അയോധ്യയില്‍ രാമക്ഷേത്ര നിർമ്മാണം; വാര്‍ത്ത നിഷേധിച്ച് ബിജെപി നേതൃത്വം

      

Last Updated : Jul 14, 2018, 04:01 PM IST
അയോധ്യയില്‍ രാമക്ഷേത്ര നിർമ്മാണം; വാര്‍ത്ത നിഷേധിച്ച് ബിജെപി നേതൃത്വം

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി നേതൃത്വം രംഗത്ത്. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരള ശേഖര്‍ജിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും തെലങ്കാനയില്‍ നടന്ന ചടങ്ങില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഷാ പരാമര്‍ശിച്ചില്ലെന്നുമാണ് ബിജെപി നേതൃത്വം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി അദ്ധ്യക്ഷന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വിശദീകരണത്തിലുണ്ട്.

 

 

രാമക്ഷത്രം നിര്‍മിക്കാന്‍ ബിജെപി പ്രജ്ഞാബദ്ധമാണെന്നും എന്നാല്‍ കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്നുമായിരുന്നു അമിത് ഷാ പറഞ്ഞതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. 

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമാവുകയും മറ്റ് നിരവധി സാഹചര്യങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനേക്കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു ഷാ പറഞ്ഞത്. ഇതിനെയാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതെന്നും ബിജെപി ചൂണ്ടിക്കാട്ടി.

Trending News