വയറ്റിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ തക്കാളിനീര്

PTI | Updated: Oct 2, 2017, 05:01 PM IST
വയറ്റിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ തക്കാളിനീര്

വയറിനുള്ളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാന്‍ തക്കാളിനീരിനാവുമെന്ന് പഠനം. ഇറ്റലിയിലെ മെര്‍ക്കോഗ്ലിയാനോ ഓങ്കോളജി റിസര്‍ച്ച് സെന്‍ററിലെ ഗവേഷരാണ് ഈ പഠനം നടത്തിയത്. പഠനത്തിൽ ഗാസ്ട്രിക് കാൻസർ കോശങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് തക്കാളി നീരിന് ഉണ്ടെന്നു തെളിഞ്ഞു.

തക്കാളിയില്‍ ലൈകോപിന്‍ എന്ന രാസസംയുക്തമുണ്ട്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ്. ഈ രാസവസ്തുവാണ് കാന്‍സറിന്റെ ശത്രുവായി ഇതുവരെ കരുതിയിരുന്നത്. ഈ ലൈകോപിന്‍ തന്നെയാണ് തക്കാളിപ്പഴത്തിന് ചുവപ്പു നിറം നല്‍കുന്നതും. പഴുത്തു ചുവന്ന തക്കാളി കഴിക്കുക. പച്ച തക്കാളിയിലോ മഞ്ഞ തക്കാളിയിലോ ലൈകോപിന്‍ ഇല്ല. സാമ്പാറില്‍ പച്ച തക്കാളി ഇടുന്നതുമൂലം നാം ഉദ്ദേശിക്കുന്ന ഫലസിദ്ധിയുണ്ടാവില്ല.
ലൈകോപിന്‍ തക്കാളിപ്പഴത്തില്‍ മാത്രമല്ല തണ്ണിമത്തന്‍, കറുത്ത മുന്തിരിങ്ങ എന്നിവയിലും കാണുന്നു. എന്നാല്‍, തക്കാളിപ്പഴത്തിലാണ് ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നത്. അർബുദത്തെ തടയാനുള്ള കഴിവ് ലൈക്കോപിന് മാത്രമല്ല എന്നും തക്കാളി മുഴുവനോടെ ഫലപ്രദമാണെന്നും ഗവേഷകനായ ഡാനിയേല ബാരോൺ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ വർഷവും 72300 പേരാണ് ആമശയ അർബുദം ബാധിച്ചു മരിക്കുന്നത്. ലോകത്ത് സർവസാധാരണമായ അര്‍ബുദങ്ങളിൽ നാലാമത്തെതാണ് ആമാശയ അർബുദം. നെഞ്ചെരിച്ചിൽ, ദഹനക്കേട്, ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക. മുതലായവയാണ് ഇതിന്റെ ആദ്യലക്ഷണങ്ങൾ.
ജനിതക കാരണങ്ങൾ, ഭക്ഷണശീലം, ഉപ്പ് കൂടിയ ഭക്ഷണം, ഹെലിക്കേ ബാക്ടർ ഐലോറി ഇൻഫക്ഷൻ ഇവയും രോഗകാരണമാകാം. 55 വയസു കഴിഞ്ഞവർക്കാണ് രോഗസാധ്യത കൂടുതൽ, സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർക്കാണ് ഈ രോഗം ബാധിക്കുന്നതായി കാണുന്നത്.

അർബുദ കോശങ്ങളുടെ വളര്‍ച്ചയും അവ പെരുകുന്നതും തടയാൻ തക്കാളിക്കു കഴിയുമെന്നു പഠനത്തിൽ തെളിഞ്ഞു. സാൻമാർസാനോ, കോർബാറിനോ എന്നീ ഇനം തക്കാളി സത്തുകളാണ് പഠനത്തിനുപയോഗിച്ചത്.
തക്കാളി ലോകമെമ്പാടും ഭക്ഷണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മെഡിറ്ററേനിയൻ ഭക്ഷണരീതിയിലെ ഒരു പ്രധാന ഘടകവും തക്കാളിയാണ്. ആമാശയ അർബുദം തടയാൻ തക്കാളി ഫലപ്രദം എന്ന് തെളിയിച്ച ഈ പഠനം ജേണൽ ഓഫ് സെല്ലുലാർ ബയോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.തക്കാളിപ്പഴമോ തക്കാളി സോസോ സ്ഥിരമായി കഴിക്കുന്നവരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ 30 ശതമാനം കണ്ട് കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇറ്റലിയില്‍ മറ്റൊരു പരീക്ഷണം നടത്തിയതില്‍ ഒരാഴ്ചയില്‍ ഏഴോ അതിലധികമോ തക്കാളി കഴിച്ചിരുന്നവരില്‍ 30 - 60 ശതമാനം ദഹനേന്ദ്രിയ കാന്‍സര്‍ കുറവായി കണ്ടെത്തിയിരുന്നു