വ്യഭിചാരം കുറ്റകരമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

വിവാഹബന്ധത്തിന്‍റെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിന് വ്യഭിചാരം കുറ്റകൃത്യമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു‍.

Updated: Jul 11, 2018, 06:41 PM IST
വ്യഭിചാരം കുറ്റകരമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വിവാഹബന്ധത്തിന്‍റെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിന് വ്യഭിചാരം കുറ്റകൃത്യമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു‍.

വിവാഹേതര ബന്ധത്തില്‍ കുറ്റം ചുമത്തുന്നതില്‍ ലിംഗ സമത്വം ഉറപ്പാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രത്തിന്‍റെ ഈനിലപാട്. ഇന്ന്‍ നിലനില്‍ക്കുന്ന നിയമമനുസരിച്ച് ഇത്തരം കേസുകളില്‍ സ്ത്രീകളെ കുറ്റക്കാരിയാക്കാനാവില്ല. ഇതിന് വേണ്ടി ഐ.പി.സി 497ല്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇന്നും വിവാഹേതര ബന്ധ൦ സംബന്ധിച്ച കേസുകളില്‍ ബ്രിട്ടീഷ് കാലത്തുള്ള വകുപ്പുകളാണ് ചുമത്തുന്നത്. 157 വര്‍ഷം പഴക്കമുള്ള നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. 

497ാം വകുപ്പിന്‍റെ രണ്ട് വശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുകയും അത് അയാളുടെ സമ്മതമോ മൗനാനുവാദമോ ഇല്ലാതെ ആണെങ്കില്‍ ഇത് വ്യഭിചാര കുറ്റമാണെന്നും ശിക്ഷിക്കണമെന്നുമാണ് 497ാം വകുപ്പ് അനുശാസിക്കുന്നത്. അതേസമയം, അത് ബലാത്സംഗത്തിന്‍റെ പരിധിയില്‍ വരുന്നുമില്ല.

പുരുഷന്‍റെ സ്വകാര്യ സ്വത്തായി സ്ത്രീയെ കണക്കാക്കിയിരുന്ന കാലത്താണ് ഈ നിയമം നിലവില്‍ വന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസഫ് ഷൈന്‍ എന്ന വ്യക്തി ഹര്‍ജി നല്‍കിയത്.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിതര സന്നദ്ധസംഘടനയായ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി ഇപ്പോള്‍ സുപ്രിംകോടതി മുമ്പാകെയാണ്. ആ അവസരത്തിലാണ് അനുബന്ധ ഹര്‍ജികളും കോടതി പരിഗണിച്ചത്.