ഇന്ത്യന്‍ യുവ സമൂഹത്തെ പിടിമുറുക്കി ഹൃദ്രോഗം

യുവജനങ്ങള്‍ക്ക് ഭീഷണിയായി ഹൃദ്രോഗം മാറിക്കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. 

Last Updated : Oct 25, 2018, 05:58 PM IST
ഇന്ത്യന്‍ യുവ സമൂഹത്തെ പിടിമുറുക്കി ഹൃദ്രോഗം

യുവജനങ്ങള്‍ക്ക് ഭീഷണിയായി ഹൃദ്രോഗം മാറിക്കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. 

മുന്‍പ് 70-80 വയസുള്ളവര്‍ ഹൃദ്രോഗത്തിന്‍റെ പിടിയിലമരുമ്പോള്‍ അതിന് വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് കഥ മാറി. എന്നാല്‍ ഇന്ന്, 30നും 40നുമിടക്ക് പ്രായമുള്ള കൊറോണറി ആര്‍ട്ടറി ഡിസീസ് (സിഎഡി) പശ്ചാത്തലമുള്ള രോഗികള്‍ ഏറെയാണ്‌.

മനുഷ്യ ശരീരത്തില്‍ ഒരു സെക്കന്‍ഡ് പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അവയവമാണ് ഹൃദയം. സിരകളിലൂടെ ഹൃദയത്തിലെത്തുന്ന ഓക്‌സിജന്‍ കുറഞ്ഞ രക്തത്തെ ശ്വാസകോശത്തിലെത്തിച്ച് ഓക്‌സിജന്‍ സമ്പുഷ്ടമാക്കി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സുപ്രധാന ദൗത്യമുള്ള മനുഷ്യ അവയവമാണ് ഹൃദയം. കഠിനാധ്വാനിയായ ഹൃദയത്തിനേല്‍ക്കുന്ന ചെറിയ പോറല്‍ പോലും മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍വരെ കാരണമാവാം.

നില്‍ക്കാതെ മിടിച്ച് കൊണ്ടിരിക്കുന്ന ഹൃദയത്തിന് വളരെയേറെ കാര്യങ്ങളുണ്ട് മനുഷ്യ ശരീരത്തില്‍ ചെയ്ത് തീര്‍ക്കാന്‍. പക്ഷെ നിര്‍ഭാഗ്യമെന്നോണം ലോകത്ത് സംഭവിക്കുന്ന മനുഷ്യ മരണങ്ങളില്‍ ഒന്നാമതെത്തി നില്‍ക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഹൃദയ സുരക്ഷയ്ക്കായുള്ള ബോധവത്കരണവും മുന്നറിയിപ്പുമായി സെപ്തംബര്‍ 29-ന് ലോക ഹൃദയ ദിനം ആചരിച്ച് വരുന്നത്.

ഹൃദ്രോഗത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നത് ജീവിത ശൈലിതന്നെയാണ്. കൂടാതെ, പ്രായം, അമിതവണ്ണം, ഉയര്‍ന്ന രക്ത സമ്മര്‍ദം, അമിതമായ കൊളസ്‌ട്രോള്‍ അളവുകള്‍, പുകവലി, പ്രമേഹം, സമ്മര്‍ദം എന്നിവയും ഹൃദയാഘാതത്തിന് കാരണമാവാറുണ്ട്. 

ഒരു കാലത്ത് 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് ഹൃദയാഘാതം കണ്ട് വന്നിരുന്നതെങ്കില്‍ ഇന്നത് പതിനെട്ട് വയസ്സിന് താഴെയുള്ളവരില്‍ പോലും കണ്ട് വരുന്നു. നാല്‍പത് വയസ്സിനോടടുപ്പിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്, എന്നിവ പരിശോധിക്കേണ്ടതാണ്.

പുകവലി പൂര്‍ണമായി വര്‍ജിച്ച് കൊണ്ട് ഹൃദയത്തെ സ്‌നേഹിക്കണമെന്നാണ് ഈ ഹൃദയ ദിനത്തിലെ മറ്റൊരു സന്ദേശം. ചെറുപ്പക്കാരില്‍ ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാന കാരണവും പുകവലി തന്നെ. പുകവലിക്ക് ഇന്ത്യക്ക് ഏഴാം സ്ഥാനമാണുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. 2025 ആകുന്നതോടെ ലോകത്ത് പുകവലിക്കുന്നവരുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്.

കൂടാതെ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സമയാസമയങ്ങളില്‍ ഹൃദയ പരിശോധനകള്‍ നടത്തേണ്ടതും അനിവാര്യമാണ്. 

“ലോകത്തിൽ ഏറ്റവും മനോഹര വസ്തുക്കൾ കാണാനോ തൊടാനോ കഴിയില്ല- അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയണം” ഹെലൻ കെല്ലർ പറഞ്ഞ വാക്യമാണിത്. ഹൃദയം കൊണ്ട് അനുഭവിച്ചറിയാന്‍ ഹൃദയത്തെ കാത്തു സംരക്ഷിക്കാം...

 

 

Trending News