തൈരിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങള്‍!!

    

Updated: Mar 14, 2018, 04:15 PM IST
തൈരിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങള്‍!!

വെറുതെ കഴിക്കാനും ഭക്ഷണത്തോടൊപ്പം കഴിക്കാനും എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് തൈര്. തൈര് കഴിക്കുന്നത്‌ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. 

തൈര് കഴിക്കുന്നതിന് മുമ്പ് അതിന്‍റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയണ്ടേ...

തൈരില്‍ നിന്നും ലഭിക്കുന്ന കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്തുകയും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

മാത്രമല്ല, ഒരല്‍പം തൈരില്‍ പോട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്‌ലാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്.

പാല് കുടിക്കുന്നത് ചിലര്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.  എന്നാല്‍ ഇത്തരം പ്രശ്നം ഉള്ളവര്‍ക്ക് പോലും തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ തൈര് ദഹിക്കുന്നുവെന്നതാണ്‌.

മാത്രമല്ല, മനുഷ്യ  ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ സഹായകമാണ്.

തൈര് ചര്‍മ്മത്തിനും നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രവുമല്ല തൈര് ഫേസ്പാക്ക് ആയും ഉപയോഗിക്കാവുന്നതാണ്.

യോനിയില്‍ ഉണ്ടാവാറുള്ള യീസ്റ്റ് അണുബാധ ഒരു പരിധിവരെ  കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുന്നുണ്ട്.  മാത്രമല്ല, തൈരില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാണ്.

ഇതൊന്നുമല്ല തൈര് കഴിക്കുന്നതുകൊണ്ട് ഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കും.

ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും തൈര് നല്ലതാണ്

മൂന്ന് ടേബിൾസ്പൂൺ വീതം തൈരും കടലമാവും ഒരു ബൗളിലെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേനൊഴിച്ച് നന്നായി ചേർക്കുക.  ഈ പേസ്റ്റ് മുഖത്ത് തേച്ച്പിടിപ്പിച്ച് 20 മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. വരണ്ട ചർമത്തിന് ഈ ഫേസ് പാക്ക് മികച്ചതാണ്.

നാല് ടേബിൾസ്പൂൺ തൈരും രണ്ട് ടേബിൾസ്പൂൺ ഓറഞ്ച്തൊലിയുടെ പൗഡറും നന്നായി ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച് ഉണങ്ങിയതിന് ശേഷം കഴുകുക. ചർമത്തിലെ മെലാനിൻ അളവിനെ നിയന്ത്രിക്കുന്നതാണ് തൈര് ഓറഞ്ച് മിശ്രിതം നല്ലതാണ്. 

മൂന്ന് ടേബിൾസ്പൂൺ തൈരും രണ്ട് ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയും നന്നായി ചേര്‍ക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് ചേർക്കുക. ഈ പാക്ക് മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകാം. ചർമത്തിലെ മൃതകോശങ്ങളെയും, അധികമുള്ള എണ്ണമയവും മാറ്റി വൃത്തിയാക്കാൻ ഈ പാക്ക് ഉത്തമം.

തൈരില്‍ കുറച്ച് മഞ്ഞള്‍പ്പൊടിയും, കടലമാവും, കുറച്ച് നാരങ്ങാ നീരും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചിട്ട്‌ 15 മിനിറ്റ് മുഖത്ത് തേച്ചുപിടിപ്പിക്കുക.  നിറം കൂട്ടാന്‍ ഈ പായ്ക്ക് ഉത്തമമാണ്.