സ്കൂള്‍ ഫീസ് അടച്ചില്ല; 59 പിഞ്ചുകുട്ടികളെ ബേസ്മെന്‍റില്‍ പൂട്ടിയിട്ടു

Updated: Jul 11, 2018, 03:21 PM IST
സ്കൂള്‍ ഫീസ് അടച്ചില്ല; 59 പിഞ്ചുകുട്ടികളെ ബേസ്മെന്‍റില്‍ പൂട്ടിയിട്ടു

ന്യൂഡല്‍ഹി: തലസ്ഥാനത്തുനിന്നുമാണ് മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത‍ പുറത്തു വന്നിരിക്കുന്നത്. 

നിശ്ചിത സമയത്തിനുള്ളില്‍ ഫീസ് കൊടുത്തില്ലെന്ന് ആരോപിച്ച് 59 പിഞ്ചു കുട്ടികളെ ബേസ്മെന്‍റില്‍ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത. ഡല്‍ഹിയിലെ റാബിയ ഗേള്‍സ് സ്‌കൂളിലെ 16 പെണ്‍കുട്ടികളെയാണ് അധികൃതര്‍ തുടര്‍ച്ചയായ അഞ്ച് മണിക്കൂര്‍ പൂട്ടിയിട്ടത്.

രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടര വരെ സ്‌കൂളിലെ ബേസ്മെന്‍റില്‍ വിദ്യാര്‍ഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. രക്ഷിതാക്കള്‍ എത്തിയതിനു ശേഷമാണ് കുട്ടികളെ പുറത്തിറക്കിയത്. പൊള്ളുന്ന ചൂടില്‍ യാതൊരു ദയയുമില്ലാതെയാണ് വിദ്യാര്‍ത്ഥികളെ നിര്‍ത്തിയതെന്നും, പലരും ക്ഷീണവും വിശപ്പും ദാഹവും കൊണ്ട് കരയുകയായിരുന്നെന്നും അവര്‍ പറഞ്ഞു. 

ഫീസ് അടക്കാത്തതിന്‍റെ പേരില്‍ ചെറിയ കുട്ടികളെ എങ്ങിനെ ശിക്ഷിക്കാന്‍ സാധിക്കുമെന്ന് രക്ഷിതാക്കള്‍ ചോദിച്ചു. കൂടാതെ കുട്ടികളില്‍ ചിലരുടെ ഫീസ് അടച്ചിരുന്നതാണെന്നും, ഫീസ് അടച്ചതിന്‍റെ രസീത് കാണിച്ചിട്ടും പ്രിന്‍സിപ്പല്‍ മാപ്പ് പറയാന്‍ തയാറായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

രക്ഷിതാക്കളുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ജോലിക്കാരെ ചോദ്യം ചെയ്യുകയുണ്ടായി. ബേസ്മെന്‍റില്‍ പൂട്ടിയിടപ്പെട്ട കുട്ടികള്‍ വെറും നാലും അഞ്ചും വയസ്സ് പ്രായമുള്ളവര്‍ മാത്രമാണെന്നത് സംഭവത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നു.  

റാബിയ ഗേള്‍സ് സ്‌കൂള്‍ പ്രശക്തമായ ഹംദര്‍ദ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. മാസം 2,500 മുതല്‍ 2,900 വരെയാണ് ഈ പിഞ്ചുകുട്ടികള്‍ ഫീസായി നല്‍കുന്നത്.