കുംഭമേളയിൽ കാണാതായ ശശി തരൂരിന്‍റെ "സഹോദരൻ" കാമറൂണില്‍!!

എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെ ജയില്‍ ജീവിതത്തിന്‍റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവന്ന ഐ.പി.എസ് ഓഫീസര്‍ ഡി. രൂപയുടെ ട്വിറ്റര്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

Last Updated : Nov 15, 2018, 05:02 PM IST
കുംഭമേളയിൽ കാണാതായ ശശി തരൂരിന്‍റെ "സഹോദരൻ" കാമറൂണില്‍!!

ന്യൂഡല്‍ഹി: എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെ ജയില്‍ ജീവിതത്തിന്‍റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവന്ന ഐ.പി.എസ് ഓഫീസര്‍ ഡി. രൂപയുടെ ട്വിറ്റര്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

ഒരു കാമറൂണ്‍ സ്വദേശി ആ രാജ്യത്തെ രാഷ്ട്രീയ നേതാവിനെ വിമര്‍ശിക്കുന്നതാണ് പശ്ചാത്തലം. വീഡിയോയിലെ വിഷയം എന്തുമാകട്ടെ, അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനവും അദ്ദേഹത്തിന്‍റെ ഉച്ചാരണവുമാണ് ഇവിടെ ശ്രദ്ധാകേന്ദ്രം. 

ഈ വീഡിയോ പോസ്റ്റ്‌ ചെയ്ത ഡി. രൂപ "ശശി തരൂരിന് ഒരു എതിരാളിയുണ്ടാവാം എന്ന് ഒരിക്കലും ചിന്തിച്ചില്ല" എന്നാണ് കമന്‍റ് ചെയ്തത്. രണ്ടുഭാഗമായാണ്‌ അവര്‍ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ധാരാളം കമന്‍റുകളും ലഭിച്ചു ഈ വീഡിയോകള്‍ക്ക്.

കോണ്‍ഗ്രസ്‌ നേതാവും എംപിയുമായ ശശി തരൂരിന്‍റെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനവും ഉച്ചാരണവും നമുക്കെല്ലാം സുപരിചിതമാണ്. ഒത്തിരിയേറെ വിമര്‍ശനങ്ങളും പ്രശംസയും ഏറ്റുവാങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ ഭാഷാജ്ഞാനം.  

എന്നാല്‍, ആം ആദ്മി പാര്‍ട്ടി നേതാവും ഹിന്ദി കവിയുമായ കുമാര്‍ വിശ്വാസ് വീഡിയോയ്ക്ക് കമന്‍റ് നല്‍കുന്നതില്‍ എല്ലാവരെയും കടത്തിവെട്ടി. സ്വതസിദ്ധമായ കവിതാ ശൈലിയിലാണ് അദ്ദേഹം എഴുതിയത്. 

"കുംഭമേളയിൽ കാണാതായി, കാമറൂണില്‍ എത്തിച്ചേര്‍ന്ന, ശശി തരൂരിന്‍റെ 'സഹോദരനെ' ഒടുവില്‍ കണ്ടു കിട്ടിയിരിക്കുന്നു... അഭിനന്ദനങ്ങൾ!!!" ഇതായിരുന്നു അദ്ദേഹം നല്‍കിയ കമന്‍റ്.

എന്നാല്‍ ശശി തരൂരും വിട്ടില്ല. ഹിന്ദി കവിയ്ക്ക്, ഹിന്ദി ഭാഷയില്‍തന്നെ കെങ്കേമന്‍ മറുപടിതന്നെ തരൂരും നല്‍കി. കുറയ്ക്കാന്‍ പാടില്ലല്ലോ...

"നിറം, ഭാഷ, ഉച്ചാരണം എന്നിവയിലുള്ള ചെറിയ വ്യത്യാസം മാത്രം, വാസ്തവത്തിൽ ഈ ലോകം ഒരു കുടുംബമാണ്, നമ്മള്‍ എല്ലാവരും സഹോദരരും" അദ്ദേഹം കുറിച്ചു. 

തീര്‍ന്നില്ല, രാഷ്ട്രീയ നേതാക്കളുടെ വാഗ്വാദത്തില്‍ അല്പം രാഷ്ട്രീയം കൂടി ചേര്‍ന്നില്ലെങ്കില്‍ പിന്നെന്ത്? "ഒരേ ഭാഷയില്‍ സംസാരിക്കുന്നതു കൊണ്ട് ഒരാള്‍ 'സഹോദരന്‍' ആയിത്തീരുമെങ്കില്‍ ഇതിലും 'വലിയ കാര്യം'  മറ്റൊന്നില്ല. ആവട്ടെ, ഇനി (AAP)  'താങ്കളുടെ' ഭാഷയില്‍ സംസാരിക്കാം, ഇപ്പോള്‍ നമ്മള്‍ അങ്ങിനെയായിത്തീര്‍ന്നില്ലേ?? 

എന്തായാലും, ശശി തരൂരിന്‍റെ ദ്വയാര്‍ത്ഥപ്രയോഗം, അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനത്തോടൊപ്പം ഹിന്ദി പരിജ്ഞാനം കൂടി വെളിപ്പെടുത്തി. 

 

 

Trending News