അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം ഭരണഘടനയ്‌ക്കെതിരെ: 49 ഉദ്യോഗസ്ഥ പ്രമുഖര്‍

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27നാണ് കണ്ണൂരില്‍ അമിത് ഷാ പ്രസംഗിച്ചത്.   

Updated: Nov 8, 2018, 11:08 AM IST
അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം ഭരണഘടനയ്‌ക്കെതിരെ: 49 ഉദ്യോഗസ്ഥ പ്രമുഖര്‍

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം ഭരണഘടനയ്‌ക്കെതിരെന്ന് ഉദ്യോഗസ്ഥ പ്രമുഖര്‍. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും പ്രസംഗത്തെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27നാണ് കണ്ണൂരില്‍ അമിത് ഷാ പ്രസംഗിച്ചത്. ഇതിനെതിരെയാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കം 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്‌ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍റെ പ്രസംഗം ഭരണഘടനാവിരുദ്ധമാണെന്നും അതു തിരുത്തപ്പെടാതെ പോയാല്‍ ദേശീയരാഷ്ട്രീയത്തില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാവുമെന്നും. ഈ സാഹചര്യത്തില്‍ പ്രസംഗത്തില്‍ വിശദീകരണം തേടാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഷാ നടത്തിയ പ്രസംഗം ആശങ്കപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍ അതില്‍ ഉചിതമല്ലാത്ത രണ്ടു പരാമര്‍ശങ്ങളുണ്ടെന്നും പറഞ്ഞു. നടപ്പാക്കാന്‍ കഴിയാവുന്ന ഉത്തരവുകളെ സുപ്രീംകോടതി പുറപ്പെടുവിക്കാവൂവെന്നാണ് ഒരു പരാമര്‍ശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്നും പ്രസംഗത്തില്‍ പറയുകയുണ്ടായി. പരമോന്നത നീതിപീഠത്തിന്‍റെ ഉത്തരവു നടപ്പാക്കുന്നതില്‍നിന്നു മാറി നില്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആവശ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിനെക്കൊണ്ടു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും ഭീഷണിയുണ്ടായി. 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ 1989ല്‍ വരുത്തിയ ഭേദഗതിപ്രകാരം ഭരണഘടനാതത്ത്വങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കണം. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും അവരുടെ ഭരണഘടനയില്‍ അതുള്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥാലംഘനമുണ്ടായാല്‍ ആ പാര്‍ട്ടിക്കുള്ള അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് അധികാരമുണ്ട്.

മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള, മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് നിതിന്‍ ദേശായ്, സംയുക്ത ഇന്റലിജന്‍സ് സമിതി മുന്‍ ചെയര്‍മാന്‍ ആര്‍. ഗോവിന്ദരാജന്‍, മുന്‍ ഇറ്റാലിയന്‍ അംബാസഡര്‍ കെ.പി. ഫാബിയാന്‍, തുറമുഖമന്ത്രാലയം മുന്‍ അഡീഷണല്‍ സെക്രട്ടറി എസ്.പി. അംബ്രോസ്, വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ ധനകാര്യ ഉപദേശകന്‍ എന്‍. ബാലഭാസ്‌കര്‍, കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന വാപ്പാല ബാലചന്ദ്രന്‍, പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഡി.ജി.പി.യായിരുന്ന മീര സി. ബോര്‍വങ്കര്‍, റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സോം ചതുര്‍വേദി, ഉത്തരാഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി സുര്‍ജിത് കെ. ദാസ്, സ്വീഡന്‍ മുന്‍ അംബാസഡര്‍ സുശീല്‍ ദുബെ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close