സൂറത്തിലെ പതിനൊന്നുകാരിയുടെ ബലാത്സംഗക്കൊല: പെണ്‍കുട്ടി ആന്ധ്രക്കാരിയെന്ന് സംശയം

 പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടി മാത്രമേ മൃതദേഹം വിട്ടുനല്‍കാന്‍ കഴിയൂ.

Last Updated : Apr 18, 2018, 11:41 AM IST
സൂറത്തിലെ പതിനൊന്നുകാരിയുടെ ബലാത്സംഗക്കൊല: പെണ്‍കുട്ടി ആന്ധ്രക്കാരിയെന്ന് സംശയം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ പതിനൊന്നു വയസുകാരി ആന്ധ്രാ സ്വദേശിയാണെന്ന് സൂചന. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ തിരിച്ചറിഞ്ഞതായി ഗുജറാത്ത് പൊലീസ് പറഞ്ഞു. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ വിവരം സ്ഥിരീകരിക്കുകയുള്ളൂ. 

പെണ്‍കുട്ടിയെ 2017ലാണ് കാണാതായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭ്യമായിരുന്നില്ല. സൂറത്തില്‍ പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതിനെത്തുടര്‍ന്ന് കാണാതായ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് ഗുജറാത്ത് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണമാണ് ആന്ധ്രയിലെത്തിച്ചത്. 

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സൂറത്തില്‍ എത്തിയിട്ടുണ്ട്. പ്രാഥമികമായി ഇവര്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടി മാത്രമേ മൃതദേഹം വിട്ടുനല്‍കാന്‍ കഴിയൂ. ആന്ധ്രയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി സൂറത്തില്‍ എത്തിയത് എങ്ങനെയെന്നതും അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. 

സൂറത്തിലെ പണ്ഡേശര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എട്ടു ദിവസം കൂട്ട ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏപ്രില്‍ ആറിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്വകാര്യ ഭാഗങ്ങളിലുള്‍പ്പടെ 86 മുറിവുകള്‍ ഉണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 

Trending News