സാഹിത്യത്തിലെ സ്ത്രീരത്‌നങ്ങളെ കുറിച്ചുള്ള പേപ്പര്‍ പ്രസന്‍റേഷനോ, ബജറ്റോ? ധനമന്ത്രിയോട് ഒരു സംശയം

സാമൂഹ്യമാധ്യമങ്ങളിലെ സൂപ്പര്‍സ്റ്റാറായ ധനമന്ത്രി തോമസ് ഐസകിന്‍റെ ബജറ്റ് പ്രസംഗം കേട്ട് ഒരു ഫെയ്സ്ബുക്ക് സ്ത്രീരത്നം ആലോചിച്ചത് ഇങ്ങനെയാണ്. 

Updated: Feb 2, 2018, 04:30 PM IST
സാഹിത്യത്തിലെ സ്ത്രീരത്‌നങ്ങളെ കുറിച്ചുള്ള പേപ്പര്‍ പ്രസന്‍റേഷനോ, ബജറ്റോ? ധനമന്ത്രിയോട് ഒരു സംശയം

കെ.ആര്‍ മീര, സുഗതകുമാരി, ബി.എം സുഹ്‌റ, സാറാ ജോസഫ്, ഗ്രേസി, ഇന്ദു മേനോന്‍, ജയശ്രീ മിശ്ര, വിജയലക്ഷ്മി, സാവിത്രി രാജീവന്‍, ഡോണ മയൂര... ഇതിപ്പൊ എന്താ ചേട്ടാ.. സാഹിത്യത്തിലെ സ്ത്രീ രത്‌നങ്ങളെ കുറിച്ചുള്ള പേപ്പര്‍ പ്രസന്‍റേഷനോ അതോ സംസ്ഥാന ബജറ്റോ...?

സാമൂഹ്യമാധ്യമങ്ങളിലെ സൂപ്പര്‍സ്റ്റാറായ ധനമന്ത്രി തോമസ് ഐസകിന്‍റെ ബജറ്റ് പ്രസംഗം കേട്ട് ഒരു ഫെയ്സ്ബുക്ക് സ്ത്രീരത്നം ആലോചിച്ചത് ഇങ്ങനെയാണ്. 

കെടുതികളില്‍ നിന്ന് തീരദേശം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നുള്ള  പ്രതീക്ഷ പങ്കുവയ്ക്കാന്‍ ധനമന്ത്രി സുഗതകുമാരിയെ കൂട്ടുപിടിച്ചു. 'കടലമ്മ തന്‍ മാറില്‍ കളിച്ചു വളര്‍ന്നവര്‍, കരുത്തര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും,ഞങ്ങള്‍'. കെടുതികളെ തീരദേശം അതിജീവിക്കുമെന്നുറപ്പുണ്ടെന്നും തോമസ് ഐസക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

തീരദേശത്തെ സ്ത്രീകളുടെ പോരാട്ടത്തെ കുറിക്കാന്‍ സാറാ ജോസഫിന്‍റെ വലക്കാര്‍ നോവലിലെ വരികളെ കടമെടുത്ത തോമസ് ഐസക് പിന്നീട് നേര പോയത് സ്നേഹ എന്‍.പിയുടെ കൊച്ചുകവിതയിലേക്കാണ്. അടുക്കളെയെക്കുറിച്ചുള്ള ലാബ് എന്ന കവിത. നല്ല ഭക്ഷണത്തെക്കുറിച്ച് പറയാന്‍ പി.വത്സലയെയും, അഗതികളെക്കുറിച്ച് പരാമര്‍ശിക്കാന്‍ ലളിതാംബിക അന്തര്‍ജനത്തെയും എല്ലാവര്‍ക്കും വീടെന്ന സ്വപ്നത്തെ കുറിച്ച് പറയാന്‍ സാറാ ജോസഫിനെയും തോമസ് ഐസക് ബജറ്റിലേക്ക് ക്ഷണിച്ചിരുത്തി. 

ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ട ഉദ്ധരണികള്‍ എല്ലാം ശ്രദ്ധേയരായ എഴുത്തുകാരികളുടെതായിരുന്നു. ഇന്ദുമേനോന്‍, സാവിത്രി രാജീവന്‍, വിജയലക്ഷ്മി, കെ.ആര്‍ മീര, ബിലു.സി.നാരായണന്‍, ഡോണ മയൂര, ധന്യ.എം.ഡി, വിധു വിന്‍സന്‍റ്, കെ.എ. ബീന, സിസ്റ്റര്‍. മേരി ബനീഞ്ഞ, രാജലക്ഷ്മി, സുശീല ഗോപാലന്‍, ബാലാമണിയമ്മ എന്നിങ്ങനെ നീളുന്നു ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ട സാഹിത്യകാരികള്‍.  സ്വന്തം വ്യക്തിത്വവും അന്തസും സ്ഥാപിച്ചുകിട്ടാനുള്ള സ്ത്രീകളുടെ പടയോട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്നും തോമസ് ഐസക് വ്യക്തമാക്കി.