close
This ad will auto close in 10 seconds


കോളറ - ചില മുന്‍കരുതലുകള്‍

Last Updated: Tuesday, August 8, 2017 - 16:05
കോളറ - ചില മുന്‍കരുതലുകള്‍

ആരോഗ്യകേരളം ശുചിത്വവും ആരോഗ്യബോധവല്‍ക്കരണവും വഴി പടിക്കുപുറത്താക്കിയ കോളറ വീണ്ടും കേരളത്തില്‍. സംസ്ഥാനത്തെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളിലാണ് കോളറ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോളറ കണ്ടെത്തിയത് ആരോഗ്യവകുപ്പ് വളരെ ഗൗരവമേറിയ ഒന്നായിത്തന്നെയാണ് കാണുന്നത്. 

സംസ്ഥാനത്ത് കോളറ കണ്ടെത്തിയത് ആരോഗ്യവകുപ്പ് വളരെ ഗൗരവമേറിയ ഒന്നായിത്തന്നെയാണ് കാണുന്നത്.

ഈ രോഗത്തെപ്പറ്റിയും, രോഗലക്ഷണത്തെപ്പറ്റിയും, രോഗം പിടിപെടാതിരിക്കാനുള്ള   മുന്‍കരുതലുകളെപ്പറ്റിയും ചുവടെ വിവരിക്കുന്നു.

എന്താണ് കോളറ? 

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് ഈ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന ജലം, ആഹാരം എന്നിവയിലൂടെയാണ്‌ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു. ഈ വിഷവസ്തുവാണ്‌ വയറിളക്കത്തിന്‌ കാരണമാകുന്നത്. 

മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകൾക്ക് വെള്ളത്തിൽ വളരെയധികം സമയം ജീവിക്കുന്നതിന്‌ കഴിവുള്ളതിനാൽ ഇത്തരം രോഗം വളരെവേഗം പകരാൻ ഇടയാകുന്നു. 

ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരു വ്യക്തിയെയും  മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.

കോളറ ലക്ഷണങ്ങള്‍:

* കഞ്ഞിവെള്ളം പോലെയുള്ള മലം രോഗി വളരെ വലിയ അളവിൽ വിസർജിച്ചുകൊണ്ടിരിക്കും

* തുടര്‍ച്ചയായ ഓക്കാനവും ഛര്‍ദ്ദിയും

* കടുത്ത നിര്‍ജലീകരണം

* കുട്ടികളില്‍ ബോധക്ഷയവും ഉണ്ടാവാം

* മൂലകങ്ങളുടെ ക്രമാതീതമായ നഷ്‌ടം

* ശരീരത്തിലെ ഷുഗര്‍ നില മാറുന്നതു മൂലമുണ്ടാകാവുന്ന പലവിധ പ്രശ്‌നങ്ങള്‍

* നിര്‍ജലീകരണം മൂലം വൃക്ക തകരാറിനുള്ള സാധ്യത

കോളറ പിടിപെടാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍‍:

* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

* പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ വൃത്തിയായി കഴുകി ഉപയോഗിക്കുക

* തണുത്ത ഭക്ഷണം കഴിവതും ഒഴിവാക്കുക. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ തിളച്ച വെള്ളത്തില്‍ കഴുകുക. 

* ആഹാരസാധനങ്ങള്‍ അടച്ചു വയ്ക്കുക

* കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, മലവിസര്‍ജനത്തിന്‌ ശേഷം കൈകള്‍ സോപ്പിട്ട്‌ ധാരാളം വെള്ളം കൊണ്ട്‌   കഴുകി വൃത്തിയാക്കുക. ചെറിയ കുട്ടികള്‍ക്ക്‌ മലവിസര്‍ജനത്തിന്‌ ശേഷം വൃത്തിയാക്കിക്കൊടുത്ത മുതിര്‍ന്നവരും ഇത്‌  കൃത്യമായി പിന്‍തുടരുക.

* കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക

* മഴ പെയ്‌ത്‌ ചുറ്റുപാടുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കുക. അഴുക്കുചാലുകളില്‍ നിന്നുമുള്ള വെള്ളം   കുടിവെള്ളസ്രോതസ്സുകള്‍ നശിപ്പിക്കുന്നില്ലെന്ന്‌ ഉറപ്പ്‌ വരുത്തുക.

* പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക

* വയറിളക്ക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യ സഹായം തേടുക

* കോളറ സ്‌ഥിരീകരിച്ചു കഴിഞ്ഞാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വിവരമറിയിക്കുക. അംഗനവാടി   ടീച്ചര്‍, ആശ വര്‍ക്കര്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്‌ടര്‍ വരെ എല്ലാവര്‍ക്കും   ഈ വിവരം അറിയാനും, വേണ്ട നടപടികള്‍ സ്വീകരിക്കുവാനുമുള്ള ഉത്തരവാദിത്വം ഉണ്ട്. First Published: Tuesday, August 8, 2017 - 16:05
comments powered by Disqus