മണ്‍കുടത്തിലെ വെള്ളം ശരീരത്തിനും മനസിനും ഒരുപോലെ

    

Updated: Mar 13, 2018, 01:44 PM IST
മണ്‍കുടത്തിലെ വെള്ളം ശരീരത്തിനും മനസിനും ഒരുപോലെ

വേനല്‍ കാലമായാല്‍ തണുത്ത വെള്ളം അത്യാവശ്യമാണ്. എന്നാല്‍, തണുത്ത വെള്ളത്തിനായി ഫ്രിഡ്ജുകളെ ആശ്രയിക്കുകയാണ് പലരുടെയും ശീലം. പ്രകൃതിദത്തമായി  വെള്ളം തണുപ്പിക്കാന്‍ കഴിയുന്ന മണ്‍കുടങ്ങള്‍ ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം പ്രധാനം ചെയ്യുമെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്.

ചിലവുകുറഞ്ഞതും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ മണ്‍കുടങ്ങളില്‍ വെള്ളത്തിന്‍റെ തണുപ്പ് ഏറ്റവും നൈസര്‍ഗികവും പ്രകൃത്യാലുളളതുമാണ്. മണ്‍കുടത്തില്‍  അടങ്ങിയിരിക്കുന്ന ധാതുക്കളും ലവണങ്ങളും വെള്ളത്തിലേക്ക് ചേരുകയും മനുഷ്യശരീരത്തിന് ആവശ്യമുള്ള പല മൂലകങ്ങളും ഇതില്‍ നിന്നും ലഭിക്കുകയും ചെയ്യുന്നു.  

കളിമണ്ണ്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഭക്ഷണത്തിലെ ആസിഡിന്‍റെ അംശത്തെ കുറക്കാന്‍ സഹായിക്കുകയും ആസിഡ് ഘടകങ്ങളെ വലിച്ചെടുത്ത് ആല്‍ക്കലിയാക്കി മാറ്റുകയും ചെയ്യുന്നു. മനുഷ്യശരീരത്തിന് ഹാനികരമായ ബിപിഎ എന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക്ക് ബോട്ടിലുകളെക്കാള്‍ എന്തുകൊണ്ടും ഗുണകരവും ആരോഗ്യത്തിന് നല്ലതുമാണ് മണ്‍കുടത്തിലെ വെള്ളം.  

മണ്‍കുടങ്ങളുടെ പ്രത്യേകത എന്ന് പറയുന്നത് വെള്ളം തണുപ്പുള്ളതായി നിലനിര്‍ത്തുന്നു എന്നതാണ്. മണ്‍കുടത്തിലെ വെള്ളം തൊണ്ടവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും വിലയിരുത്തുന്നു.