ശ്വാസംമുട്ടി ഡല്‍ഹി : പുകമഞ്ഞിന്‍റെ അളവില്‍ വീണ്ടും വര്‍ദ്ധന

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. കനത്ത മൂടല്‍മഞ്ഞുമൂലം കാഴ്ചദൂരം കുറഞ്ഞതിനെ തുടര്‍ന്ന് 69 ട്രെയിനുകളാണു വൈകിയോടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 22 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. എട്ടു ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Updated: Nov 13, 2017, 02:02 PM IST
ശ്വാസംമുട്ടി ഡല്‍ഹി : പുകമഞ്ഞിന്‍റെ അളവില്‍ വീണ്ടും വര്‍ദ്ധന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. കനത്ത മൂടല്‍മഞ്ഞുമൂലം കാഴ്ചദൂരം കുറഞ്ഞതിനെ തുടര്‍ന്ന് 69 ട്രെയിനുകളാണു വൈകിയോടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 22 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. എട്ടു ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

 

 

ഞായറാഴ്ച കുറഞ്ഞുനിന്ന വിഷവാതക തോത് ഇന്ന് രാവിലെ വീണ്ടും വര്‍ധിച്ചതായാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നത്. ഞായറാഴ്ച ശരാശരി 460 ആയിരുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഇന്ന് 468 ആയി ഉയര്‍ന്നു. 12.4 ഡിഗ്രി സെല്‍ഷ്യസാണു പുലര്‍ച്ചെയുള്ള താപനില. നാളെയും മറ്റന്നാളും ചെറിയതോതില്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ പെയ്താല്‍ ഇപ്പോഴത്തെ സാഹചര്യത്തിനു മാറ്റമുണ്ടാകുമെന്നാണു വിലയിരുത്തല്‍. ഒരാഴ്ചയായി അടച്ചിട്ടിരുന്ന സ്കൂളുകള്‍ ഇന്നു തുറന്നു. കുട്ടികളും അധ്യാപകരും മാസ്ക് ധരിച്ചാണ് എത്തുന്നത്. എന്നാല്‍ ഗുഡ്ഗാവിലെ സ്‌കൂളുകള്‍ ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. താപനിലയിലുണ്ടായ കുറവും അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ വര്‍ധിച്ചതും കാറ്റിന്‍റെ ഗതിയില്‍ വന്ന വ്യത്യാസവുമാണ് പുകമഞ്ഞ് ഉയരാന്‍ കാരണമായതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും കാറ്റിനൊപ്പം ഡല്‍ഹിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ മലിനവായുവും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. അതേസമയം, ഒറ്റ – ഇരട്ട അക്ക വാഹന നിയന്ത്രണത്തില്‍ നിന്ന് ഒരു വാഹനത്തെയും ഒഴിവാക്കാനാകില്ലെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അപ്പീലിനു പോകുമെന്നാണു വിവരം.