ഇനി തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നത് എളുപ്പ൦: എസ്.പി. വൈദ്

രാഷ്‌ട്രപതി ഭരണം നിലനില്‍ക്കുമ്പോള്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ എളുപ്പമാവുമെന്ന് ജമ്മു-കശ്മീര്‍ ഡിജിപി എസ്.പി. വൈദ് അഭിപ്രായപ്പെട്ടു. 

Last Updated : Jun 21, 2018, 02:57 PM IST
ഇനി തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നത് എളുപ്പ൦: എസ്.പി. വൈദ്

ശ്രീനഗര്‍: രാഷ്‌ട്രപതി ഭരണം നിലനില്‍ക്കുമ്പോള്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ എളുപ്പമാവുമെന്ന് ജമ്മു-കശ്മീര്‍ ഡിജിപി എസ്.പി. വൈദ് അഭിപ്രായപ്പെട്ടു. 

അതേസമയം, കശ്മീരില്‍ ഭീകര്‍ക്കെതിരായ നടപടികള്‍ തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച റംസാന്‍ സമയത്ത് ഭീകരരുടെ കടന്നു കയറ്റവും ആക്രമണവും വളരെ കൂടുതലായിരുന്നു. വരും ദിവസങ്ങളില്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ വേഗത്തിലായിരിക്കുമെന്നും വൈദ് കൂട്ടിച്ചേര്‍ത്തു.

അതുകൂടാതെ അമര്‍നാഥ് യാത്രക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്ര ഉറപ്പു വരുത്തുമെന്നും യാത്രക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കശ്മീരില്‍ രാഷ്‌ട്രപതി ഭരണം നിലവില്‍ വന്നതോടെ സംസ്ഥാന തലത്തില്‍ പല മാറ്റങ്ങളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുകയാണ്. പുതിയ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഛത്തീസ്ഗഡ് കേഡറിലുള്ള ഐ.എ.എസ് ഓഫീസർ ബി.വി.ആർ. സുബ്രഹ്മണ്യത്തെ ജമ്മു-കശ്മീര്‍ ചീഫ് സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിച്ചു. 

ബി.വി.ആർ. സുബ്രഹ്മണ്യ൦ 1987 ബാച്ചിലുള്ള ഐഎഎസ് ഓഫീസര്‍ ആണ്. ഇതുവരെ ഛത്തീസ്ഗഡ് ആഭ്യന്തര വകുപ്പിന്‍റെ ചീഫ് സെക്രട്ടറിയായിരുന്ന അദ്ദേഹം 2002 മുതല്‍ 2007 വരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 

അതേസമയം, ഗവര്‍ണര്‍ സുരക്ഷാ ഏജൻസികളുമയും സേന മേധാവിയുമയും കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. 

കഴിഞ്ഞ 19ന് ബിജെപി-പിഡിപി സഖ്യം വഴി പിരിഞ്ഞതോടെ 3 വര്‍ഷത്തിനുശേഷം താഴ്‌വരയില്‍ വീണ്ടും രാഷ്‌ട്രപതി ഭരണം നിലവില്‍ വന്നിരിക്കുകയാണ്.

 

 

Trending News