10 വയസുകാരനെ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിച്ചു

200 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

Updated: Sep 14, 2018, 06:49 PM IST
10 വയസുകാരനെ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിച്ചു

കൊല്‍ക്കത്ത: മോഷണ കുറ്റം ആരോപിച്ച് 10 വയസുകാരനെ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിച്ചു. 200 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മൊബൈലില്‍ പകര്‍ത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്. 

ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ അന്തര്‍ദ്വിപ് ഗ്രാമത്തിലെ സോഫികുല്‍ ഇസ്ലാം എന്ന കടയുടമയും സുഹൃത്തുക്കളും ചേര്‍ന്നാണ് ബാലനെ മര്‍ദിച്ചത്. തലകീഴായി തൂക്കിയും വടികള്‍ ഉപയോഗിച്ച് അടിച്ചും ഇടിച്ചുമാണ് ഇവര്‍ കുട്ടിയെ ഉപദ്രവിച്ചത്. 

കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതും ഫേസ്ബുക്ക് പേജിലൂടെ പങ്ക് വെച്ചതും സോഫികുല്‍ തന്നെയാണ്. വീഡിയോ വൈറലായതോടെ ഇത് നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്യിക്കുകയും ചെയ്തു.

 സോഫികുലും സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുട്ടിയ്ക്കെതിരായ മോഷണ ആരോപണത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. 

തന്‍റെ മകന്‍ തെറ്റ് ചെയ്യില്ലെന്നും അവനെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്നും കുട്ടിയുടെ പിതാവ് സന്‍വാര്‍ ഷെയ്ഖ് പറഞ്ഞു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. 
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close