ഗുജറാത്ത് കലാപം: മോദിയ്ക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

ഗുജറാത്ത് വംശഹത്യാ കേസില്‍ മോദിയെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍

Last Updated : Nov 19, 2018, 11:26 AM IST
ഗുജറാത്ത് കലാപം: മോദിയ്ക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ മതേതരത്വത്തിന് ഏല്‍പ്പിക്കപ്പെട്ട തീരാ കളങ്കമായ ഗുജറാത്ത് കലാപത്തിൽ, നരേന്ദ്ര മോദിയ്ക്കും മറ്റ് രാഷ്ട്രീയനേതാക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുൻ എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്കിയ ഹര്‍ജിയാണ് ഇന്ന്പരിഗണിക്കുക. 

കലാപകാലത്ത് ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന നരേന്ദ്ര മോദിക്ക് ക്ളീൻ ചിറ്റ് നൽകിയ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എഎം ഖാൻവിൽകർ അദ്ധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്ഐടി റിപ്പോർട്ട് ശരിവച്ച 2017ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സാക്കിയ ജാഫ്രിയുടെ ഹർജി. അക്രമങ്ങളില്‍ ഗൂഢാലോചന നടത്തിയതിന് മോദിക്കെതിരെ തെളിവില്ലന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് ഗുജറാത്ത് ഹൈക്കോടതി ശരിവച്ചിരുന്നു. 

കലാപകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് വര്‍ഗീയ കലാപത്തില്‍ നേരിട്ട് പങ്കുണ്ടെന്നായിരുന്നു സാക്കിയ ജാഫ്രിയുടെ ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, മോദിക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. ഇത് ചോദ്യം ചെയ്തുള്ള സാക്കിയ ജാഫ്രിയുടെ ഹര്‍ജി കഴിഞ്ഞവര്‍ഷം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2002-ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച വര്‍ഗീയ കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. മുസ്ലിം വിഭാഗക്കാരെ ലക്ഷ്യം വച്ച്  നടത്തിയ കലാപത്തില്‍ 1,044 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ആകെ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു. കൂടാതെ, കലാപത്തില്‍ 2000 അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. 

കണക്ക് പ്രകാരം 223 പേരെ കാണാതാവുകയും, 2500 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കൂടാതെ, നിരവധി സ്‌ത്രീകളാണ്‌ കലാപത്തിന്‍റെ മറവില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. ഇതുകൂടാതെ, നിരവധി വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. നിരവധി വീടുകള്‍ നശിപ്പിക്കുകയും ആളുകള്‍ കൂട്ടപലായനം നടത്തുകയുമുണ്ടായി.

അതേസമയം, കലാപം നിയന്ത്രിക്കാന്‍ ആവശ്യമായ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയില്ല എന്ന ആക്ഷേപവും മോദി സര്‍ക്കാരിന് നേരെ ഉയര്‍ന്നിരുന്നു. 

 

Trending News