ദീപാവലിയ്ക്ക് ഇത്തിരി മധുരം സ്വന്തം കൈകൊണ്ടുണ്ടാക്കിയാലോ?

Last Updated : Oct 17, 2017, 06:32 PM IST
ദീപാവലിയ്ക്ക് ഇത്തിരി മധുരം സ്വന്തം കൈകൊണ്ടുണ്ടാക്കിയാലോ?

ദീപങ്ങളുടെ ഉത്സവമായ ദീപാവലി വന്നെത്തിക്കഴിഞ്ഞു. എങ്ങും മനോഹരമായ ദീപാലങ്കാരങ്ങള്‍. വിപണിയില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ഇക്കുറി ഇത്തിരി മധുരം സ്വന്തമായി ഉണ്ടാക്കിയാലോ?

എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില വിഭവങ്ങള്‍ പരിചയപ്പെടുത്താം

1. ലഡ്ഡു
ചേര്‍ക്കേണ്ടവ
 
കടലമാവ് - 500 ഗ്രാം
പഞ്ചസാര- 250 ഗ്രാം
നെയ്യ്- ആവശ്യത്തിന്
ഏലക്കാപ്പൊടി, മഞ്ഞ നിറം - ആവശ്യത്തിന്
 
ഉണ്ടാക്കേണ്ടവിധം:
 
കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക. ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണാപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം. പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.

2. ബര്‍ഫി

ചേരുവകള്‍:

പാല്‍ - 1 ലിറ്റര്‍
പഞ്ചസാര - 1/4 കപ്പ്
ഏലയ്ക്കാ - 3 എണ്ണം
വിസ്റ്റ - 20 ഗ്രാം
ബദാം - 20 ഗ്രാം

പാചകം ചെയ്യേണ്ട വിധം:

പാല്‍ തിളപ്പിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കുക. പഞ്ചസാര ചേര്‍ക്കുക. ഏലയ്ക്കാ, പിസ്റ്റാ, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേര്‍ക്കുക. ട്രോയിലൊഴിച്ച് തണുപ്പിക്കുക. കഷണങ്ങളാക്കി മുറിക്കുക.

3. ജിലേബി

ആവശ്യമുള്ള സാധനങ്ങള്‍

ഉഴുന്ന് -1 കപ്പ്‌

പഞ്ചസാര - 3 കപ്പ്‌

വെള്ളം - 3/4 കപ്പ്‌

ഏലക്ക പൊടിച്ചത് - 1 ടി സ്പൂണ്‍

പനിനീര് - 1 ടി സ്പൂണ്‍

നാരങ്ങാ നീര്

മഞ്ഞ കളർ - അല്പം

തയ്യാറാക്കുന്ന വിധം

ഉഴുന്ന് 2 മണിക്കൂർ കുതിർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക .

ഒരു പാത്രത്തിൽ പഞ്ചസാര എടുത്തു വെള്ളം ഒഴിച്ച് പാനി തയ്യാറാക്കുക . വിരലുകൾ തമ്മിൽ ചെറുതായി ഒട്ടുന്നത് ആകണം പാകം .

ഇതിലേക്ക് ഏലക്കയും പനിനീരും നാരങ്ങാ നീരും ചേർത്ത് ഇളക്കുക. കളർ ചേര്ക്കുന്നു എങ്കിൽ അതും ഈ സമയത്ത് പാനിയിൽ ചേർക്കുക .

ഒരു പരന്ന പാനിൽ, നെയ്യ് / ഡാല്ട / റിഫൈൻഡ ഓയിൽ ഇതിൽ ഏതെങ്കിലും ഒഴിച്ച് ചൂടാകുമ്പോൾ ( അധികം ചൂട് പാടില്ല ) ഒരു പ്ലാസ്റ്റിക്‌ കവറിന്റെ താഴത്തെ അറ്റത് ചെറിയ ദ്വാരമിട്ട് എടുത്തിട്ട്, അതിലേക്കു മാവ് ഒഴിച്ച് എണ്ണയിൽ ചുറ്റി ഒഴിക്കുക .

നന്നായി വറുത്തെടുത്തിട്ടു നേരെ പഞ്ചസാര പാനിയിലേക്ക് ഇട്ടു കുറച്ചു സമയത്തേക്ക് തവി കൊണ്ട് നന്നായി മുക്കി പിടിക്കുക . ഇനി പാനിയിൽ നിന്ന് മാറ്റി വയ്ക്കുക . ജിലേബി തയ്യാർ.

4. കാജു കറ്റ്ലി

ചേരുവകള്‍

അണ്ടിപ്പരിപ്പ് - ഒരു കപ്പ്
പഞ്ചസാര - അരക്കപ്പ്
വെള്ളം - കാല്‍ക്കപ്പ്
നെയ്യ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം
അണ്ടിപ്പരിപ്പ് നന്നായി കഴുകിയുണക്കി, മിക്‌സിയില്‍ പൊടിക്കുക. അരഞ്ഞു പോകാതെ ശ്രദ്ധിക്കുക. കൂടുതല്‍ സമയമെടുത്താല്‍ എണ്ണമയം വന്ന്, ഷുഗര്‍ സിറപ്പിലിടുമ്പോള്‍ കട്ടപിടിക്കും. 

വെള്ളവും പഞ്ചസാരയും ഒരു പാനിലിട്ട് തീ കുറച്ചുവച്ച് വേവിക്കുക. പഞ്ചസാര ഉരുകി നല്ല കട്ടിയുള്ള സിറപ്പ് ആകുന്നതുവരെ തിളപ്പിക്കുക. തീ കുറച്ച്, അണ്ടിപ്പരിപ്പുപൊടി ഇടുക. 

വേണമെങ്കില്‍ ഏലക്കപ്പൊടിയും ചേര്‍ക്കാം. മിശ്രിതം കട്ടിയായി, പാനിന്റെ വശങ്ങളില്‍ നിന്നും വിട്ടു പോരാന്‍ തുടങ്ങുന്നതു വരെ 5- 6 മിനിറ്റ് ഇളക്കുക. കുറച്ച് തണുക്കാന്‍ അനുവദിക്കുക. 

ശേഷം ചൂട് മുഴുവനായും ആറുന്നതിനു മുമ്പ് നെയ്യ് പുരട്ടിയ സ്റ്റീല്‍ പ്ലേറ്റില്‍ വെച്ച് കൈയില്‍ അല്‍പ്പം നെയ്യ് പുരട്ടി കുഴയ്ക്കുക. അരയിഞ്ചു കനം വരുന്ന രീതിയില്‍ വട്ടത്തില്‍ പരത്തുക. 

ഡയമണ്ട് ആകൃതിയില്‍ ചെറിയ കഷ്ണങ്ങളായി മുറിച്ച് തണുക്കാന്‍ വയ്ക്കുക. ഇത് ഫ്രിഡ്ജില്‍ ഒരു മാസത്തോളവും പുറത്ത് അഞ്ചാറു ദിവസം വരെയും കേടുകൂടാതെയിരിക്കും. 

Trending News