെന്ന് കരുതിയ നിരവധി പേരില്‍ ഒരാളായിരുന്നു ഞാനും. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. ഒടുവില്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ ജന്ദര്‍ മന്തറില്‍ നിന്ന് സമരക്കാരെ ഒഴിപ്പിച്ചു. ഒഴിയാന്‍ വിസമ്മതിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.  

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഭരണത്തിലേക്ക് നയിച്ച സ്വരാജ് മുദ്രാവാക്യങ്ങളുയര്‍ന്ന തെരുവ്... തമിഴ്നാട്ടിലെ കര്‍ഷകര്‍ എലിയെ തിന്നും നഗ്നരായി നിന്നും പ്രതിഷേധിച്ച തെരുവ്... പെന്‍ഷനു വേണ്ടി വിരമിച്ച സൈനികര്‍ കുത്തിയിരുന്ന തെരുവ്... ഗൂര്‍ഖലാന്‍ഡ് പ്രക്ഷോഭത്തിന്‍റെ ചൂടറിഞ്ഞ തെരുവ്... അങ്ങനെ ജന്ദര്‍ മന്തറിന് ഓര്‍മ്മകള്‍ ഏറെയുണ്ട്. ഈ ഓര്‍മ്മകള്‍ക്കു മേല്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയോഗിച്ച തൊഴിലാളികള്‍ പുതിയ ചായം പൂശുകയാണ്. സമരപന്തലുകള്‍ ഉണ്ടായിരുന്നിടത്ത് ചെടിച്ചട്ടികള്‍ നിരന്നിരിക്കുന്നു. ജനാധിപത്യശബ്ദങ്ങളെ അടക്കം ചെയ്ത ശ്മശാനം ആണ് ഇപ്പോള്‍ ജന്ദര്‍ മന്തര്‍. 

തുടരുന്ന നിരീക്ഷണം
ജന്ദര്‍ മന്തറില്‍ നടപ്പാക്കിയ 'പരിഷ്‌കാരം' അറിയാതെ ഏതെങ്കിലും പാവങ്ങള്‍ വന്ന് കുടില്‍ കെട്ടി സമരം ചെയ്തു കളയുമോ എന്ന പേടിയുള്ളതുകൊണ്ടാണെന്ന് തോന്നുന്നു ഇപ്പോഴും കനത്ത പൊലീസ് കാവലിലാണ് ജന്ദര്‍ മന്തര്‍. അവിടെ വരുന്നവരൊക്കെയും പ്രത്യേകിച്ച് ഒരു സമയത്തിനപ്പുറം അവിടെ ചെലവഴിക്കുകയും ചിത്രങ്ങളെടുക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്യുന്നവരൊക്കെയും ഇപ്പോഴും നിരീക്ഷിക്കപ്പെടുന്നുണ്ട്. 

അവസാനത്തെ ഒറ്റയാള്‍പ്പോരാളി


ജന്ദര്‍ മന്തറില്‍ നിന്നും സമരം നിറുത്തി പോകാന്‍ ആവശ്യപ്പെട്ട എസ്.കെ പണ്ഡിറ്റ് അടുത്തുള്ള പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന്‍ കാമ്പസില്‍

കഴിഞ്ഞ ദിവസം പൊലീസുകാര്‍ വന്ന് അവശേഷിച്ചിരുന്ന സമരക്കാരെ ഒഴിപ്പിച്ചിട്ടും അവിടെ നിന്ന് പോകാന്‍ കഴിയാതെ ഒരു മതിലിന്റെ മറ പറ്റി അവശേഷിച്ച കുറച്ച് സാധനങ്ങളുമായി ഇരിക്കുന്ന ഒരു ഒറ്റയാള്‍പ്പോരാളിയെ കണ്ടുമുട്ടി. പേര് എസ്.കെ പണ്ഡിറ്റ്. മധ്യപ്രദേശുകാരനാണ്. അഞ്ചു വര്‍ഷമായി ജന്ദര്‍ മന്തറിലെത്തിയിട്ട്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കുടുംബത്തെ പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സമരം തുടങ്ങിയത്. പക്ഷേ, ഇതുവരെ അന്വേഷണം എങ്ങുമെത്തിയില്ല. പഴയ കുറെ പത്രറിപ്പോര്‍ട്ടുകള്‍ അദ്ദേഹം കാണിച്ചു തന്നു. കയ്യും കാലും ഒടിഞ്ഞ് നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അദ്ദേഹമിപ്പോള്‍. ആള്‍ദൈവം രാംപാലിന് അനുകൂലമായി മൊഴി നല്‍കാന്‍ വിസമ്മതിച്ച അദ്ദേഹത്തിന്റെ അനന്തരവളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആള്‍ദൈവത്തിന്റെ ഗുണ്ടകളെ തടഞ്ഞതിന് കിട്ടിയ പ്രതിഫലം. മരണം മാത്രമേ ഇനി മുന്നിലൊരു വഴിയുള്ളൂ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. 

നീതിക്കായി തെരുവില്‍ എത്രകാലം
ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. പണത്തിന് വേണ്ടിയായിരിക്കും ഈ ഉദ്യമം എന്ന് കണക്കുക്കൂട്ടിയ എന്നെ അദ്ദേഹത്തിന്റെ അടുത്ത വരികള്‍ തകര്‍ത്തു കളഞ്ഞു. ബേട്ടീ, ജബ് മുന്‍സിപ്പാലിറ്റി ലോഗ് മേരാ ഡെഡ് ബോഡി ലേനേ കോ ആയേഗാ നാ, തബ് ഉന്‍ ലോഗോം കോ യേ പതാ നഹീ ഹോഗാ കീ മേം നെ ഓര്‍ഗന്‍ ഡൊണേറ്റ് കിയാ ഹേ. തോ ക്യാ ഫായ്ദാ... (എന്റെ ശവശരീരം നീക്കം ചെയ്യാന്‍ വരുന്ന മുനിസിപ്പാലിറ്റിക്കാര്‍ക്ക് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്തിട്ടുള്ള കാര്യമൊന്നും അറിയില്ലല്ലോ.. അപ്പോള്‍ അതുകൊണ്ട് എന്ത് പ്രയോജനം?!)

രാംലീല മൈതാനമെന്ന ബദല്‍


ജന്ദര്‍ മന്തറില്‍ സമരം നടത്തിയിരുന്ന പൂജ

രാംലീല മൈതാനമാണ് സമരം നടത്താന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അനുവദിച്ചിരിക്കുന്ന പുതിയ ഇടം. ജന്ദര്‍ മന്തറിലേതു പോലല്ല അവിടെ കാര്യങ്ങള്‍. ഒരു മരത്തണലില്ല. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യങ്ങളില്ല. കൂടാതെ, സമരം ചെയ്യണമെങ്കില്‍ ആ സ്ഥലത്തിന് വാടകയും നല്‍കണം. രാംലീല മൈതാനത്തിന്റെ മൊത്ത വാടക 50,000 രൂപയാണ്. ഇത്രയും പണം കൊടുത്ത് ആരാണ് അവിടെ സമരം ചെയ്യാന്‍ പോകുന്നതെന്ന് ജന്ദര്‍ മന്തറില്‍ കണ്ടുമുട്ടിയ മറ്റൊരു സമരക്കാരി പൂജ ചോദിക്കുന്നു. കാശ് കൊടുത്ത് ആളുകളെ ഇറക്കി സമരം ചെയ്യുന്നവര്‍ക്ക് ഈ പണം അധികമാവില്ല. പക്ഷേ, സാധാരണക്കാര്‍ എവിടെ പോകും! ജന്ദര്‍ മന്തറില്‍ വീണ്ടും സമരങ്ങളെത്തുമെന്ന് ആവര്‍ത്തിച്ച് സാധനങ്ങള്‍ കുത്തി നിറച്ച സഞ്ചിയും തൂക്കി പൂജ അവിടെ തന്നെ ചുറ്റി നടക്കുകയാണ്. 

നിരോധനത്തിന് രാഷട്രീയമുണ്ടോ


സമരമുദ്രാവാക്യങ്ങള്‍ എഴുതപ്പെട്ടിരുന്ന ജന്ദര്‍ മന്തറിലെ മരങ്ങളിലൊന്ന്

കേന്ദ്രസര്‍ക്കാരല്ല ജന്ദര്‍ മന്തറിലെ സമരങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. സമരക്കാരെ ഒഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുമില്ല. എല്ലാം കോടതി നടപടികള്‍. ഇങ്ങനെ പറഞ്ഞാണ് ജനാധിപത്യത്തിന്റെ വായ്മൂടി കെട്ടാനുള്ള ഈ ഇടപെടലിനെ ഭരണകൂടം ന്യായീകരിക്കുന്നത്. ഈ മൗനം തന്നെയാണ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. വിമതശബ്ദങ്ങളോട് ഇത്രയേറെ അസഹിഷ്ണുത പുലര്‍ത്തുന്ന ഒരു ഭരണകൂടത്തിന് ഇങ്ങനെയൊരു കോടതിവിധി വീണു കിട്ടിയ വടി തന്നെ. അവര്‍ അത് സമര്‍ത്ഥമായി ഉപയോഗിക്കുന്നു.  

ഇനിയെന്ത്?
ഇന്ത്യയുടെ സജീവാത്മകമായ ജനാധിപത്യത്തിന്‍റെ നേര്‍ക്കാഴ്ച സമ്മാനിച്ചിരുന്ന ജന്ദര്‍ മന്തര്‍ ഇപ്പോള്‍ നിശബ്ദമാണ്. സമരമില്ല... പ്രതിഷേധങ്ങളില്ല.. സമരക്കാരില്ല... ചോദ്യം ചെയ്യുന്നവരില്ല. അവകാശത്തിനും നീതിനിഷേധത്തിനുമെതിരെ മുദ്രാവാക്യങ്ങളുയര്‍ന്നിരുന്ന നിരത്തില്‍ ഇപ്പോള്‍ ഇടയ്ക്ക് പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ശബ്ദം മാത്രം. ഈ ശവപ്പറമ്പിലേക്ക് ഇനി എത്തുക വിനോദസഞ്ചാരികളാകും. പണ്ടൊരിക്കല്‍ ഇവിടം വിമതശബ്ദങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നുവെന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കുമായിരിക്കും. രാജ്യത്തിന്റെ ചരിത്രം മാറ്റി മറിച്ച സമരങ്ങള്‍ക്ക് ഭൂമികയായ ജന്ദര്‍ മന്തറിനെ അവര്‍ ചിത്രങ്ങളിലാക്കും. അന്ന് പക്ഷേ, ഇന്ത്യയിലായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം നിലനിന്നിരുന്നത് എന്ന് പറയാന്‍ ഇടവരാതിരിക്കട്ടെ.