ബീറ്റ്റൂട്ട് എന്നാൽ പ്രകൃതിയുടെ പോഷക കലവറ!

   

Last Updated : Jul 2, 2018, 04:43 PM IST
ബീറ്റ്റൂട്ട് എന്നാൽ പ്രകൃതിയുടെ പോഷക കലവറ!

ബീറ്റ്റൂട്ട് എന്നാൽ പ്രകൃതിയുടെ പോഷക കലവറ തന്നെയാണ്. ശരീരത്തിലെ ഏതൊരാവയവം എടുത്താലും ബീറ്റ്റൂട്ട് കഴിക്കുന്നത് അവയ്ക്കു ഗുണമാണ്. ശരീരത്തിന് കരുത്ത് പകരുന്നതിനൊപ്പം രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. 

ബീറ്റ്റൂട്ട് നമ്മെ ആകർഷിക്കുന്നതിന്‍റെ മുഖ്യ കാരണം അതിന്‍റെ കടുത്ത നിറമാണ് എന്നതില്‍ സംശയമില്ല. ബീറ്റലിൻ എന്നു വിളിക്കപ്പെടുന്ന പ്രകൃതിദത്തമായ പിഗ്‌മെന്റ് ആണ് ബീറ്റ്റൂട്ടിന്‍റെ കടുത്ത നിറത്തിനു പിന്നിൽ. ഇത് കഴിക്കുന്നവര്‍ ഉണ്ടെങ്കിലും ഇതിന്‍റെ ഉപയോഗം കൃത്യമായി ആര്‍ക്കും അറിയില്ല.

എല്ലുകള്‍ക്ക് കരുത്ത് പകരുന്ന അയോഡിന്‍, മിനറല്‍സ്, മഗ്നീഷ്യം എന്നിവ ബീറ്റുറൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കരുത്ത് പകരുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഈ പച്ചക്കറിയില്‍ അടങ്ങിയിട്ടുണ്ട്. അമിത വണ്ണം കുറയുന്നതിനും ബീറ്റുറൂട്ടില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയും. കൂടാതെ ദഹന പ്രക്രീയ വേഗത്തിലാക്കാനും വയറിന്‍റെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും ബീറ്റ്റൂട്ട് കേമനാണ്. ബീറ്റ്റൂട്ടിന്‍റെ ജ്യൂസ് കഴിക്കുന്നതു വഴി രക്തസമ്മർദം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. 

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ ധരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്‌റൂട്ടില്‍. വിറ്റാമിന്‍ ബി ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മറവിരോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.

മാത്രമല്ല നിങ്ങളുടെ കരൾ, വൃക്കകൾ എന്നിവ നന്നായി പ്രവർത്തിക്കാനും നല്ല ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീറ്റി റിപ്പോർട്ട് ചെയ്തത് ബീറ്റ്റൂട്ട്‌ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്സിഡന്റ് സമ്മർദം കുറയ്ക്കുന്നതിനും കാരണമാകുന്നു. ചുവപ്പുരക്താണുക്കളിൽ കാണപ്പെടുന്ന തന്മാത്രയാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിനാണ്‌ രക്തത്തിന്‌ ചുവപ്പുനിറം നൽകുന്നത്. രക്തകോശങ്ങളിൽ കാണുന്ന ഈ ഹീമോഗ്ലോബിൻ തന്മാത്രകളാണ് ശരീരത്തിന് വേണ്ട ഓക്സിജനെത്തിക്കുന്നത്. ബീറ്റ്‌റൂട്ട് അയേണിന്‍റെ മികച്ച സ്രോതസ്സാണ്‌. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് കഴിക്കുന്നത്‌ വിളര്‍ച്ചയെ തടയുന്നു. 

അതുപോലെ ഇത് മെറ്റബോളിസം ഉയര്‍ത്തുകയും ശരീരത്തില്‍ പവ്വര്‍ഫുള്‍ ആയ ആന്റിഓക്‌സിഡന്റുകള്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്യുന്നു. മെറ്റബോളിസം ഉയരുന്നതുവഴി അമിത വണ്ണം ഒഴിവാക്കാനും സാധിക്കും. പോളിഫിനോള്‍സും ബീറ്റെയ്‌നും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ചെറുക്കാനും പല രോഗാവസ്ഥകളെയും തരണം ചെയ്യാനും സഹായിക്കുന്നു.

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഔഷധമെന്ന നിലയിൽ രോഗികൾക്ക് ആശ്രയിക്കാവുന്ന ഒരു കിഴങ്ങാണ് ബീറ്റ്റൂട്ട് എന്നും നമുക്ക് പറയാം. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ സയാനിന്, കാൻസർ കോശങ്ങളുടെ വളർച്ച സാവധാനത്തിലാക്കാൻ സഹായിക്കുന്നു.

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യം വര്‍ധിപ്പിക്കുവാനും ബീറ്റ്റൂട്ട് സൂപ്പര്‍ ആണ്.  ചർമസംരക്ഷണത്തിന്‌ അത്യാവശ്യമായ വളരെയധികം പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, മുഖത്തെ മറ്റു പാടുകൾ എന്നിവ മാറ്റാൻ ബീറ്റ്റൂട്ട് അത്യുത്തമമാണ്.  ബീറ്റ്റൂട്ടിന്‍റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുമുള്ള ചർമത്തിന്‌ വളരെ ഫലപ്രദമാണ്.

ബീറ്റ്റൂട്ടിന്‍റെ എൻസൈം സ്വഭാവം താരൻ കുറയ്ക്കുകയും താരൻ ഉണ്ടാക്കുന്ന ബാക്ടീരിയകൾ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള സിലിക്ക മുടിക്ക് മൃദുത്വവും തിളക്കവും നൽകുന്നു. ഉറങ്ങാൻപോകുന്നതിനു മുമ്പ് നിങ്ങളുടെ ചുണ്ടുകളിൽ ബീറ്റ്റൂട്ട് ജ്യൂസ് തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടുകയാണെങ്കിൽ ചുണ്ടിലെ പാടുകൾ മാറി ചുണ്ടുകൾ ഇളംനിറമായി മാറും. ഇങ്ങനെ ഒരുപാട് ഗുണഗണങ്ങളുടെ കലവറയാണ് ബീറ്റ്റൂട്ട്.

Trending News