കരിക്കിന്‍ വെള്ളത്തിനോട് അനുരാഗം വരാന്‍ ഇത്രയും കാരണങ്ങള്‍ മതി!

Updated: Aug 22, 2017, 03:32 PM IST
കരിക്കിന്‍ വെള്ളത്തിനോട് അനുരാഗം വരാന്‍ ഇത്രയും കാരണങ്ങള്‍ മതി!

മലയാളികളുടെ ഗൃഹാതുരതകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കരിക്കിന്‍ വെള്ളം. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പണ്ട് സുലഭമായി കിട്ടിയിരുന്ന കരിക്ക് ഇപ്പോള്‍ റോഡരികിലും വഴിയോരങ്ങളിലും വില്‍പ്പനയ്ക്ക് കൂടി എത്തിയിരിക്കുന്നു. ഇന്നത്തെ കാലത്ത് വിശ്വസിച്ചു കുടിക്കാന്‍ മാത്രമല്ല, വേനല്‍ക്കാലത്ത് ശരീരത്തിന്‍റെ ചൂട് കുറയ്ക്കാനും ക്ഷീണം കുറയ്ക്കാനും മികച്ച ഒരു ദാഹശമനി കൂടിയാണ് കരിക്ക്. കരിക്കിന്റെ ചില പ്രധാനഗുണങ്ങള്‍ നമുക്ക് നോക്കാം.

ആരോഗ്യകരമായ പാനീയം

ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണ് കരിക്ക് അഥവാ ഇളനീര്‍. ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ട നിരവധി പോഷകഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അന്നജം, പഞ്ചസാരകൾ, ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, ജീവകങ്ങള്‍ തുടങ്ങി നിരവധി പോഷകഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഹൃദയത്തെ കാക്കും കരിക്ക്

കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്ത ആഹാരമാണ് കരിക്കിന്‍വെള്ളം. ഇതുകൂടാതെ ഹൃദയാരോഗ്യത്തിനു നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യുന്നു.

പ്രായം കുറയ്ക്കാം

ദിനവും ഇളനീര്‍ കഴിക്കുന്നവര്‍ക്ക് അത്ര പെട്ടെന്ന് പ്രായം കൂടില്ല. ഇതില്‍ അടങ്ങിയ സൈറ്റോകിനിന്‍ ആണ് പ്രായം കുറച്ച് സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്നത്.

അകറ്റാം, ഹാങ്ങോവര്‍!

രാവിലെതന്നെ എഴുന്നേല്‍ക്കുമ്പോള്‍ മൂഡ്‌ ഔട്ടായ പോലെ തോന്നുന്നുണ്ടോ? എങ്കില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്, ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലനം വഴി മാനസികാവസ്ഥ നല്ലതാക്കി മാറ്റും.

ഭാരം കുറയ്ക്കാം

കുറഞ്ഞ കലോറിയുള്ളതായതിനാല്‍ ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. എളുപ്പത്തില്‍  ദഹനത്തിന് സഹായിക്കുന്ന ബയോ ആക്ടീവ് എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

തലവേദനയ്ക്ക് നല്ല മരുന്ന്

മൈഗ്രെയിന്‍ പോലെയുള്ള വേദനകള്‍ കുറയ്ക്കുന്നതിന് നല്ല മരുന്നാണ് കരിക്ക്. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് തലവേദന ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. 

രക്തത്തിലെ പഞ്ചസാര ക്രമീകരിക്കുന്നു

അമിനോ ആസിഡുകളും ഡയറ്ററി ഫൈബറുകളും നിറയെ അടങ്ങിയതിനാല്‍ ബ്ലഡ് ഷുഗര്‍ ക്രമീകരിക്കാന്‍ ഏറെ നല്ലതാണ് കരിക്ക്. ഷുഗര്‍ മാത്രമല്ല, പ്രഷറും ക്രമീകരിക്കാന്‍ നല്ലതാണ് കരിക്ക്