ആരുഷി വധക്കേസ്: മാതാപിതാക്കള്‍ കുറ്റവിമുക്തര്‍

ആരുഷി കൊലപാതകക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലയെന്ന്‍ അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി.  തൽവാർ ദമ്പതികൾക്കെതിരെ മതിയായ തെളിവില്ലെന്നും ഇവര്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യം നൽകുന്നുവെന്നും കോടതി വിധിച്ചു . ജയിലില്‍ കഴിയുന്ന ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. 

Updated: Oct 12, 2017, 03:28 PM IST
ആരുഷി വധക്കേസ്: മാതാപിതാക്കള്‍ കുറ്റവിമുക്തര്‍

അലഹബാദ്: ആരുഷി കൊലപാതകക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലയെന്ന്‍ അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി.  തൽവാർ ദമ്പതികൾക്കെതിരെ മതിയായ തെളിവില്ലെന്നും ഇവര്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യം നൽകുന്നുവെന്നും കോടതി വിധിച്ചു . ജയിലില്‍ കഴിയുന്ന ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. 

2013 ലെ സി ബി ഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും, ഭാര്യ നൂപുര്‍ തല്‍വാറും ഹൈക്കോടതിയെ സമീപിച്ചത്. ആരുഷിയുടെ കൊല ഇവരല്ല ചെയ്തതെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ കണ്ടെത്തല്‍. 2013ൽ ഇരുവരെയും CBI കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗാസിയാബാദ് CBI കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. 

2008-ലാണ് 14 കാരിയായ ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും കൊല്ലപ്പെടുന്നത്. സംഭവത്തില്‍ അറസ്റ്റിലായ, ആരുഷിയുടെ മാതാപിതാക്കള്‍ക്ക് 2013 നവംബര്‍ 26-നാണ് സി.ബി.ഐ. പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ചത്. ഇത് ചോദ്യം ചെയ്താണ് ഇരുവരും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.2008 മേയിലാണ് നോയിഡയിലെ വീടിനുള്ളില്‍ ആരുഷിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാണാതായ സഹായി ഹേമരാജ് കൊലപാതകം നടത്തി മുങ്ങിയതാണെന്ന് തുടക്കത്തില്‍ പോലീസ് സംശയിച്ചിരുന്നുവെങ്കിലും അടുത്തദിവസം ഇവരുടെ വീടിന്‍റെ ടെറസില്‍നിന്ന് ഹേമരാജിന്‍റെ മൃതദേഹം കണ്ടെത്തിയതോടെയാണ് രാജേഷിലേക്കും നൂപുറിലേക്കും അന്വേഷണം നീണ്ടത്. കേസില്‍ ഉത്തര്‍പ്രദേശ് പോലീസിന്‍റെ അന്വേഷണത്തിനെതിരേ വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം യു.പി. സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിടുകയായിരുന്നു. തുടര്‍ന്ന് 2013-ലാണ് പ്രത്യേകകോടതി ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ചത്.