ലോക മുലയൂട്ടൽ വാരം 2017 : ആശങ്കകള്‍ അകറ്റി പരിപാലിക്കാം കുരുന്നിനെ

Updated: Aug 4, 2017, 01:56 PM IST
ലോക മുലയൂട്ടൽ വാരം 2017 : ആശങ്കകള്‍ അകറ്റി പരിപാലിക്കാം കുരുന്നിനെ

കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്‍റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്‍റെ ഭാഗമായി ലോകമെമ്പാടുമുള്ള അമ്മമാരെയും കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ്‌ ലോക മുലയൂട്ടൽ വാരം ആഘോഷിക്കുന്നത്. 

ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര ശിശുക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെ ആഗസ്റ്റ്‌ ഒന്ന് മുതൽ ഏഴ് വരെയുള്ള വാരമാണ് മുലയൂട്ടൽ പ്രവർത്തനങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുൾപ്പെടെ 170 രാഷ്ട്രങ്ങള്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി മുന്‍നിരയിലുണ്ട്.

മുലപ്പാൽ കുഞ്ഞിന്‍റെ അവകാശമാണ്. ശാരീരിക വളര്‍ച്ചയ്ക്കും രോഗപ്രതിരോധ ശേഷിക്കും വേണ്ട ഘടകങ്ങൾ മുലപ്പാലിൽ നിന്നും കുഞ്ഞിന് ലഭിക്കുന്നു. മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞിന് രോഗങ്ങളും കുറവായിരിക്കും. 

ഒരു നവജാതശിശുവിന്‍റെ പരിപോഷണത്തിനും കുഞ്ഞിന് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കാനുമുള്ള സ്വാഭാവികമായ വഴിയാണ് മുലയൂട്ടൽ. അമ്മയുടെ മുലപ്പാലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും വിറ്റാമിനുകളും മറ്റുള്ള പോഷകങ്ങളുമായി ഒരിക്കലും താരതമ്യം ചെയ്യാനാവില്ല.

അതുകൊണ്ടുതന്നെ ശിശുക്കൾക്ക് പ്രകൃതി നൽകുന്ന സമ്പൂർണ ആഹാരമാണ് അമ്മയുടെ മുലപ്പാൽ. പ്രസവശേഷം അരമണിക്കൂറിനുള്ളിൽത്തന്നെ ശിശുവിനെ മുലയൂട്ടി തുടങ്ങണം. കുഞ്ഞിന് ആവശ്യമുള്ള വിറ്റാമിൻ-എ, മാംസ്യം എന്നിവയും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്.

എപ്പോൾ വരെ മുലയൂട്ടാം?

ആറ് മാസം വരെ അമ്മയുടെ മുലപ്പാൽ മാത്രമേ ശിശുവിന് ആവശ്യമുള്ളു. മുലയൂട്ടുമ്പോൾ, കുഞ്ഞിന്‍റെ മൂക്ക് മൂടിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിനെ രണ്ടു മുലകളും മാറ്റി മാറ്റി കുടിപ്പിക്കുകയാണ് വേണ്ടത്. സമയ ക്ലിപ്തത ഒന്നും നോക്കാതെ ആവശ്യമുള്ളപ്പോഴേല്ലാം കുഞ്ഞിനെ മുലയൂട്ടണം. ആദ്യ ആറു മാസം വരെ മുലയൂട്ടല്‍ നിര്‍ബന്ധമാണെങ്കിലും എത്രകാലം കഴിയുമോ, അത്രയും നാൾ മുലയുട്ടുന്നത് നല്ലതാണ്. മുലക്കുപ്പി ഉപയോഗിച്ച് പാൽ കൊടുക്കാതിരിക്കുകയാണ് നല്ലത്. ആവശ്യമായി വരുമ്പോൾ കപ്പോ, കരണ്ടിയോ ഉപയോഗിക്കുക.

മുലയൂട്ടൽ; അമ്മയ്ക്കും ആരോഗ്യകരം

മുലയൂട്ടുന്ന അമ്മയ്ക്ക് ഹൃദ്രോഗം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്‍റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ മുലയൂട്ടുന്ന അമ്മമാരില്‍ പത്ത് ശതമാനം പേര്‍ക്കും ഹൃദ്രോഗവും പക്ഷാഘാതവും കുറഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചു. 

ഗർഭധാരണത്തിനുശേഷം അമ്മയുടെ ഉപാപചയ പ്രവർത്തനങ്ങളെ പഴയപടി ആക്കാൻ മുലയൂട്ടൽ സഹായിക്കും. നിരവധി ആരോഗ്യ ഗുണങ്ങളും ഇതുമൂലമുണ്ട്.

കുഞ്ഞിന്‍റെ വളർച്ചയ്ക്കാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യാനായി കൊഴുപ്പ് ശേഖരിച്ചു വയ്ക്കുന്നതിനാൽ ഗർഭിണിയാകുമ്പോൾ ഒരു സ്ത്രീയുടെ ഉപാപചയ പ്രവർത്തനങ്ങൾക്ക് മാറ്റം വരുന്നു. മുലയൂട്ടൽ ഈ കൊഴുപ്പിനെ വേഗത്തിലും പൂർണമായും ഇല്ലാതാക്കുന്നു. 

പ്രസവശേഷം ശരീരഭാരം കുറയുക, കൊളസ്ട്രോൾ, രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് എന്നിവ കുറയ്ക്കുക തുടങ്ങി ഹ്രസ്വകാലത്തേക്കുള്ള ആരോഗ്യ ഗുണങ്ങൾ മുലയൂട്ടലിനുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ദീർഘകാലത്തേക്ക് അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ ആരോഗ്യമേകുമെന്നതിനാൽ മുലയൂട്ടലിന്‍റെ ഗുണങ്ങൾ വ്യാപകമായി പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്.