പേടിക്കേണ്ട; ഡാര്‍ക്ക് ചോക്ലേറ്റ് ഉപദ്രവകാരിയല്ല!

വെറുമൊരു മിഠായി മാത്രമല്ല ചോക്ലേറ്റ് എന്നും അതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

Updated: Sep 14, 2018, 01:13 PM IST
പേടിക്കേണ്ട; ഡാര്‍ക്ക് ചോക്ലേറ്റ് ഉപദ്രവകാരിയല്ല!

ചോക്ലേറ്റിന്‍റെ മധുരം നുണയാന്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളുടെ വരവ് പ്രതീക്ഷയോടെ കാത്തിരുന്നതൊക്കെ പഴങ്കഥ. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് വിവിധയിനം ചോക്ലേറ്റുകള്‍ ഇന്ന് വിപണിയില്‍ സുലഭമായിട്ടുണ്ട്.

ഡാര്‍ക്കും മില്‍ക്കും എന്നുവേണ്ട ഏതുതരം ചോക്ലേറ്റ് വേണമെങ്കിലും യഥേഷ്ടം നമ്മള്‍ക്കിന്ന് തിരഞ്ഞെടുക്കാം. ഏത് തിരഞ്ഞെടുക്കണമെന്ന പ്രയാസം മാത്രം. 

എന്നാല്‍, വെറുമൊരു മിഠായി മാത്രമല്ല ചോക്ലേറ്റ് എന്നും അതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പലര്‍ക്കുമറിയില്ല.  കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്‌ലേറ്റ് ആന്‍റിഓക്സിഡന്‍റുകളുടെ കലവറ ആണ്.

ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളെവനോയിഡുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായകമാകുമെന്നാണ് ഈയിടെ നടന്ന ചില പഠനങ്ങളിലൂടെ വ്യക്തമാകുന്നത്.

70 മുതൽ 85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്‌ലേറ്റ് ബാറിൽ നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, മാംഗനീസ് ഇവയുണ്ട്. 600 കലോറി അടങ്ങിയ ഇതിൽ പഞ്ചസാരയും ഉള്ളതിനാൽ മിതമായ അളവിൽ ചോക്‌ലേറ്റ് കഴിക്കുന്നത് ഏറെ ഗുണകരമാണ്. 

പോളിഫിനോളുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മർദം കുറയ്ക്കാൻ ഡാർക്ക് ചോക്‌ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കും. ഡാർക്ക് ചോക്‌ലേറ്റിൽ കാണുന്ന ഫ്ലേവനോളുകൾ രക്തസമ്മർദം കുറച്ച് ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തപ്രവാഹം കൂട്ടി ഹൃദയാരോഗ്യമേകുകയും ചെയ്യുന്നു.

രക്തക്കുഴലുകളുടെ കട്ടി കുറയാൻ സഹായിക്കുന്ന തിയോബ്രോമിൻ എന്ന ആല്‌‍ക്കലോയ്ഡ് ഡാർക്ക് ചോക്‌ലേറ്റിൽ ധാരാളമുണ്ട്. മനസിനെ ശാന്തമാക്കാനും ഉണർവേകാനും ഇവ സഹായിക്കുന്നു.

ഡാർക്ക് ചോക്‌ലേറ്റിൽ ഓർഗാനിക് സംയുക്തങ്ങൾ ധാരാളമുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

നാരുകളും ധാതുക്കളും ഡാർക്ക് ചോക്‌ലേറ്റിലുണ്ട്. ഒലേയിക് ആസിഡ്, സ്റ്റിയറിക് ആസിഡ്, പാമിറ്റിക് ആസിഡ് ഇവയും ഡാർക്ക് ചോക്‌ലേറ്റിലുണ്ട്.

കൂടാതെ, ഡാർക്ക് ചോക്‌ലേറ്റിലടങ്ങിയ ഫ്ലേവനോളുകൾ ചർമത്തെ സംരക്ഷിക്കുന്നു. തലച്ചോറിന്‍റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ഡാർക്ക് ചോക്‌ലേറ്റ് സഹായിക്കുന്നു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close