വെയിലേറ്റ് വാടല്ലേ

ചെറിയ ചില മുന്‍കരുതലുകള്‍ എടുത്താല്‍ വേനല്‍ക്കാലത്തെ ചൂടിനെ കൂളായി നേരിടാം

Updated: Apr 4, 2018, 04:08 PM IST
വെയിലേറ്റ് വാടല്ലേ

വേനല്‍ക്കാലമായാല്‍ പുറത്തിറങ്ങാന്‍ മടിയാണ് പലര്‍ക്കും. ചുട്ടുപൊള്ളുന്ന ചൂട് തന്നെയാണ് എല്ലാവരുടെയും പ്രശ്നം. എന്നാല്‍ പുറത്തേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കാനും കഴിയില്ല. ചെറിയ ചില മുന്‍കരുതലുകള്‍ എടുത്താല്‍ വേനല്‍ക്കാലത്തെ ചൂടിനെ കൂളായി നേരിടാം. 

ഒരല്‍പം പ്ലാനിംഗ്: 
ചൂടുകാലത്ത് രാവിലെ പത്തുമണിക്കും ഉച്ച തിരിഞ്ഞ് മൂന്നു മണിക്കും ഇടയിലുള്ള വെയിൽ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഷോപ്പിംഗ് വൈകുന്നേരത്തേക്ക് മാറ്റി വയ്ക്കാം. മറ്റ് യാത്രകള്‍ കഴിവതും നേരത്തെയാക്കാന്‍ ശ്രമിക്കാം. ഒന്നു ശ്രദ്ധിച്ചാല്‍ കനത്ത ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ കഴിയും

കരുതാം ഒരു കുപ്പി വെള്ളം:
പുറത്തേക്കിറങ്ങുമ്പോള്‍ ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുന്നത് വളരെ നല്ലതാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. റോഡ് സൈഡില്‍ കാണുന്ന ശീതള പാനീയങ്ങളേക്കാള്‍ എന്തുകൊണ്ടും ശുദ്ധജലം തന്നെയാണ് മികച്ചത്. 

വെയിലിലും ചൂടാന്‍ കുടകള്‍: 
മഴക്കാലത്ത് മാത്രമല്ല വേനലിലും നമ്മുടെ ബാഗില്‍ ഉറപ്പായും കരുതേണ്ട ഒന്നാണ് കുടകള്‍. വെയിലത്ത് പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കാം. ബാഗില്‍ മടക്കി സൂക്ഷിക്കാവുന്ന തരത്തിലുള്ള നിരവധി കുടകള്‍ വിപണിയില്‍ ലഭ്യമാണ്. 

സണ്‍സ്ക്രീന്‍ ലോഷന്‍ ഒഴിവാക്കല്ലേ: 
വെയിലു കൊണ്ട് ചര്‍മ്മം കരുവാളിക്കുന്നത് വേനല്‍ക്കാലത്ത് സാധാരണമാണ്. ഇതൊഴിവാക്കാന്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കാം. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്കും എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ വ്യത്യസ്ത സണ്‍സ്ക്രീന്‍ ലോഷനുകള്‍ ലഭ്യമാണ്. സ്വന്തം ചര്‍മ്മത്തിന്‍റെ സ്വഭാവം അനുസരിച്ച് അനുയോജ്യമായത് തെരഞ്ഞെടുക്കാം. 

കൂളിംഗ് ഗ്ലാസ് സ്റ്റൈല്‍ മാത്രമല്ല: 
സ്റ്റൈലിന് മാത്രമല്ല കൂളിംഗ് ഗ്ലാസ്. വേനല്‍ക്കാലത്ത് കണ്ണിന്‍റെ സംരക്ഷണത്തിന് കൂളിംഗ് ഗ്ലാസ് മികച്ചൊരു സംരക്ഷണ കവചമാണ്. വെയിലേറ്റ് കണ്ണുകള്‍ ക്ഷീണിക്കാതിരിക്കാനും സൂര്യപ്രകാശം നേരിട്ട് കണ്ണില്‍ അടിക്കുന്നത് ഒഴിവാക്കാനും കൂളിംഗ് ഗ്ലാസ് സഹായിക്കും. 

കോട്ടണ്‍ കൂള്‍: 
വേനല്‍ക്കാലത്ത് സിന്തറ്റിക് മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കാം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് സൗകര്യപ്രദം. ജീന്‍സിനേക്കാള്‍ പലാസോ ഇട്ടൊന്നു പുറത്തിറങ്ങി നോക്കൂ. വെയിലിലും കൂളായി കറങ്ങി നടക്കാം. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close