തൂത്തുക്കുടി വെടിവെപ്പ്: മരണം 11; നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി

Last Updated : May 23, 2018, 03:10 PM IST
തൂത്തുക്കുടി വെടിവെപ്പ്: മരണം 11; നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൂത്തുക്കുടി: വേദാന്ത കമ്പനിക്കെതിരെ പ്രക്ഷോഭം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. അനൗദ്യോഗിക വിവരം അനുസരിച്ച് 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. 

വേദാന്ത സ്​റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാസങ്ങളായി തൂത്തുക്കുടിയിൽ നടത്തിവന്നിരുന്ന സമരമാണ് ഇന്ന് അക്രമ സംഭവങ്ങളിലും വെടിവെപ്പിലും കലാശിച്ചത്. പ്ലാന്‍റ്​ പ്രവര്‍ത്തിക്കുന്നതു മൂലം പ്ര​ദേശത്തെ വെള്ളം മലിനമാകുന്നുവെന്ന് ​ നാട്ടുകാരുടെ ആരോപിക്കുന്നു. ജനകീയ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ പ്ലാന്‍റിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വേദാന്ത ഗ്രൂപ്പ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് പ്ലാന്‍റിന് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിന്‍റെ ഭാഗമായി കമ്പനി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

 

ഇത് ലംഘിച്ച് ജനകീയ മാര്‍ച്ച് നടത്തിയ സമരക്കാരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിയൊരുക്കി. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധക്കാർ പൊലീസിനും വാഹനങ്ങളും നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. 

 

പൊലീസ് ക്രൂരതയെ അപലപിച്ച് വിവിധ രാഷ്ട്രീയ സാസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. സര്‍ക്കാരിന്‍റെ നടപടി ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് ഇവര്‍ ആരോപിക്കുന്നു. 

Trending News